| Tuesday, 11th July 2023, 11:36 am

എന്റെ കരിയറിലെ ബെസ്റ്റ് പെര്‍ഫോമന്‍സ് ആ തമിഴ് കഥാപാത്രമായിരുന്നു: ദേവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ കരിയറിലെ ഏറ്റവും മികച്ച പെര്‍ഫോമന്‍സാണ് ഹണസ്റ്റ് രാജ് എന്ന തമിഴ് സിനിമയിലെ വില്ലന്‍ കഥാപാത്രമെന്ന് നടന്‍ ദേവന്‍. വിജയ്കാന്തിന്റെ ഓപ്പോസിറ്റ് നില്‍ക്കുന്ന ആ കഥാപാത്രം കണ്ടാണ് രജിനികാന്ത് ബാഷയിലേക്ക് തന്നെ വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു. കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദേവന്‍. ബാഷയുടെ സെറ്റില്‍ വെച്ച് രജിനികാന്ത് നഗ്മയടക്കമുള്ളവരോട് ഹോണസ്റ്റ് രാജിലെ തന്റെ കഥാപാത്രത്തെ കുറിച്ച് സംസാരിച്ചിരുന്നു എന്നും ആ സിനിമ കാണാന്‍ നഗ്മയോട് ആവശ്യപ്പെട്ടിരുന്നു എന്നും ദേവന്‍ പറഞ്ഞു.

‘ബാഷക്ക് മുമ്പ് ഹോണസ്റ്റ് രാജ് എന്നൊരു സിനിമ ഞാന്‍ തമിഴില്‍ ചെയ്തിട്ടുണ്ട്. വിജയ്കാന്തിന്റെ ഓപ്പോസിറ്റായിട്ടുള്ള ഒരു കഥാപാത്രമായിരുന്നു. എന്റെ ഏറ്റവും പവര്‍ഫുള്‍ ആയിട്ടുള്ള, നന്നായി പെര്‍ഫോം ചെയ്തിട്ടുള്ള കഥാപാത്രം ഏതാണെന്ന് ചോദിച്ചാല്‍ ഞാന്‍ ഹോണസ്റ്റ് രാജ് എന്ന് പറയും. വരദരാജ് എന്ന് പറയുന്ന ഒരു വില്ലനെയാണ് അവതരിപ്പിച്ചിട്ടുള്ളത്.

രണ്ട് ഡയമന്‍ഷന്‍സുള്ള വില്ലനാണ്. ആദ്യം ഭയങ്കര സോഫ്റ്റും പിന്നീട് വലിയ മാറ്റങ്ങളുമുണ്ടാകുന്ന ഒരു കഥാപാത്രമായിരുന്നു അത്. എന്റെ കരിയറിലെ തന്നെ ഏറ്റവും ബെസ്റ്റ് പെര്‍ഫോമന്‍സുള്ള സിനിമയാണത്. തമിഴ് പത്രങ്ങളൊക്കെ അന്ന് അതിനെകുറിച്ച് എഴുതിയിരുന്നു.

ഹോണസ്റ്റ് രാജ് കണ്ടിട്ടാണ് രജിനി സാര്‍ അദ്ദേഹത്തിന്റെ ബാഷയിലേക്ക് എന്നെ വിളിച്ചത്. അത് പിന്നീടാണ് ഞാന്‍ അറിഞ്ഞത്. ‘ഓട്ടോകാരന്‍ ഓട്ടോകാരന്‍’ എന്ന പാട്ടിന്റെ സെറ്റിലേക്കാണ് ഞാന്‍ ബാഷയില്‍ ജോയിന്‍ ചെയ്യാനായി വരുന്നത്. വാഹിനി സ്റ്റുഡിയോയിലായിരുന്നു അത്. രജിനികാന്ത് എന്നെ കണ്ട് ആ പാട്ടിലുള്ള കാക്കി ഡ്രസ്സില്‍ ദൂരെ നിന്നും ഓടി വന്ന് കെട്ടിപ്പിടിച്ചു. ഹോണസ്റ്റ് രാജയിലെ എന്റെ കഥാപാത്രത്തെ കുറിച്ച് തമിഴില്‍ വളരെ നന്നായിട്ടുണ്ടെന്ന് പറഞ്ഞു.

സെറ്റില്‍ തൊട്ടടുത്തിരുന്ന നഗ്മയോട് അദ്ദേഹം എന്നെ കാണിച്ച് അറിയില്ലേ എന്ന് ചോദിച്ചു. തെലുങ്കില്‍ ഞാന്‍ നഗ്മയോടൊപ്പം അഭിനയിച്ചിട്ടുണ്ട്. അവര്‍ എന്നെ അറിയും എന്ന് പറഞ്ഞു. രജിനികാന്ത് വീണ്ടും നഗ്മയോട് അങ്ങനെ അറിയുമോ എന്നല്ല ഹോണസ്റ്റ് രാജ് കണ്ടിട്ടുണ്ടോ എന്നാണ് ചോദിച്ചത് എന്ന് പറഞ്ഞു. നഗ്മ ഇല്ല എന്ന് പറഞ്ഞു. ഹോണസ്റ്റ് രാജ് കാണാതെ ഇവരെ അറിയുമെന്ന് പറയുന്നത് എങ്ങനെയാണ് എന്നും അദ്ദേഹം ചോദിച്ചു. നഗ്മയോട് ഹോണസ്റ്റ് രാജ് കാണാനും ഞാന്‍ അതില്‍ നന്നായി അഭിനയിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. അതായിരുന്നു രജിനികാന്തുമായുള്ള എന്റെ ഏറ്റവും പ്രധാനപ്പെട്ട അനുഭവങ്ങളിലൊന്ന്,’ ദേവന്‍ പറഞ്ഞു.

content highlights; Actor Devan talks about career best performance

We use cookies to give you the best possible experience. Learn more