നാദം എന്ന ചിത്രത്തിലൂടെ അഭിനയലോകത്തേക്ക് കടന്നുവന്ന നടനാണ് ദേവന്‍. പിന്നീട് നിരവധി ചിത്രങ്ങളില്‍ നായകനായും വില്ലനായും ദേവന്‍ ശ്രദ്ധേയനായി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ദേവന്‍ തന്റെ സാന്നിധ്യമറിയിച്ചു. ചില ചിത്രങ്ങള്‍ നിര്‍മിക്കുകയും ചെയ്ത ദേവന്‍ സീരിയല്‍ രംഗത്തും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
മലയാളസിനിമയിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കന്‍ വീരഗാഥയുടെ റീ റിലീസിനെക്കുറിച്ച് സംസാരിക്കുകയാണ് ദേവന്‍. പുതിയ തലമുറയിലെ ഒരുപാട് ആളുകള്‍ വടക്കന്‍ വീരഗാഥ തിയേറ്ററില്‍ നിന്ന് കാണാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് ദേവന്‍ പറഞ്ഞു. സിനിമയെ സീരിയസായി കാണുന്നവര്‍ക്ക് ഒരു പാഠപുസ്തകമാണ് ആ സിനിമയെന്നും ഓരോ ഷോട്ടും എങ്ങനെയെടുത്തു എന്നറിയാന്‍ അവര്‍ സിനിമ കാണുമെന്നും ദേവന്‍ കൂട്ടിച്ചേര്‍ത്തു.
മോഹന്‍ലാലിന്റെ ചില സിനിമകള്‍ ഈയടുത്ത് റീ റിലീസ് ചെയ്‌തെന്നും അതിന് വേണ്ടത്ര സ്വീകാര്യത കിട്ടിയില്ലെന്നും ദേവന്‍ പറഞ്ഞു. എന്നാല്‍ വടക്കന്‍ വീരഗാഥക്ക് അങ്ങനെ സംഭവിക്കില്ലെന്നും അത് തിയേറ്ററില്‍ നിന്ന് കാണാന്‍ ആഗ്രഹിക്കുന്ന ഒരുകൂട്ടം ആളുകള്‍ കേരളത്തിലുണ്ടെന്നും ദേവന്‍ കൂട്ടിച്ചേര്‍ത്തു. എം.ടി. വാസുദേവന്‍ നായരുടെ സ്‌ക്രിപ്റ്റും മമ്മൂട്ടി എന്ന നടന്റെ അഭിനയവും അത്ര ഗംഭീരമാണെന്നും ദേവന്‍ പറഞ്ഞു.
എന്നാല്‍ എം.ടിയുടെ സ്‌ക്രിപ്റ്റിനെക്കാള്‍ മാര്‍ക്ക് കൊടുക്കേണ്ടത് ഹരിഹരന്‍ എന്ന സംവിധായകനാണെന്നും അദ്ദേഹമില്ലെങ്കില്‍ ആ സിനിമ ഉണ്ടാവില്ലെന്നും ദേവന്‍ കൂട്ടിച്ചേര്‍ത്തു. എം.ടി. എഴുതിവെച്ചത് മമ്മൂട്ടിയുടെ വാക്കുകളിലൂടെ പ്രേക്ഷകരിലേക്കെത്തിക്കാന്‍ ഹരിഹരന്‍ എന്ന സംവിധായകന് മാത്രമേ സാധിക്കുകയുള്ളൂവെന്നും ദേവന്‍ പറഞ്ഞു. ഓണ്‍ലുക്കേഴ്‌സ് മീഡിയയോട് സംസാരിക്കുകയായിരുന്നു ദേവന്‍.
‘പുതിയ തലമുറയിലെ ഒരുപാട് ആളുകള്‍ വടക്കന്‍ വീരഗാഥ തിയേറ്ററില്‍ നിന്ന് കാണാന്‍ ആഗ്രഹിക്കുന്നുണ്ട്. അന്നത്തെ തലമുറയിലെ പലരും ആ സിനിമ തിയേറ്ററില്‍ നിന്ന് കണ്ടിട്ടുണ്ട്. പക്ഷേ, ഇപ്പോഴത്തെ കുട്ടികള്‍ക്ക് അതൊക്കെ ടി.വിയില്‍ മാത്രമേ കാണാന്‍ സാധിച്ചിട്ടുള്ളൂ. സിനിമയെ സീരിയസായി കാണുന്നവര്‍ക്ക് ഒരു പാഠപുസ്തകമാണ് ഒരു വടക്കന്‍ വീരഗാഥ.
മോഹന്‍ലാലിന്റെ ചില പടങ്ങള്‍ ഈയടുത്ത് റീ റിലീസ് ചെയ്തിട്ടും അതിനൊന്നും വലിയ അക്‌സപ്റ്റന്‍സ് കിട്ടിയില്ല. പക്ഷേ, ഈ പടത്തിന് അത് കിട്ടും. കാരണം, എം.ടിയുടെ സ്‌ക്രിപ്റ്റും മമ്മൂട്ടിയുടെ അഭിനയവും അത്രക്ക് ഗംഭീരമാണ്. പക്ഷേ, എം.ടിയുടെ സ്‌ക്രിപ്റ്റിനെക്കാള്‍ ഞാന്‍ മാര്‍ക്ക് കൊടുക്കുക ഹരിഹരന്‍ എന്ന സംവിധായകനാണ്. അദ്ദേഹമില്ലെങ്കില്‍ ആ സിനിമ ഉണ്ടാവില്ല. എം.ടി. എഴുതിയത് മമ്മൂട്ടിയിലൂടെ പ്രേക്ഷകരിലേക്കെത്തിയത് ഹരിഹരന്‍ എന്ന സംവിധായകന് മാത്രമേ സാധിക്കൂ,’ ദേവന്‍ പറയുന്നു.
Content Highlight: Actor Devan about the re release of Oru Vadakkan Veeragatha movie