കൊച്ചി: ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയയാളാണ് ദീപക് പറമ്പോല്‍. വിനീത് ചിത്രമായ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെ സിനിമാലോകത്ത് എത്തിയ ദീപക് നായകനാകുന്ന ചിത്രമാണ് ദി ലാസ്റ്റ് ടു ഡെയ്‌സ്.
ചിത്രം ഈയടുത്തിടെയാണ് ഒ.ടി.ടി. റിലീസ് ചെയ്തത്. ചിത്രത്തെപ്പറ്റിയുള്ള വിശേഷങ്ങള്‍ പറയുകയാണ് ദീപക്. കേരളകൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദീപക് മനസ്സുതുറന്നത്. സൗഹൃദങ്ങള്‍ തനിക്ക് അവസരങ്ങള്‍ തന്നുവെന്നാണ് ദീപക് പറയുന്നത്.
‘ഓഡിഷനിലൂടെ എത്തിയ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബാണ് ആദ്യ സിനിമ. അതിന് ശേഷം വിനീതേട്ടന്‍ തന്നെയാണ് എന്നെ തട്ടത്തിന്‍ മറയത്തില്‍ അഭിനയിപ്പിച്ചത്. രണ്ടുപ്രാവശ്യം വിനീതേട്ടന്‍ അവസരം തന്നു.
വിനീതേട്ടനുമായുള്ള സൗഹൃദം സിനിമയില്‍ ഉറപ്പായിട്ടും സഹായിച്ചിട്ടുണ്ട്. തിരയില്‍ വിനീതേട്ടന്റെ സഹസംവിധായകനായിരുന്നു ബേസില്‍. അങ്ങനെയാണ് കുഞ്ഞിരാമായണത്തില്‍ അഭിനയിക്കുന്നത്.
കുഞ്ഞിരാമായണത്തില്‍ അഭിനയിക്കുന്നതിന് മുമ്പേ ബേസിലുമായി നല്ല സൗഹൃദം ഉണ്ടായിരുന്നു. അവസരങ്ങള്‍ ലഭിക്കുന്നതിന് സൗഹൃദം ഒരുപരിധി വരെ സഹായിച്ചിട്ടുണ്ട്.
സിനിമയില്‍ അഭിനയിച്ച ശേഷം പലരുമായും സൗഹൃദം ഉണ്ടായിട്ടുണ്ട്. സൗഹൃദങ്ങള്‍ കാത്തു സൂക്ഷിക്കാനും നിലനിര്‍ത്താനും ശ്രമിക്കുന്നു,’ ദീപക് പറഞ്ഞു.
മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിന് ശേഷം നിരവധി ചിത്രങ്ങളിലാണ് ദീപക് ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചത്. സിം, ഡി കമ്പനി, യു ടൂ ബ്രൂട്ടസ്, നെല്ലിക്ക, ലോഹം, ഒരേ മുഖം, രക്ഷാധികാരി ബൈജു ഒപ്പ്, ഒറ്റമുറി വെളിച്ചം, ദി ഗ്രേറ്റ് ഫാദര്‍, ക്യാപ്റ്റന്‍, മനോഹരം, ബിടെക്ക് തുടങ്ങിയവയിലും ദീപക് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.