| Monday, 29th May 2023, 7:51 pm

ഞാനും പിഷാരടിയും തമ്മില്‍ നല്ല കെമിസ്ട്രിയുള്ളതിന് കാരണം അതാണ്: ധര്‍മ്മജന്‍ ബോള്‍ഗാട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പിഷാരടിയും താനും തമ്മില്‍ നല്ല കെമിസ്ട്രിയുള്ളതിന് കാരണം പരസ്പരം ഈഗോയില്ലാത്തത് കൊണ്ടാണെന്ന് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. കേരളത്തില്‍ ഇന്നേവരെയുണ്ടായിട്ടുളള മിമിക്രി കൂട്ടുകെട്ടുകളില്‍ കൂടുതല്‍ വര്‍ഷം നിലനിന്നവര്‍ തങ്ങളാണെന്നും സാജന്‍ പള്ളുരുത്തി, പ്രജിത്ത്, കോട്ടയം ഹരിദാസ്, സുബി എന്നിവരും തങ്ങളുടെ കൂടെയുണ്ടായിരുന്നെന്നും ധര്‍മ്മജന്‍ പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ പ്രേക്ഷകര്‍ പറയുന്നു ഞങ്ങള്‍ തമ്മില്‍ നല്ല കെമിസ്ട്രിയാണെന്ന്. അതിന് കാരണം ഞങ്ങള്‍ക്കിടയില്‍ ഈഗോ ഉണ്ടായിരുന്നില്ലെന്നതാണ്. ഞാന്‍ കളക്ടറുടെ റോള്‍ ചെയ്താലും അവന്‍ പൊലീസിന്റെ റോള്‍ ചെയ്താലും അവനും എനിക്കും ഒരു പ്രശ്‌നവുമുണ്ടാവില്ല.

കേരളത്തില്‍ ഇന്നേവരെയുണ്ടായിട്ടുളള മിമിക്രി കൂട്ടുകെട്ടുകളില്‍ കൂടുതല്‍ വര്‍ഷം നിലനിന്നവര്‍ ഞങ്ങളാണ്. ഞങ്ങളൊരുമിച്ച് ചെയ്ത സ്‌കിറ്റുകളില്‍ ഞാനൊരുപാട് പെണ്‍വേഷം കെട്ടിയിട്ടുണ്ട്. അവനേക്കാള്‍ ഞാനാണ് പെണ്‍വേഷം കെട്ടിയത്. അവന്‍ പെണ്‍വേഷം കെട്ടിയാല്‍ കാണാന്‍ നല്ല ഭംഗിയാണ്.

ഞങ്ങളുടെ കൂടെ സുബിയും ഉണ്ടായിരുന്നു. വിദേശത്തും സ്വദേശത്തുമായി ഒട്ടേറെ പ്രോഗ്രാമുകള്‍ ഞങ്ങള്‍ ചെയ്തിട്ടുണ്ട്. സുബി ഇപ്പോള്‍ കൂടെയില്ലാത്തത് ഒരു നഷ്ടം തന്നെയാണ്. സാജന്‍ പള്ളുരുത്തി, പ്രജിത്ത്, കോട്ടയം ഹരിദാസ് എന്നിവരടങ്ങിയ ഒരു ടീമായിരുന്നു ഞങ്ങളുടേത്. ഇവര്‍ക്കൊന്നും തന്നെ യാതൊരു ഈഗോയുമില്ലായിരുന്നു.

ചെയ്യുന്ന സ്‌കിറ്റ് നന്നാവണമെന്ന ഉദ്ദേശം മാത്രമായിരുന്നു എല്ലാവര്‍ക്കുമുണ്ടായിരുന്നത്. അത് മാത്രമല്ല, ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മിലും വളരെ നല്ല ബന്ധമാണ്. വര്‍ഷങ്ങളോളം പ്രോഗ്രാം ചെയ്യുകയും ഒരുമിച്ച് യാത്ര ചെയ്യുകയും ചെയ്തവരാണ് ഞങ്ങള്‍. എല്ലാവരും ഒരു റൂമിലാണ് കിടന്നിരുന്നത്, ‘ ധര്‍മ്മജന്‍ പറഞ്ഞു.

സുബി വളരെ കെയറിങ് ആയിരുന്നെന്നും സ്റ്റേജ് ഷോയ്ക്കിടയില്‍ പ്രോപ്പര്‍ട്ടിയെന്തങ്കിലും എടുക്കാന്‍ മറന്നാല്‍ ഓര്‍മ്മിപ്പിക്കുമായിരുന്നെന്നും ധര്‍മ്മജന്‍ പറഞ്ഞു.

‘ സുബി വളരെ കെയറിങ് ആയിരുന്നു. നമ്മള്‍ സ്റ്റേജില്‍ കയറാന്‍ നില്‍ക്കുകയാണെങ്കില്‍ പ്രോപ്പര്‍ട്ടിയെടുക്കാനൊക്കെ മറന്നാല്‍ ‘ധര്‍മ്മു, ഇത് ആരെടുക്കും? ഞാനെടുക്കണോ! എന്നൊക്കെ ചോദിക്കുമായിരുന്നു.

ഒരുപാട് പെണ്‍വേഷം ചെയ്തിട്ടുണ്ടെങ്കിലും എന്നെ സാരി ഉടുപ്പിച്ച് തരുന്നത് സുബിയായിരുന്നു. എനിക്കിപ്പോഴും സാരി ഉടുക്കാനറിയില്ല. സുബി എപ്പോഴും ഒറ്റക്കായിരുന്നു വന്നത്. ഞങ്ങളുടെ കൂടെ ലോകം മുഴുവന്‍ കറങ്ങിയ വളരെ ബോള്‍ഡ് ആയിട്ടുള്ള വ്യക്തിയായിരുന്നു അവള്‍. ബോള്‍ഡൊക്കെയാണെങ്കിലും അവള്‍ വളരെ പാവവുമായിരുന്നു. ഇരുപത്തഞ്ച് വര്‍ഷത്തെ ബന്ധമാണ് ഞങ്ങള്‍ തമ്മില്‍, ‘ ധര്‍മ്മജന്‍ പറഞ്ഞു.


Content Highlights: Actor Dharmajan Bolgatty about Pisharadi and Subi

Latest Stories

We use cookies to give you the best possible experience. Learn more