Kerala
നിയമസഭയില്‍ 20 ഇടത്ത് മത്സരിക്കും ആറ് സീറ്റില്‍ വിജയിക്കും, തൂക്കുമന്ത്രിസഭയില്‍ നിര്‍ണായക ശക്തിയാകും: ദേവന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Dec 26, 10:33 am
Saturday, 26th December 2020, 4:03 pm

തൃശൂര്‍: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയായ നവ കേരള പീപ്പിള്‍സ് പാര്‍ട്ടി ആറ് സീറ്റുകളില്‍ വിജയിച്ച് നിര്‍ണായക ശക്തിയായി മാറുമെന്ന് നടന്‍ ദേവന്‍.

20 മണ്ഡലങ്ങളില്‍ പാര്‍ട്ടി മത്സരിക്കുമെന്നും ആറിടത്ത് വിജയിക്കുമെന്നുമായിരുന്നു ദേവന്‍ കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യമായിരിക്കും ഉണ്ടാവുകയെന്നും പാര്‍ട്ടികള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ തന്റെ സഹായം തേടേണ്ടി വരുമെന്നും അഭിമുഖത്തില്‍ ദേവന്‍ അവകാശപ്പെടുന്നുണ്ട്.

രാഷ്ട്രീയം മലിനമാക്കപ്പെട്ടിട്ടുണ്ട്. പെട്ടെന്ന് മാറ്റാന്‍ കഴിയില്ല. ശുദ്ധികലശം വേണം. അഴിമതിക്കാരായ എല്ലാ രാഷ്ട്രീയക്കാരെയും പരാജയപ്പെടുത്തുകയാണ് തന്റെ പാര്‍ട്ടിയുടെ ലക്ഷ്യമെന്നും ദേവന്‍ പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പില്‍ താന്‍ തൃശൂരില്‍ മത്സരിക്കുമെന്നും ദേവന്‍ പറഞ്ഞു. പഠന കാലത്ത് കോണ്‍ഗ്രസിനോടായിരുന്നു ആഭിമുഖ്യമുണ്ടായിരുന്നത്. വി.എം.സുധീരന്റെ ആദര്‍ശങ്ങള്‍ കണ്ടാണ് കെ.എസ്.യുവിലെത്തിയത്. സിനിമയില്‍ എത്തിയപ്പോഴും രാഷ്ട്രീയം നിരീക്ഷിച്ചിരുന്നു.എന്നാല്‍ ഉമ്മന്‍ചാണ്ടിയും എ.കെ.ആന്റണിയും വി.എം.സുധീരനുമെല്ലാം അധികാരത്തിലെത്തിയിട്ടും നിസഹായരായി നോക്കിനില്‍ക്കുകയായിരുന്നു. ഒഴുക്കിനൊപ്പം നീന്തുകയായിരുന്നു അവര്‍. അത്  തനിക്ക് അസ്വസ്ഥതയുണ്ടാക്കി. രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കാനുള്ള കാരണമിതാണ്.

മൂന്ന് മുന്നണികളും വ്യക്തികളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് നില്‍ക്കുന്നതെന്നും ദേവന്‍ കുറ്റപ്പെടുത്തി. മതിലുകളിലല്ല, ജനങ്ങളുടെ ഹൃദയത്തിലാണ് താന്‍ പോസ്റ്ററുകള്‍ ഒട്ടിക്കുന്നതെന്നും ദേവന്‍ പറഞ്ഞു.

2004ല്‍ വടക്കാഞ്ചേരിയില്‍ മത്സരിച്ചത് ആശയപ്രചരണത്തിന് വേണ്ടിയായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ മത്സരിക്കുന്നത് വിജയിക്കാന്‍ വേണ്ടിയാണെന്നും വിജയിക്കുമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നും ദേവന്‍ അഭിമുഖത്തില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Devan predicts 6 seats in Kerala Assembly election