ചേച്ചി ഒരു ഫ്രെയ്മില്‍ വന്ന് നിന്നാല്‍ പിന്നെ നമ്മള്‍ തിരിഞ്ഞു നോക്കേണ്ട ആവശ്യമില്ല; ഉപ്പും മുളകിലേയും കഥാപാത്രം കണ്ടിട്ടല്ല ചേച്ചിയെ കാസ്റ്റ് ചെയ്തത്: നിഷ സാരംഗിനെ കുറിച്ച് ധ്യാന്‍
പ്രകാശന്‍ പറക്കട്ടെ എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് തിരക്കഥാകൃത്തും നടനുമായ ധ്യാന്‍ ശ്രീനിവാസന്‍. സൈജു കുറുപ്പുമൊത്തും നിഷ സാരംഗുമൊത്തുമുള്ള ഷൂട്ടിങ് അനുഭവങ്ങളായിരുന്നു ധ്യാന്‍ പറഞ്ഞത്. സിനിമാ ഡാഡിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സൈജു ഏട്ടന്റെ ഭയങ്കര രസമുള്ള ഒരുപാട് സീനുകള്‍ ചിത്രത്തിലുണ്ട്. മാത്യുവുമായുള്ള അദ്ദേഹത്തിന്റെ സീനുകളൊക്കെ ഭയങ്കര രസമായിരുന്നു. കണ്ണ് വെച്ചുള്ള കുറേ ഐറ്റം ഉണ്ടായിരുന്നു. പിന്നെ നിഷ ചേച്ചി. ചേച്ചി അടുക്കളയില്‍ പെരുമാറുന്ന രീതിയൊക്കെ ഭയങ്കര രസമായിരുന്നു. ഒന്നോ രണ്ടോ ടേക്കിലാണ് ഇതൊക്കെ പോകുന്നത്.
നിഷ ചേച്ചിയെ കാസ്റ്റ് ചെയ്യുന്നതിന് കാരണം ഉപ്പും മുളകുമാണോ എന്ന അജു വര്‍ഗീസിന്റെ ചോദ്യത്തിന് ഉപ്പും മുളകിനേക്കാളും തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ കഥാപാത്രമാണ് തന്നെ ആകര്‍ഷിച്ചതെന്നായിരുന്നു ധ്യാനിന്റെ മറുപടി.
സിനിമയില്‍ വന്ന ശേഷമുള്ള നിഷേച്ചിയെയാണ് ശ്രദ്ധിച്ചത്. ആക്ടിവിറ്റി ചെയ്തുകൊണ്ടാണ് ചേച്ചി ഡയലോഗ് പറയുന്നത്. ഡയലോഗ് പറഞ്ഞില്ലെങ്കില്‍ കൂടി ചേച്ചി മൂവ് ചെയ്യുന്നത് പോലും ഭയങ്കര ഗ്രേഷ്യസ് ആണ്.
ചേച്ചി ഒരു ഫ്രെയ്മില്‍ വന്ന് നിന്നാല്‍ പിന്നെ നമ്മള്‍ തിരിഞ്ഞു നോക്കേണ്ട ആവശ്യമില്ല. ചേച്ചി ചേച്ചിയുടെ പരിപാടിയുമായി ലൈവ് ആയിക്കോളും. പിന്നെ ബാക്ക്ഗ്രൗണ്ടില്‍ ചേച്ചി വെറുതെ നില്‍ക്കുകയാണെങ്കില്‍ പോലും ചേച്ചി റിയാക്ട് ചെയ്യും.
നമ്മള്‍ ഒരു സീനില്‍ നില്‍ക്കുകയാണെങ്കില്‍ ഡയലോഗ് ഇല്ലെങ്കില്‍ ഒന്നും ചെയ്യേണ്ടതില്ലല്ലോ എന്നോര്‍ത്ത് വെറുതെ നില്‍ക്കും. എന്നാല്‍ ഔട്ട് ഓഫ് ഫോക്കസ് ആണെങ്കില്‍ പോലും ചേച്ചി അവരുടേതായ പരിപാടി ചെയ്യും.
അതിനൊരു അഴകുണ്ട്. അതൊരു ഗ്രേസാണ്. അത് അവരുടെ വീടാണെന്നും അടുക്കളയാണെന്നും നമ്മളെ തോന്നിപ്പിക്കും. സിനിമയില്‍ മാത്യു പൈസ ചോദിക്കുന്ന സീനില്‍ ചേച്ചി കലമെടുത്ത് പിറകിലൂടെ പോകുന്ന സീനുണ്ട്. അതൊക്കെ അടിപൊളിയാണ്’, ധ്യാന്‍ പറഞ്ഞു.
നേരത്തെ ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത് സൂപ്പര്‍ഹിറ്റായി മാറിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയിലും മാത്യുവും നിഷ സാരംഗും ഒരുമിച്ചഭിനയിച്ചിരുന്നു. ചിത്രത്തില്‍ അനശ്വര രാജന്‍ അവതരിപ്പിച്ച കീര്‍ത്തി എന്ന കഥാപാത്രത്തിന്റെ അമ്മയായാണ് നിഷ എത്തിയത്.
ലൊക്കേഷനില്‍ താന്‍ വളരെ ഹാപ്പിയായിരുന്നെന്നും ഏറ്റവും നല്ല സന്തോഷമുള്ള ഒരു ലൊക്കേഷനായിരുന്നു പ്രകാശന്‍ പറക്കട്ടെയെന്നും നേരത്തെ നിഷ പറഞ്ഞിരുന്നു.
‘ഇതിലെ എന്റെ കഥാപാത്രം നല്ല സ്ട്രിക്ടായ, എപ്പോഴും പയറ് പോലെ, കുട്ടികളുടെ പിറകെ നടക്കുന്ന ഒരു അമ്മയാണ്. കുട്ടികള്‍ അത് ചെയ്തില്ല, അവനെക്കൊണ്ട് കൊള്ളില്ല എന്നൊക്കെ പറയുന്ന അമ്മയാണ്. പ്രായത്തിന്റെ പ്രശ്നമാണ്. നമ്മള്‍ ഒതുങ്ങില്ല, അവരും ഒതുങ്ങില്ല. ഈ ജനറേഷന്റെ കുഴപ്പമാണത്. എനിക്ക് തോന്നുന്നത്, അമ്മമാര്‍ ഒതുങ്ങേണ്ടിടത്ത് ഒതുങ്ങിയില്ലെങ്കില്‍ കുട്ടികള്‍ നമ്മളെ കവച്ചുവെച്ച് പോകും എന്നാണ്,” നിഷ സാരംഗ് പറഞ്ഞു.
നടന്‍ ധ്യാന്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ നവാഗതനായ ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രകാശന്‍ പറക്കട്ടെ. ദിലീഷ് പോത്തന്‍, നിഷ സാരംഗ്, മാത്യു തോമസ്, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.
Content Highlight: Actor Dhyan Sreenivasan about actress Nisha Sarang