ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ പിന്തുണച്ച് നടനും ബി.ജെ.പി നേതാവുമായ ധര്‍മേന്ദ്ര വീണ്ടും രംഗത്ത്. കര്‍ഷകരുടെ കഷ്ടത കാണുമ്പോള്‍ അങ്ങേയറ്റം വേദനയുണ്ടെന്നാണ് ധര്‍മ്മേന്ദ്ര പറഞ്ഞത്.
‘എന്റെ കര്‍ഷക സഹോദരങ്ങളുടെ കഷ്ടപ്പാടുകള്‍ കണ്ട് ഞാന്‍ അങ്ങേയറ്റം വേദനിക്കുന്നു. സര്‍ക്കാര്‍ വേഗത്തില്‍ എന്തെങ്കിലും ചെയ്യണം’, എന്നാണ് ധര്‍മേന്ദ്ര ട്വിറ്ററില്‍ എഴുതിയത്.
ദല്‍ഹിയില്‍ വര്‍ദ്ധിച്ചുവരുന്ന കൊവിഡ് കേസുകള്‍ ചൂണ്ടിക്കാട്ടി പ്രതിഷേധം ഉടന്‍ പരിഹരിക്കണമെന്ന് കഴിഞ്ഞയാഴ്ച താരം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
‘കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ എത്രയും വേഗം പരിഹാരം കണ്ടെത്തണം. ദല്‍ഹിയില്‍ ദിനംപ്രതി കൊറോണ കേസുകള്‍ വര്‍ധിക്കുകയാണ്. ഈ അവസ്ഥ ഏറെ വേദനാജനകമാണ്.’ എന്നായിരുന്നു ധര്‍മേന്ദ്രയുടെ ട്വീറ്റ്.
ബികാനേറില്‍ നിന്നുള്ള ബി.ജെ.പി മുന്‍ എം.പിയായ ധര്‍മേന്ദ്രയുടെ ട്വീറ്റ് ബി.ജെ.പിക്ക് വലിയ തിരിച്ചടിയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ട്വീറ്റ് ഏറെ ചര്‍ച്ചയാവുകയും ചെയ്തു. തുടര്‍ന്ന് ധര്‍മേന്ദ്ര പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. ഇതോടെ ബി.ജെ.പിക്കും നടനുമെതിരെയുള്ള വിമര്‍ശനങ്ങള്‍ ശക്തമായി.
ഒടുവില്‍ ട്വീറ്റ് പിന്‍വലിച്ചതില്‍ വിശദീകരണവുമായി ധര്‍മേന്ദ്ര രംഗത്തെത്തി. കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു.
‘ചില കമന്റുകള്‍ ഏറെ വേദനിപ്പിച്ചതുകൊണ്ടാണ് ട്വീറ്റ് ഡിലീറ്റ് ചെയ്തത്. നിങ്ങള്‍ക്ക് ഇഷ്ടമുള്ളതു പോലെ എന്നെ ചീത്ത പറഞ്ഞോളൂ. അത് നിങ്ങളെ സന്തോഷിപ്പിക്കുന്നുവെങ്കില്‍ എനിക്കും സന്തോഷമേ ഉള്ളൂ. എന്റെ കര്‍ഷക സഹോദരങ്ങളുടെ വേദനയില്‍ എനിക്ക് വേദനയുണ്ട്. സര്‍ക്കാര്‍ പരിഹാരം കണ്ടെത്തിയേ മതിയാകൂ. ആരും ഞങ്ങളെ കേള്‍ക്കാന്‍ തയ്യാറുകുന്നില്ല.’ ട്വീറ്റില്‍ ധര്‍മേന്ദ്ര പറഞ്ഞു.
ധര്‍മേന്ദ്രയുടെ മകനും ഗുര്‍ദാസ്പൂരിലെ ബി.ജെ.പി എം.പിയുമായ ബോളിവുഡ് നടന്‍ സണ്ണി ഡിയോളിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ധര്‍മേന്ദ്ര ആദ്യ ട്വീറ്റ് പിന്‍വലിച്ചതെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. നിങ്ങളുടെ ഈ മനോഭാവത്തെ കുറിച്ച് എനിക്കൊന്നും പറയാനില്ല എന്നായിരുന്നു ഈ കമന്റുകളോടുള്ള ധര്‍മേന്ദ്രയുടെ പ്രതികരണം.
കഴിഞ്ഞ 16 ദിവസമായി ദല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷക സമരം തുടരുകയാണ്. പഞ്ചാബ്, ഹരിയാന തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിര കണക്കിന് കര്‍ഷകരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. പ്രതിഷേധക്കാരുമായി കേന്ദ്രസര്‍ക്കാര്‍ നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. മൂന്ന് നിയമത്തിലും ഭേദഗതി കൊണ്ടുവരുമെന്നും താങ്ങുവില ഉറപ്പാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ മൂന്ന് കര്‍ഷക നിയമങ്ങളും പിന്‍വലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് കര്‍ഷകര്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക