| Saturday, 20th February 2021, 3:47 pm

അന്ധവിശ്വാസം കൊണ്ട് പറയുകയല്ല, അഞ്ചുവര്‍ഷമായി കേരളത്തിന്റെ ഐശ്വര്യം നഷ്ടപ്പെട്ടിട്ട്, എവിടെയൊക്കെയോ എന്തൊക്കെയോ സത്യമില്ലേ: ധര്‍മ്മജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പി.എസ്.സി നിയമനം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പിന്തുണയുമായി സമരപ്പന്തലിലെത്തി സിനിമാ താരം ധര്‍മ്മജന്‍ ബോള്‍ഗാട്ടി.

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ധര്‍മ്മജന്‍ നടത്തിയത്. ഉദ്യോഗാര്‍ത്ഥികളുടെ വേദന കാണാനുള്ള മന:സാക്ഷി ഇവിടുത്തെ ഭരണാധികാരികള്‍ക്ക് ഇല്ലെന്നായിരുന്നു ധര്‍മ്മജന്‍ പറഞ്ഞത്. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുമെന്നും ധര്‍മ്മജന്‍ പറഞ്ഞു.

കേരളം എപ്പോഴും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ് എന്നാണ്. ഇനി നമ്മള്‍ റൈറ്റിലേക്ക് കടക്കേണ്ട സമയമാണ്. റൈറ്റ് ആയാലെ ഈ രാജ്യം നന്നാകുള്ളു. കേരളത്തിന് ഐശ്വര്യമുണ്ടാകുള്ളു. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ഈ പ്രശ്നങ്ങള്‍ക്ക് എല്ലാം പരിഹാരമുണ്ടാകുമെന്നും ധര്‍മ്മജന്‍ പറഞ്ഞു.

‘ശരിക്കും കേരളത്തിന് ഐശ്വര്യം നഷ്ടപ്പെട്ടിട്ട് അഞ്ചുവര്‍ഷമായി. നിപയും രണ്ട് പ്രളയവും കൊവിഡും ഒക്കെയായി കേരളത്തിന് ഐശ്വര്യം നഷ്ടപ്പെട്ടു. അന്ധവിശ്വാസം കൊണ്ട് പറയുകയല്ല. പക്ഷേ എവിടെയൊക്കെയോ എന്തൊക്കെയോ സത്യമില്ലേ എന്നാണ് ഞാന്‍ ആലോചിക്കുന്നത്.’-ധര്‍മ്മജന്‍ പറഞ്ഞു.

അതേസമയം പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം ഒത്തുതീര്‍പ്പാക്കാനുള്ള ഉദ്യോഗസ്ഥതല ചര്‍ച്ച വൈകിട്ട് 4.30ന് നടക്കും. എല്‍.ജി.എസ്, സി.പി.ഒ ഉദ്യോഗാര്‍ഥികളുമായാണ് ചര്‍ച്ച നടക്കുക. ആഭ്യന്തര സെക്രട്ടറി, എ.ഡി.ജി.പി മനോജ് എബ്രഹാം എന്നിവര്‍ സമരക്കാരുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കും.

എല്‍.ജി.എസ്, സി.പി.ഒ വിഭാഗങ്ങളിലെ മൂന്ന് പേരെ വീതമാണ് ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്. ചര്‍ച്ചയില്‍ തങ്ങളുടെ ആവശ്യങ്ങളുന്നയിക്കുമെന്ന് സമരക്കാര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Dharmajan Bolgatty Against Kerala Government

We use cookies to give you the best possible experience. Learn more