വാളയാര്‍: വാളയാറിലേതു പോലെ ഉള്ള ഒരു അനുഭവം കേരളത്തില്‍ ഒരമ്മയ്ക്കും ഉണ്ടാകരുതെന്ന് നടന്‍ ദേവന്‍. ഇങ്ങനെയൊരു സംഭവം ഇനി കേരളത്തില്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നും ദേവന്‍ പറഞ്ഞു. വാളയാര്‍ കേസില്‍ നീതി തേടി മാതാപിതാക്കള്‍ നടത്തുന്ന സത്യഗ്രഹ സമരപ്പന്തലില്‍ എത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി തൃശൂരില്‍ മത്സരിക്കാനൊരുങ്ങുകയാണ് ദേവന്‍. മൂന്നു മുന്നണികളുമായും ബന്ധമുണ്ടാകില്ലെന്നും ദേവന്‍ പറഞ്ഞിരുന്നു.
സ്വന്തം നാട്ടില്‍തന്നെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് ദേവന്റെ തീരുമാനം. 2004ല്‍ രൂപംകൊടുത്ത കേരള പീപ്പിള്‍സ് പാര്‍ട്ടിയുടെ പേര് മാറ്റി നവകേരള പീപ്പിള്‍സ് പാര്‍ട്ടിയെന്നാക്കി മാറ്റിയിട്ടുണ്ട്.
അഴിമതി ഇല്ലാത്ത രാഷ്ട്രീയ നേതാക്കളുടെ നിര രൂപപ്പെടുത്താനാണ് നീക്കമെന്നും സിവില്‍ സര്‍വീസില്‍ നിന്ന് വിരമിച്ച മികച്ച ഉദ്യോഗസ്ഥരെ നവകേരള പീപ്പിള്‍സ് പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും പക്ഷേ, ചലച്ചിത്ര മേഖലയിലെ സഹപ്രവര്‍ത്തകരെ ആരേയും കൂടെക്കൂട്ടുന്നില്ലെന്നുമാണ് ദേവന്‍ പറഞ്ഞത്.
എനിക്ക് എന്റേതായ ഒരു ആശയമുണ്ട്. എന്റേതായ വീക്ഷണമുണ്ട്. കേരളത്തിന് എന്തുവേണം, കേരളത്തിന്റെ വീക്ഷണത്തിന് എന്തുവേണമെന്ന് സ്റ്റഡി ചെയ്തിട്ടാണ് വന്നത്. സിനിമയിലെ മറ്റുള്ള ആര്‍ടിസ്റ്റുകളില്‍ അങ്ങനെ ആലോചിക്കുന്നവര്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും ദേവന്‍ പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് തൃശൂരില്‍ സജീവമാകാനൊരുങ്ങുകയാണ് അദ്ദേഹം. തൃശൂരിലെ പ്രമുഖ വ്യക്തികളെ കണ്ട് പിന്തുണ അഭ്യര്‍ഥിച്ച് മല്‍സരത്തിനു മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാണ് ദേവന്റെ തീരുമാനം. കോളജില്‍ കെ.എസ്.യു പ്രവര്‍ത്തകനായാണ് ദേവന്‍ രാഷ്ട്രീയം തുടങ്ങിയത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ മത്സരിച്ച നടന്‍ സുരേഷ് ഗോപി റെക്കോര്‍ഡ് വോട്ടുകള്‍ നേടി തൃശൂര്‍ നിയസഭാ മണ്ഡലത്തില്‍ രണ്ടാമതെത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക