| Thursday, 22nd June 2023, 11:16 pm

കിഴങ്ങാ നീ എന്ത് സംവിധായകനാണ്, നീ ചെയ്താല്‍ നശിക്കുമെന്ന് സുഹൃത്ത് പറഞ്ഞു, അങ്ങനെ ആ സിനിമ ഹരിഹരന്‍ സാറിലേക്ക് എത്തി: ദേവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1985ല്‍ ഹരിഹരന്റെ സംവിധാനത്തില്‍ പുറത്ത് വന്ന ചിത്രമാണ് വെള്ളം. നടന്‍ ദേവനായിരുന്നു ചിത്രത്തിന്റെ നിര്‍മാതാവ്. ഈ ചിത്രം താനായിരുന്നു ആദ്യം സംവിധാനം ചെയ്യാനിരുന്നതെന്ന് പറയുകയാണ് ദേവന്‍. എന്നാല്‍ ഇത്ര വലിയ ചിത്രം തനിക്ക് സംവിധാനം ചെയ്യാനാവില്ലെന്ന് പറഞ്ഞ് സുഹൃത്താണ് തന്നെ പിന്തിരിപ്പിച്ചതെന്നും കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ദേവന്‍ പറഞ്ഞു.

‘എനിക്ക് വിക്ടര്‍ എന്നൊരു സുഹൃത്ത് ഉണ്ട്. നന്നായി എഴുതുകയും വായിക്കുകയും ചെയ്യുന്ന ആളാണ്. അദ്ദേഹം വെള്ളം എന്നൊരു പുസ്തകം വായിച്ച് വലിയ താല്‍പര്യത്തോടെ എനിക്കും വായിക്കാന്‍ തന്നു. എന്‍.എന്‍. പിഷാരടി എഴുതിയതാണ്.

ആ നോവല്‍ വായിക്കുമ്പോള്‍ തന്നെ വിഷ്വല്‍സ് കാണാന്‍ പറ്റും. ഇതൊരു സിനിമയായി കാണാന്‍ എന്റെ മനസില്‍ ഒരു ആഗ്രഹം വന്നു. അന്ന് അപക്വമായ മനസില്‍ എന്തുകൊണ്ട് ഇത് എനിക്ക് തന്നെ സംവിധാനം ചെയ്തുകൂടാ എന്ന ചിന്ത വന്നു.

ഇക്കാര്യം ഞാന്‍ വിക്ടറിനോട് പറഞ്ഞു. കിഴങ്ങാ നീ എന്ത് സംവിധായകനാണ്, ചെറിയ കഥ പോലെയല്ല, ഇതുപോലെ വലിയൊരു കഥ നീ സംവിധാനം ചെയ്യാനോ, വിഡ്ഢീ എന്നാണ് വിക്ടര്‍ എന്നോട് പറഞ്ഞത്. ഈ സിനിമ എന്നെക്കൊണ്ട് ചെയ്യാന്‍ സമ്മതിക്കില്ല എന്ന് വിക്ടര്‍ പറഞ്ഞു, ആ സബ്‌ജെക്ടും നശിക്കും.

എന്റെ സുഹൃത്ത് ആയിരുന്നിട്ടും അയാള്‍ എന്നെ നിരുത്സാഹപ്പെടുത്തുകയാണല്ലോ എന്ന് തോന്നിയെങ്കിലും ഒരാഴ്ചക്കുള്ളില്‍ വിക്ടര്‍ അത് എന്നെ പറഞ്ഞു കണ്‍വിന്‍സ് ചെയ്തു. എനിക്കിത് ചെയ്യാന്‍ പറ്റില്ലെന്ന് മനസിലായി.

പിന്നെ ആര് ചെയ്യുമെന്നുള്ളതായി. ആ സമയത്താണ് ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച ഒക്കെ റിലീസ് ചെയ്യുന്നത്. അത്തരം സിനിമകള്‍ സംവിധാനം ചെയ്യുന്ന ആള്‍ക്ക് മാത്രമേ ഇത്തരം ബൃഹത്തായ സിനിമ സംവിധാനം ചെയ്യാന്‍ പറ്റുകയുള്ളൂ. അങ്ങനെയാണ് ഹരിഹരന്‍ സാറിനെ കോണ്‍ടാക്ട് ചെയ്തത്,’ ദേവന്‍ പറഞ്ഞു.

Content Highlight: actor devan about vellam movie

We use cookies to give you the best possible experience. Learn more