നടന്മാരുടെ സിനിമകള്‍ പരാജയപ്പെട്ടാലും അവര്‍ തങ്ങളുടെ പ്രതിഫലം കുറക്കാറില്ലെന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. ഒരു നടന്റെ മൂന്നും നാലും സിനിമകള്‍ പരാജയപ്പെട്ടിട്ടും അദ്ദേഹം ഇപ്പോഴും കോടിക്കണക്കിന് രൂപയാണ് പ്രതിഫലം വാങ്ങുന്നതെന്നും മാര്‍ക്കറ്റ് വാല്യൂ കുറയുമ്പോഴും ആരും സാലറി കുറക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് ശേഷം സിനിമയിലേക്ക് വന്ന പലരും തന്റെ ഇരട്ടിയുടെ ഇരട്ടി പ്രതിഫലം വാങ്ങുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ ശ്രീനിവാസന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”ഇപ്പോള്‍ ഞാന്‍ തെരഞ്ഞെടുത്തല്ല സിനിമ ചെയ്യുന്നത്. ഞാന്‍ ഇപ്പോള്‍ 30, 32 സിനിമകള്‍ കമ്മിറ്റ് ചെയ്തു. എനിക്ക് എങ്ങനെ ഇത്രയും സിനിമ വരുന്നു എന്നതില്‍ എല്ലാര്‍ക്കും സംശയമുണ്ട്.
ഞാന്‍ വളരെ ലിമിറ്റഡ് ബജറ്റിലാണ് സിനിമകളെല്ലാം ചെയ്യുന്നത്. എന്നുവെച്ചാല്‍ ഇത്രയും ബജറ്റില്‍ നില്‍ക്കുന്ന സിനിമകളാണ് ചെയ്യുന്നത്. എത്ര നല്ല സിനിമയാണെന്ന് പറഞ്ഞാലും നാലു കോടിയുടെയും അഞ്ചു കോടിയുടെയും സിനിമ ഞാന്‍ ചെയ്യില്ല. കാരണം എനിക്ക് മാര്‍ക്കറ്റില്‍ എത്ര വാല്യൂ ഉണ്ടെന്ന് എനിക്ക് കൃത്യമായിട്ട് അറിയാം.
കഴിഞ്ഞ പ്രാവശ്യം ഇറങ്ങിയ എന്റെ സിനിമകളില്‍ പലതും തിയേറ്ററില്‍ പരാജയമാണ്. പക്ഷെ അതെല്ലാം വില്‍പ്പന നടന്നവയാണ്. ലാഭം കിട്ടിയ സിനിമകളാണ്. പരാജയമാണ് പക്ഷെ സിനിമ ഓടാതെ പോയിട്ടില്ല. അതെല്ലാം ചെറിയ ബജറ്റിലെ സിനിമകളാണ്.
സിനിമ ഓടില്ലെന്നൊക്കെ എന്നോട് പറഞ്ഞിട്ടും ഉണ്ട്. പക്ഷെ എനിക്ക് കുഴപ്പമില്ല. എനിക്ക് ശേഷം വന്ന പലരും എന്റെ ഇരട്ടിയുടെ ഇരട്ടി ശമ്പളം വാങ്ങുന്നുണ്ട്. അവരുടെയൊക്കെ മാര്‍ക്കറ്റ് വാല്യൂ എന്റെ അത്രയെ ഉള്ളൂ.
അതൊന്നും അംഗീകരിച്ച് കൊടുക്കരുതെന്ന് ഞാന്‍ പറയുന്നില്ല. കാരണം അവര്‍ ഡിമാന്‍ഡ് ചെയ്യുമ്പോള്‍ കൊടുക്കാന്‍ പ്രൊഡക്ഷന്‍ ഹൗസുണ്ട് ഇവിടെ. റീച്ചുള്ള മെയിന്‍ സ്ട്രീം നടന്മാര്‍ ഒഴിച്ചുള്ളവരുടെ കാര്യമാണ് ഞാന്‍ പറയുന്നത്. കാരണം അവര്‍ക്ക് ആകാം.
ചില നടന്മാര്‍ക്ക് മാത്രം ഫിക്‌സഡ് ബിസിനസുണ്ട്. അതിന്റെ താഴെയാണ് ഞാന്‍ ഉള്‍പ്പെടെയുള്ള നടന്മാര്‍. അവരെ സംബന്ധിച്ച് ഇവിടെ റിസ്‌ക്കുണ്ട്. പക്ഷെ അവരെ സംബന്ധിച്ച് വലിയ സിനിമകള്‍ ചെയ്യുക എന്നതാണ് ആഗ്രഹം.
ഒരു നടന്റെ മൂന്ന് സിനിമകള്‍ പൊട്ടി, പക്ഷെ അയാള്‍ ശമ്പളം കുറക്കുന്നില്ല. മൂന്ന് പടം പൊട്ടിയിട്ടും പ്രതിഫലം വാങ്ങുന്നത് മൂന്നര കോടി, നാലു കോടിയാണ്.
പക്ഷെ അയാളുടെ സാറ്റലൈറ്റ് വാല്യൂവിലും ഡിജിറ്റല്‍ വാല്യൂവിലും ഇടിവ് വന്നിട്ടുണ്ടാകും, അയാളുടെ പടങ്ങള്‍ ബിസിനസ് ചെയ്യാനുള്ള ബുദ്ധിമുട്ടികള്‍ വന്നിട്ടുണ്ടാകും. എന്നിട്ടും മൂന്നും നാലും പടം പൊട്ടിയിട്ടും അയാള്‍ വാങ്ങിക്കുന്ന സാലറി പഴയതു തന്നെയാവും. കാരണം ആരും കുറക്കില്ല, കൂട്ടുകയെ ഉള്ളു,” ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.
content highlight: actor dhyan sreenivasan about actors remuneration