കോഴിക്കോട്: മാധ്യമപ്രവര്‍ത്തക അപര്‍ണ കുറുപ്പിനെ അധിക്ഷേപിച്ച് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ യുവനടി ഉന്നയിച്ച ലൈംഗികാതിക്രമ പരാതിയെ തുടര്‍ന്ന്, നടന്‍ സിദ്ദിഖ് അമ്മ സംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചതില്‍ പ്രതികരിക്കുന്നതിനിടെയാണ് ധര്‍മജന്‍ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചത്.
നിങ്ങള്‍ നല്ലവളാണൊ എന്ന് ആദ്യം പറയണമെന്നും അതിന് ശേഷം താന്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാമെന്നുമാണ് ധര്‍മജന്‍ ബോള്‍ഗാട്ടി പറഞ്ഞത്. താന്‍ ജനിച്ചത് ഒരച്ഛനും അമ്മക്കുമാണെന്നും നിങ്ങളുടെ ജനനം അങ്ങനെയാണോയെന്നതില്‍ സംശയമുണ്ടെന്നും പറഞ്ഞ ധര്‍മജന്‍ അമ്മ സംഘടനയെ ന്യായീകരിച്ചുകൊണ്ടാണ് ന്യൂസ് 18 ചാനലിനോട് പ്രതികരിച്ചത്.
‘അമ്മ സംഘടന നിരവധി ആളുകള്‍ക്ക് സഹായം നല്‍കിയിട്ടുള്ളതാണെന്നും അതൊന്നും അപര്‍ണയ്ക്ക് അറിയില്ലെന്നും ധര്‍മജന്‍ പറഞ്ഞു. അമ്മ സംഘടനയാണോ സിനിമാ മേഖലയിലെ പ്രശ്‌നങ്ങളില്‍ ശുദ്ധീകലശം നടത്തേണ്ടതെന്ന് ചോദിച്ച ധര്‍മജന്‍, ഇതില്‍ നടപടിയെടുക്കേണ്ടത് കോടതിയും പൊലീസുമാണെന്നും പറയുകയുണ്ടായി.
ചോദ്യങ്ങള്‍ ആവര്‍ത്തിച്ച മാധ്യമപ്രവര്‍ത്തകയോട് ‘നിങ്ങള്‍ കോടതിയാണോ’ എന്ന് ധര്‍മജന്‍ ഒന്നിലധികം തവണ ചോദിക്കുകയുണ്ടായി. പ്രതികരണത്തിനിടെ നീ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് ധര്‍മജന്‍ അപര്‍ണയോട് പ്രതികരിച്ചത്. മര്യാദയുടെ ഭാഗമായാണ് സിദ്ദിഖ് രാജിവെച്ചത്. ആരോപണ വിധേയനായത് കൊണ്ടാണ് സിദ്ദിഖ് രാജിവെച്ചതെന്നും ധര്‍മജന്‍ പറയുകയുണ്ടായി. സിദ്ദിഖ് ഒരു മാന്യനാണെന്നും ധര്‍മജന്‍ പറഞ്ഞു.
തന്നോട് കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിക്കേണ്ടതില്ലെന്നും താന്‍ തന്റെ പണി നോക്കണമെന്നുമാണ് ധര്‍മജന്‍ അപര്‍ണ കുറുപ്പിന് നല്‍കിയ പ്രതികരണത്തില്‍ പറയുന്നത്. അമ്മ സംഘടനയിലെ മുഴുവന്‍ അംഗങ്ങളും മോശക്കാരല്ലെന്ന് പറഞ്ഞ ധര്‍മജന്‍, നടി ആക്രമിച്ച കേസില്‍ എടുത്ത നിലപാട് വളച്ചൊടിക്കാനും ശ്രമിച്ചു.
സിനിമ കിട്ടുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടി മറ്റുള്ളവരെ കുറ്റപ്പെടുത്താന്‍ പാടില്ലെന്നും ധര്‍മജന്‍ പറഞ്ഞു. മോഹന്‍ലാല്‍ പ്രസിഡന്റ് ആയിരിക്കുന്ന അമ്മ എന്ന സംഘടനയെ കുറ്റം പറഞ്ഞാല്‍ താന്‍ പച്ചത്തെറി പറയുമെന്നും കൂടുതല്‍ വാര്‍ത്താനമൊന്നും താന്‍ പറയേണ്ടതില്ലെന്നും ധര്‍മജന്‍ അപര്‍ണ കുറിപ്പിനോട് പറയുകയുണ്ടായി.
Content Highlight: Actor Dharmajan Bolgatti insulted journalist Aparna Kurup