2018 ല്‍ പുറത്തിറങ്ങിയ ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് ധ്രുവന്‍ എന്ന താരത്തെ മലയാള സിനിമാപ്രേക്ഷകര്‍ ശ്രദ്ധിച്ചു തുടങ്ങിയത്. വലുതും ചെറുതുമായ നിരവധി കഥാപാത്രങ്ങളെ ഇക്കാലയളവിനുള്ളില്‍ താരം അവതരിപ്പിച്ചു കഴിഞ്ഞു.
ചെറിയ വേഷങ്ങളാണെങ്കിലും അനായാസമായ അഭിനയ രീതിയിലൂടെയാണ് ധ്രുവന്‍ ശ്രദ്ധിക്കപ്പെടുന്നത്. അജിത് നായകനായ വലിമൈയിലും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യാന്‍ ധ്രുവനായി.
മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ടിലും ധ്രുവന്‍ ഒരു ചെറിയ വേഷത്തിലെത്തി. എന്നാല്‍ ആറാട്ടില്‍ താന്‍ ചെയ്യേണ്ടിയിരുന്ന കഥാപാത്രം ഇതായിരുന്നില്ലെന്ന് പറയുകയാണ് താരം. വലിയൊരു കഥാപാത്രത്തിനായിട്ടായിരുന്നു തന്നെ ആദ്യം വിളിച്ചതെന്നും എന്നാല്‍ മറ്റൊരു സിനിമയുടെ തിരക്കിലായതിനാല്‍ ആ റോള്‍ നിരസിക്കേണ്ടി വരികയായിരുന്നെന്നും താരം പറയുന്നു.
‘ആറാട്ടിലേക്ക് വലിയൊരു ക്യാരക്ടറിന് വേണ്ടിയാണ് ഉണ്ണികൃഷ്ണന്‍ സാര്‍ ആദ്യം വിളിച്ചത്. ആ സമയത്ത് അടി എന്ന സിനിമ നടക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ആ ക്യാരക്ടര്‍ ചെയ്യാന്‍ സാധിച്ചില്ല. അതിന് ശേഷം വലിമൈയുടെ ബാക്കി ഷൂട്ട് ഉണ്ടായിരുന്നു.
അത് കഴിഞ്ഞ് വന്നപ്പോള്‍ എനിക്ക് വീണ്ടും ഉണ്ണികൃഷ്ണന്‍ സാറിന്റെ ഒരു കോള്‍ കൂടി വന്നു. ചെറിയ ഒരു ക്യാരക്ടറുണ്ട് നീ ചെയ്യുമോ എന്ന് ചോദിച്ചു. ചെയ്യാമെന്ന് ഞാന്‍ പറഞ്ഞു. വലിയൊരു ടീമല്ലേ വലിയ പടവും. എന്റെ വീടിന്റെ അടുത്ത് വെച്ചാണ് ഷൂട്ടും നടക്കുന്നത്. അങ്ങനെയാണ് ആറാട്ടിന്റെ ഭാഗമാകുന്നത്.
സിനിമ കണ്ടുകഴിഞ്ഞപ്പോള്‍ എന്റെ കഥാപാത്രം പെട്ടെന്ന് തീര്‍ന്നുപോയല്ലോ എന്നും രണ്ട് മൂന്ന് സീനും കൂടി നിനക്ക് വേണമായിരുന്നു എന്നും സുഹൃത്തുക്കള്‍ പറഞ്ഞു. അത് എനിക്കും തോന്നി. അവിടെ ഇവിടെയുമൊക്കെയായിട്ട് കുറച്ച് സീന്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ നന്നായേനെ എന്ന് തോന്നി.
ചിലപ്പോള്‍ പടത്തിന് അത്രയേ വേണ്ടിയിരിക്കുള്ളൂ. പിന്നെ ഇത് നേരത്തെ പറഞ്ഞ് തന്നെയാണ് നമ്മളെ കാസ്റ്റ് ചെയ്തതും. അല്ലാതെ എഡിറ്റ് ചെയ്ത് കളയുകയൊന്നും ചെയ്തിട്ടില്ല. പിന്നെ നമ്മള്‍ കൂടുതല്‍ പ്രതീക്ഷിച്ചുപോയി. രണ്ട് ഫ്രേം എങ്കിലും കൂടുതല്‍ കിട്ടിയിരുന്നെങ്കില്‍ എന്ന് തോന്നിപ്പോയി, ധ്രുവന്‍ പറയുന്നു.
Content Highlight: Actor Dhruvan About Aarat Movie