| Wednesday, 20th January 2021, 3:18 pm

വൈപ്പിനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമോ ?; പ്രതികരണവുമായി ധര്‍മ്മജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി:കഴിഞ്ഞ രണ്ട ദിവസമായി മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചരിച്ച വാര്‍ത്തകളില്‍ ഒന്നായിരുന്നു നടനും നിര്‍മ്മാതാവുമായ ധര്‍മ്മജന്‍ ബോള്‍ഗാട്ടി നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്നത്.

വൈപ്പിന്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്നായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍. ഇപ്പോളിതാ പ്രചരിക്കുന്ന വാര്‍ത്തയില്‍ വിശദീകരണവുമായി എത്തിയിരിക്കുകയണ് ധര്‍മ്മജന്‍.

ആരോ പടച്ചുവിട്ട വാര്‍ത്തയാണിതെന്നും വൈപ്പിനിലെ യു.ഡി.എഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയാകുന്നതിനെക്കുറിച്ച് ഇതുവരെ താന്‍ ചിന്തിച്ചിട്ടില്ലെന്നും ധര്‍മ്മജന്‍ പറയുന്നു.

മനോരമയോട് ആയിരുന്നു ധര്‍മ്മജന്റെ പ്രതികരണം. തന്റെ സുഹൃത്തായ പിഷാരടി അടക്കം വിളിച്ചു ചോദിച്ചു. അവനോട് പറഞ്ഞത് തന്നെയാണ് കേരളത്തിനോടും പറയാനുള്ളത്. തനിക്ക് ഇതില്‍ കയ്യുമില്ല, കാലുമില്ല. വെറുതേ ഉറങ്ങിക്കിടന്ന താന്‍ എഴുന്നേറ്റപ്പോള്‍ സ്ഥനാര്‍ഥിയായി എന്നാണ് ധര്‍മ്മജന്‍ പറയുന്നത്.

ഇതൊന്നും താനൊറ്റയ്ക്ക് തീരുമാനിക്കേണ്ട കാര്യവുമല്ലല്ലോ. കെ.പി.സി.സിയും എ.ഐ.സി.സിയും ഇവിടുത്തെ ജനങ്ങളും ചേര്‍ന്നെടുക്കേണ്ട തീരുമാനമാണ്’

‘ഞാനൊരു പാര്‍ട്ടി അനുഭാവിയാണെന്നുളളത് കൊണ്ട് ആരോ പടച്ചുവിട്ട വാര്‍ത്തയാണിത്. കുറേ ഫോണ്‍കോളുകള്‍ ഇപ്പോള്‍ വരുന്നു. വൈപ്പിനിലെ യു.ഡി.എഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയാകുന്നതിനെക്കുറിച്ച് ഇതുവരെ ഞാന്‍ ചിന്തിച്ചിട്ടില്ല. ഇതിനെപ്പറ്റി ഒരു പ്രസ്താവന പോലും ഞാന്‍ നടത്തിയിട്ടില്ല. ഞാനെല്ലാം തുറന്നുപറയുന്ന ആളാണ്. എനിക്ക് തോന്നിയത് ഞാനെവിടെയും പറയും. പുതിയ ആള്‍ക്കാരെ പരിഗണിക്കുന്നു എന്നതും വൈപ്പിന്‍ എന്റെ ഏരിയയും ആയതിനാലാകാം അത്തരത്തിലൊരു വാര്‍ത്ത വന്നത്. സത്യമായിട്ടും ഇതെന്റെ സൃഷ്ടിയല്ല.’ എന്നും ധര്‍മ്മജന്‍ പറഞ്ഞു.

സ്ഥാനാര്‍ത്ഥിയാവാന്‍ യു.ഡി.എഫ് സമീപിച്ചാല്‍ എന്തായിരിക്കും എന്ന ചോദ്യത്തിന് ‘അങ്ങനെ വന്നാല്‍ അത് അപ്പോള്‍ നോക്കാമെന്നായിരുന്നു ധര്‍മ്മജന്റെ മറുപടി. ഇതുവരെ വളരെ സന്തുഷ്ടനായി ജീവിച്ചുകൊണ്ടിരിക്കയാണ് ഞാന്‍. പിന്നെ രാഷ്ട്രീയത്തിലൊക്കെ പണ്ടേ ഇറങ്ങിയതാ. അവിടുന്ന് കയറിയിട്ടില്ല. സ്‌കൂളില്‍ ആറാം ക്ലാസു മുതല്‍ പ്രവര്‍ത്തകനുമാണ്. പാര്‍ട്ടിക്കു വേണ്ടി സമരം ചെയ്ത് ജയിലില്‍ കിടന്ന ഞാന്‍ ഇനി എങ്ങോട്ട് ഇറങ്ങാനാണ്’ എന്നും ധര്‍മ്മജന്‍ പറഞ്ഞു.

നിലവില്‍ എല്‍.ഡി.എഫിന്റെ എസ് ശര്‍മ്മയാണ് വൈപ്പിനില്‍ നിന്നുള്ള എം.എല്‍.എ.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Actor Dharmajan Will he contest as a Congress candidate in Vypin ?; Dharmajan with response

We use cookies to give you the best possible experience. Learn more