കൊച്ചി: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമാണ് കലാകാരന്‍മാരുടെ ഉറവിടം എന്ന് ചിന്തിക്കുന്നവരാണ് ചിലരെങ്കിലുമെന്നും എന്നാല്‍ ശരിക്കും ഒരു സര്‍വ്വെ നടത്തിയാല്‍ ഏറ്റവും കൂടുതല്‍ കലാകാരന്‍മാരുള്ളത് കോണ്‍ഗ്രസിലാണെന്നും നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. അവരുടെ പേര് താന്‍ എടുത്തു പറയില്ലെന്നും ധര്‍മ്മജന്‍ പറഞ്ഞു.
ഇടതുമുന്നണിയിലേക്ക് കലാകാരന്‍മാര്‍ പോകുമ്പോള്‍ വിമര്‍ശനം കുറവാണ്. എന്നാല്‍ ധര്‍മ്മജന്‍ കോണ്‍ഗ്രസ്സിലേക്ക് പോയപ്പോള്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റവാങ്ങിയിരുന്നല്ലോ എന്ന ചോദ്യത്തിനായിരുന്നു ധര്‍മ്മജന്റെ ഈ മറുപടി.
താന്‍ സിനിമയിലും മിമിക്രിയിലും മാത്രമേ ചിരിക്കാറുള്ളുവെന്നും രാഷ്ട്രീയപ്രവര്‍ത്തനത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ധര്‍മജന്‍ ബോള്‍ഗാട്ടി പ്രതികരിച്ചു.
മരിക്കുന്നത് വരെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മാത്രമായിരിക്കുമെന്നും അതില്‍ യാതൊരു മാറ്റവുമുണ്ടാകില്ലെന്നും ധര്‍മ്മജന്‍ പറഞ്ഞു.
‘കോളേജ് കാലം മുതല്‍ കെ.എസ്.യുവിന്റെ സജീവപ്രവര്‍ത്തകനാണ് . കെ.എസ്.യു ജില്ലാ സെക്രട്ടറിയായിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രാഷ്ട്രീയത്തില്‍ ഇറങ്ങിയകാലം മുതല്‍ സേവാദള്‍ എന്ന സംഘടനയോട് ആഭിമുഖ്യണ്ട്. എന്റെ നാട്ടില്‍ പാലം വരുന്നതിന് മുന്‍പ് വെള്ളത്താല്‍ ചുറ്റപ്പെട്ട ഒരു പ്രദേശമായിരുന്നു. എന്നാല്‍ കുടിവെള്ള പ്രശ്നം ഉണ്ടായിരുന്നു. കുടിവെള്ളത്തിനായി സമരം ചെയ്ത് ജയിലില്‍ കിടക്കേണ്ടി വന്നിട്ടുണ്ട്’, ധര്‍മ്മജന്‍ പറഞ്ഞു.
സിനിമയാണോ രാഷ്ട്രീയമാണോ മീന്‍ കച്ചവടമാണോ പ്രധാനം എന്ന ചോദ്യത്തിന് ‘രാഷ്ട്രീയം സിനിമ മീന്‍ എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. രാഷ്ട്രീയക്കാര്‍ സിനിമയും കാണും മീനും തിന്നും. അതുകൊണ്ടു എനിക്കും മൂന്നും ഒരുപോലെയാണ്,’ എന്നായിരുന്നു ധര്‍മ്മജന്റെ മറുപടി.
താരസംഘടനയായ അമ്മയില്‍ രാഷ്ട്രീയമില്ലെന്നും ധര്‍മ്മജന്‍ പറഞ്ഞു. അമ്മയില്‍ രാഷ്ട്രീയം ഇല്ല. അഥവാ രാഷ്ട്രീയം വന്നാല്‍ താന്‍ ഇടപെടും. ധര്‍മജന്‍ എന്ന പേരിനോട് തനിക്ക് കുട്ടിക്കാലത്ത് ഇഷ്ടക്കുറവുണ്ടായിരുന്നുവെന്നും പിന്നീട് ആ ദേഷ്യം പതിയെ ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു.
‘കുട്ടിക്കാലത്ത് ധര്‍മ്മജന്‍ എന്ന പേര് ഇഷ്ടമില്ലായിരുന്നു. അതിന്റെ പേരില്‍ അച്ഛനോട് പോലും ഇഷ്ടക്കുറവ് കാണിച്ചിട്ടുണ്ട്. കൂട്ടുകാരെല്ലാം കളിയാക്കുമായിരുന്നു. എന്നാല്‍ പിന്നീട് മിമിക്രിയിലേക്ക് വന്നപ്പോള്‍ ആ ദേഷ്യം മാറി. സ്ഥാനാര്‍ഥിയായാല്‍ അപരന്‍ വരികയാണെങ്കില്‍ തന്നെ പേരിന്റെ കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ല. ധര്‍മജന്‍ എന്ന പേരില്‍ ഞാന്‍ ആരെയും കണ്ടിട്ടില്ല,’ ധര്‍മ്മജന്‍ കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക