Film News
ബഹുമാനം കൊണ്ടായിരുന്നല്ലേ, ഞാന്‍ കരുതി നിനക്കെന്നോട് പുച്ഛമായിരിക്കുമെന്ന് : ലാലു അലക്‌സ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Oct 06, 01:14 pm
Friday, 6th October 2023, 6:44 pm

ശ്രീജിത്ത് ചന്ദ്രന്‍ സംവിധാനം ചെയ്ത് ലാലു അലക്സ്, ദീപക് പറമ്പോല്‍, മീര വാസുദേവന്‍, ദര്‍ശന സുദര്‍ശന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലായി ഒക്ടോബറില്‍ തിയേറ്ററുകളിലെത്തുന്ന ചിത്രമാണ് ഇമ്പം.

ഈ സിനിമയുടെ പ്രമോഷന്റെ ഭാഗമായി കൗമുദി മൂവിസിന് ലാലു അലക്സ്, ദീപക്, ദര്‍ശന എന്നിവര്‍ നല്‍കിയ അഭിമുഖത്തിലെ ചില തമാശ നിറഞ്ഞ ഭാഗങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

സിനിമയില്‍ ലാലു അലക്സിനൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടിയതിനെ പറ്റി സംസാരിക്കുകയായിരുന്നു ദീപക് പറമ്പോല്‍. അദ്ദേഹത്തിനോടുള്ള ബഹുമാനം കാരണം താന്‍ അധികം ലാലു അലക്സിന്റെ അടുത്തു പോയി സംസാരിച്ചിട്ടില്ല എന്നാണ് ദീപക് പറയുന്നത്. അതുകേട്ടതും ഉടനെ ലാലു അലക്സിന്റെ കൗണ്ടര്‍ വന്നു.

‘നമ്മള്‍ വര്‍ഷങ്ങളായി സിനിമയില്‍ കാണുന്ന വ്യക്തിയാണ് സാര്‍. ഞാന്‍ ലാലേട്ടനും മമ്മൂക്കക്കുമൊപ്പം കാണുന്ന ഒരാളാണ് അദ്ദേഹം. അങ്ങനെ ഒരു ആക്ടറിനൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടുകയെന്നു പറയുന്നതുതന്നെ വലിയ കാര്യമാണ്. ഇതെന്റെ ഭാഗ്യമായിട്ടാണ് കരുതുന്നത്. ഞാന്‍ സാറിനടുത്ത് പോയി അധികം സംസാരിച്ചിട്ടില്ല. കാരണം എനിക്കുള്ളില്‍ അദ്ദേഹത്തിനോട് അത്രയും ബഹുമാനമാണ്,’ ദീപക് പറമ്പോല്‍ പറഞ്ഞു

അതുകേട്ടതും ലാലു അലക്സ് ഇടയ്ക്കു കയറി കൗണ്ടറിച്ചു. ‘ഇപ്പോഴാണ് എനിക്ക് മനസിലായത് അതു ബഹുമാനമാണെന്ന്. ഞാന്‍ വിചാരിച്ചത് ഇവനെന്നോട് പുച്ഛമായിരിക്കുമെന്നാണ്,’ (അതോടെ എല്ലാവരും പൊട്ടിചിരിച്ചു)

‘പഴയ സിനിമകള്‍ കാണുമ്പോള്‍ അതിലൊരുപാട് കേള്‍ക്കുന്നത് കാരണം എവിടെ കേട്ടാലും തിരിച്ചറിയുന്ന ശബ്ദമാണ് സാറിന്റേത്. അപ്പോള്‍ പെട്ടെന്ന് സാറ് നമ്മളുടെയടുത്ത് വന്നു സംസാരിക്കുമ്പോള്‍ ആ ശബ്ദം കേള്‍ക്കാനൊരു സുഖമാണ്. അതില്‍ ഞാന്‍ വളരെ എക്‌സൈറ്റഡായിരുന്നു. ഞാന്‍ സാറിനടുത്തു പോയി അധികം സംസാരിക്കാതിരുന്നത് ഉറപ്പായിട്ടും അതുകൊണ്ടായിരുന്നു,’ ദീപക് അതിനു മറുപടിയായി പറഞ്ഞു

താന്‍ വെറുതെയൊരു തമാശ പറഞ്ഞതാണെന്ന് ലാലു അലക്സും പറഞ്ഞു. സിനിമയില്‍ യുവ കാര്‍ട്ടൂണിസ്റ്റായ നിധിന്‍ എന്ന കഥാപാത്രത്തെയാണ് ദീപക് ചെയ്യുന്നത്. ഒരു പഴയ പബ്ലിഷിങ് ഹൗസിന്റെ ഉടമയായ കരുണാകരനെന്ന കഥാപാത്രത്തെയാണ് ലാലു അലക്സ് അവതരിപ്പിക്കുന്നത്.

അഭിമുഖത്തിനിടയില്‍ ലാലു അലക്സിനോട് തനിക്ക് പ്രത്യേകമൊരു സ്‌നേഹമുണ്ടെന്നും സിനിമയുടെ പ്രമോഷന് കൂടെ നില്‍ക്കുന്നതില്‍ ഒരുപാടു സന്തോഷമുണ്ടെന്നും ദീപക് കൂട്ടിചേര്‍ത്തു.

‘സാറിനോട് പ്രത്യേകമൊരു സ്‌നേഹമുണ്ട്. ഒരുപാടു വര്‍ഷങ്ങളുടെ എക്‌സ്പീരിയന്‍സുള്ള ഒരാളാണ്. ഒരുപാട് സിനിമകളില്‍ അഭിനയിച്ച വ്യക്തിയാണ് സാര്‍. ഇനിയൊരു ഇന്റര്‍വ്യൂവിന് വന്നിരുന്നിട്ട് സാറിന് ഫേയ്മസാവേണ്ട ആവശ്യമില്ല. എന്നാല്‍ ഈ സിനിമയ്ക്ക് വേണ്ടി, ഇതിന്റെ പ്രമോഷന് സാറ് കൂടെ നില്‍ക്കുന്നു എന്നതില്‍ ഒരുപാട് സന്തോഷമുണ്ട്,’ ദീപക് പറഞ്ഞു

Content Highlight: Actor Deepak Parambol Talk About Lalu Alex