|

സീരിയസ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുരാജേട്ടന്‍ കട്ട് പറഞ്ഞാല്‍ ഉടനെ മൈക്ക് എടുത്ത് കോമഡിയും മിമിക്രിയും ഡി.ജെയുമാണ്: ധ്രുവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സുരാജ് വെഞ്ഞാറമൂട്, പൃഥ്വിരാജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ജന ഗണ മന.

ഡിജോ ജോസ് ആന്റണിയുടെ തന്നെ ആദ്യ ചിത്രമായ ക്വീനിലൂടെ ശ്രദ്ധ നേടിയ ധ്രുവനും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജന ഗണ മനയുടെ സെറ്റിലെ വിശേഷങ്ങള്‍ പറയുകയാണ് ഇപ്പോള്‍ ധ്രുവന്‍.

സിനിമാ സെറ്റില്‍ എല്ലാവര്‍ക്കും കൊവിഡ് വന്നതിനെക്കുറിച്ചും സുരാജ് വെഞ്ഞാറമൂട് സെറ്റില്‍ ഉണ്ടാക്കുന്ന കോമഡിയെക്കുറിച്ചുമാണ് മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ധ്രുവന്‍ പറയുന്നത്.

”സെറ്റില്‍ എല്ലാവര്‍ക്കും കൊവിഡ് വന്നപ്പോള്‍ അതില്‍ നിന്ന് ഞാന്‍ രക്ഷപ്പെട്ടു.

സിനിമയില്‍ സുരാജേട്ടന്റേത് ഗംഭീര കഥാപാത്രമാണ്. അത്രയും സീരിയസ് ആയ ക്യാരക്ടറാണ്, ഞാന്‍ കണ്ടുകൊണ്ടിരിക്കുകയാണ്.

സീരിയസ് ആയി അഭിനയിച്ച് കൊണ്ടിരിക്കുമ്പോള്‍ കട്ട് എന്ന് പറഞ്ഞ് കഴിഞ്ഞാല്‍ ഉടനെ മൈക്ക് എടുത്ത് കോമഡിയും മിമിക്രിയും ഡി.ജെയുമൊക്കെയാണ്.

അവിടെ ഫുള്‍ ഓണ്‍ ആക്കുന്ന ആളാണ്. ഭയങ്കര രസമായിരുന്നു. സുരാജേട്ടന്‍ ഉണ്ടെങ്കില്‍ അവിടെ ഒരു ഓളം ആണ്. അതാണ് ഏറ്റവും ഫണ്ണിയായിട്ട് ഞങ്ങള്‍ക്ക് ഫീല്‍ ചെയ്തത്.

സുരാജേട്ടനോട് ഫണ്ണിനെക്കുറിച്ച് ചോദിച്ചിട്ട് കാര്യമില്ല. സുരാജേട്ടനാണ് ഫണ്‍ ഉണ്ടാക്കുന്ന ആള്,” ധ്രുവന്‍ പറഞ്ഞു.

ഡ്രൈവിങ് ലൈസന്‍സിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമക്കുണ്ട്.

മമ്ത മോഹന്‍ദാസ്, വിന്‍സി അലോഷ്യസ്, ശാരി എന്നിവരാണ് ജന ഗണ മനയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏപ്രില്‍ 28നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഷാരിസ് മുഹമ്മദ് ആണ് സിനിമയുടെ രചന. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. ക്യാമറ സുദീപ് ഇളമണ്‍, സംഗീതം ജേക്‌സ് ബിജോയ്.

Content Highlight: Actor Dhruvan about Suraj Venjaramoodu and Jana Gana Mana movie