സാമന്തയും ദേവ് മോഹനും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ശാകുന്തളം. മഹാഭാരതത്തിലെ ശകുന്തള-ദുഷ്യന്തന്‍ പ്രണയകഥയായ അഭിഞ്ജാന ശാകുന്തളം എന്ന കൃതിയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണിത്.
ചിത്രത്തില്‍ ദേവ് മോഹനാണ് ദുഷ്യന്തനായി എത്തുന്നത്. ചിത്രത്തില്‍ അഭിനയിച്ചതിന് ശേഷമാണ് സാമന്തക്ക് ഇപ്പോഴുള്ള ഫിസിക്കല്‍ ഇഷ്യൂസ് വന്നതെന്നും ശാകുന്തളത്തിന്റെ സെറ്റില്‍ താരം വളരെ പോസിറ്റീവ് വൈബില്‍ ആയിരുന്നുവെന്നും ദേവ് പറഞ്ഞു.
തന്റെ അഭിനയത്തില്‍ എന്തെങ്കിലും ഇഷ്ടപെട്ടാല്‍ സാമന്ത അത് എടുത്ത് പറയുമെന്നും ഭയങ്കര സപ്പോര്‍ട്ടീവായിരുന്നുവെന്നും ദേവ് പറഞ്ഞു. ഇന്ത്യാഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദേവ് മോഹന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”സാമന്ത സെറ്റില്‍ വന്നിട്ട് ഉണ്ടാക്കുന്ന ഒരു എനര്‍ജിയുണ്ട്. ഭയങ്കര പോസിറ്റീവ് വൈബ് ഉണ്ടാക്കും. സാമിന്റെ കൂടെ അവരുടെ ഒരു ടീമുണ്ട്. വെരി നൈസ് ടീമാണ്. എപ്പോഴും അവര്‍ സംസാരിച്ച് ചിരിക്കും. അപ്പോഴാണ് നമുക്ക് തോന്നുക അവര്‍ എന്താണ് ഈ പറയുന്നതെന്ന്. അപ്പോള്‍ അവരുടെ കൂടെ കൂടി എന്താണ് പറയുന്നത് എന്നൊക്കെ ചോദിക്കും.
എന്റെ എന്തെങ്കിലും അഭിനയിക്കുന്ന എലമെന്റ് ഇഷ്ടപെട്ടാല്‍ അത് എടുത്ത് പറയും. ഉദാഹരണത്തിന് കണ്ണ് കൊണ്ടോ മുഖം കൊണ്ടോ എന്തെങ്കിലും ചെയ്താല്‍ അത് കാണിച്ചു തരും. ഇപ്പോള്‍ ഇങ്ങനെ ചെയ്തില്ലെ, അത് നല്ലതായിരുന്നു അടുത്ത ടേക്കിലും അത് ചെയ്യണമെന്ന് പറയും. അതൊക്കെ ഭയങ്കര രസമാണ്.
ചില ടേക്ക് കഴിഞ്ഞാല്‍ അടിപൊളി ടേക്കാണെന്ന് പറഞ്ഞിട്ട് പോയി നോക്കും. ആ ഒരു പെരുമാറ്റം വളരെ നല്ലതാണ്. എന്നെ പലപ്പോഴും അതിശയിപ്പിച്ചിട്ടുണ്ട്. നമ്മുടെ കൂടെ നില്‍ക്കുന്ന ആള് നമ്മളെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് കാണുമ്പോള്‍ ഭയങ്കര മോട്ടിവേഷനാണ്.
ഇന്ന് രാവിലെ ആര് ആദ്യം വര്‍ക്ക് ഔട്ട് ചെയ്യുമെന്നൊക്കെ ഞങ്ങള്‍ പറയാറുണ്ട്. എനിക്ക് തോന്നുന്നു, എന്നേക്കാള്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നത് സാം ആയിരിക്കുമെന്നാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുള്‍ അപ്പ് ചെയ്യുന്ന വീഡിയോ ഒക്കെ പോസ്റ്റ് ചെയ്തിരുന്നു. അത്രയും വര്‍ക്ക് ഔട്ട് ചെയ്ത് ബോഡി അതിലേക്ക് ട്രാന്‍സ്‌ഫോം ഒക്കെ ചെയ്തിരുന്നു.
പിന്നെ ഈ ലേറ്റര്‍ സ്റ്റേജിലാണ് ഇങ്ങനെയൊരു ഫിസിക്കല്‍ ഇഷ്യൂ വന്നത്. അതുകൊണ്ട് റെസ്റ്റ് എടുക്കുന്നതൊക്കെ. ശകുന്തളത്തിന്റെ സമയത്തൊക്കെ ഭയങ്കര ആക്ടീവായിരുന്നു,” ദേവ് മോഹന്‍ പറഞ്ഞു.