തന്റെ ചെറുപ്പത്തിലെ അഹങ്കാരസ്വഭാവത്തെക്കുറിച്ച് സംസാരിക്കുകയാണ് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. തന്റെ വീട്ടില്‍ കല്ല് ചെത്താന്‍ വന്ന ആളോട് അഹങ്കാരത്തോടെ സംസാരിക്കുകയും പിന്നീട് താന്‍ ഇത്ര അഹങ്കാരിയാണോയെന്ന് സ്വയം ചിന്തിച്ചതിനെ പറ്റിയുമാണ് മൈല്‍ സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ ധ്യാന്‍ സംസാരിക്കുന്നത്.
തന്റെ അല്‍പ്പത്തരത്തെ അന്ന് തന്നെ താന്‍ സ്വയം തിരിച്ചറിഞ്ഞിരുന്നെന്നും തന്റെ ഏറ്റവും വലിയ വിമര്‍ശകന്‍ താന്‍ തന്നെയാണെന്നും ധ്യാന്‍ അഭിമുഖത്തില്‍ പറഞ്ഞു.
‘വീട്ടില്‍ കല്ല് ചെത്താന്‍ വന്ന ആള്‍ ഞാന്‍ നോക്കി നില്‍ക്കുന്നത് കണ്ടിട്ട് മോനെ കല്ല് ചെത്താന്‍ പഠിക്കണോ എന്ന് എന്നോട് ചോദിച്ചിരുന്നു. നിന്റെ വീട്ടില്‍ എ.സി ഉണ്ടോഡാ എന്നായിരുന്നു അന്ന് ഞാന്‍ തിരിച്ച് ചോദിച്ചത്. നീ ചെത്തി ചെത്തി ഈ പണി തന്നെ ചെയ്ത് നടന്നോ എന്നാണ് ഞാന്‍ ഉദേശിച്ചത്.
ഞാന്‍ ഭയങ്കര അഹങ്കാരിയായിരുന്നു ആ സമയത്ത്. പിന്നെ ഞാന്‍ റൂമില്‍ ചെന്നിട്ടാണ് ആലോചിക്കുന്നത് ഈ രീതിയില്‍ പ്രതികരിക്കണമെങ്കില്‍ ഞാന്‍ എന്തൊരു കിഴങ്ങനായിരിക്കുമെന്ന്. വേറെ ഒരു കാര്യം എന്താണെന്നാല്‍ ഞാന്‍ തന്നെയായിരുന്നു എന്റെ ഏറ്റവും വിമര്‍ശകന്‍.
എന്റെ കാര്യത്തില്‍ തന്നെ മൂന്നാമതൊരാള്‍ ഇതെല്ലാം എങ്ങനെയാണ് നോക്കികാണുക എന്ന് ഞാന്‍ ചിന്തിച്ചിരുന്നു. ഞാന്‍ എന്ത് തല്ലിപൊളിയാണ് എന്ന് എനിക്ക് തന്നെ തോന്നിയിരുന്നു.
എല്ലാ പരിപാടിക്കും മദ്യപിച്ച് കൂടെയുള്ള ആളുകളെ തമാശയായി കളിയാക്കി അലമ്പാക്കുമായിരുന്നു അതെല്ലാം ഒരു തമാശയായിരുന്നു. എന്നാല്‍ പോലും ഒരു സമയം കഴിഞ്ഞാല്‍ ഞാന്‍ തറയാണ്. മദ്യപിച്ച് കഴിഞ്ഞ് യാഥാര്‍ത്ഥ്യത്തിലേക്ക് എത്തുമ്പോള്‍ ഞാന്‍ സ്വയം വിചാരിക്കാറുണ്ടായിരുന്നു ഇന്നലെ അത്രയൊന്നും ഓവറാവേണ്ടായിരുന്നു എന്ന്’, ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.
മകള്‍ ജനിച്ചതിന് ശേഷമാണ് മദ്യപാനവും ഡ്രഗ്സും നിര്‍ത്താന്‍ തീരുമാനിച്ചതെന്നും മകള്‍ ജനിച്ച ശേഷമാണ് കുറച്ചധികം കാലം ജീവിക്കാന്‍ തോന്നിയതെന്നും നടന്‍ പറഞ്ഞു.
‘ഇപ്പോള്‍ ഷൂട്ടിനിടയില്‍ മാത്രമേ പുകവലിക്കുകയുള്ളു മകളുടെ ജനനത്തിനുശേഷമാണ് മദ്യപാനവും ഡ്രഗ്സും നിര്‍ത്താനുള്ള ഒരു തീരുമാനം ഞാന്‍ എടുത്തത്. ഇങ്ങനെ മദ്യപിച്ചു കഴിഞ്ഞാല്‍ ചത്തുപോവുമെന്നും മകളെ അധികം കാണാന്‍ കഴിയിലെന്നുമുള്ള തോന്നല്‍ വന്നു. അവളുടെ കൂടെ സമയം ചെലവഴിക്കണമെന്നും അവള്‍ വലുതാവുന്നത് കാണണമെന്നെല്ലാമുള്ള തോന്നല്‍ വന്നപ്പോള്‍ നിര്‍ത്താന്‍ തീരുമാനിച്ചു’ ,ധ്യാന്‍ പറഞ്ഞു.
Content Highlight: Actor Dhyan Sreenivasan about his arrogant Attittude