| Friday, 12th August 2022, 11:59 pm

നടന്‍ വിക്രം ഇനി ട്വിറ്ററിലും; മണിക്കൂറുകള്‍ക്കുള്ളില്‍ റെക്കോഡ് ഫോളോവേഴ്സ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ വിക്രം ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്റര്‍ ഹാന്‍ഡില്‍ ആരംഭിച്ച സന്തോഷം പങ്കുവെച്ചത്.

10-15 വര്‍ഷം വൈകിയെങ്കിലും ഇത് നല്ല സമയമാണ് എന്ന് അദ്ദേഹം ആദ്യമായി ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു. എല്ലാവരുടെയും സ്‌നേഹത്തിന് നന്ദിയെന്നും ഇനി ഇടയ്ക്ക് വരാമെന്നും വീഡിയോയില്‍ വിക്രം പറയുന്നുണ്ട്.

2016ലാണ് വിക്രം ഇന്‍സ്റ്റാഗ്രാമില്‍ ജോയിന്‍ ചെയ്തത്. കുറച്ച് വര്‍ഷങ്ങളായി താരം വീഡിയോകളും സെറ്റില്‍ നിന്നുള്ള രസകരമായ നിമിഷങ്ങളും പങ്കിടുകയും ചെയ്യാറുണ്ടായിരുന്നു. പക്ഷെ കുറച്ച് നാളുകളായി താരം ഇന്‍സ്റ്റാഗ്രാമില്‍ ആക്ടീവല്ല.

പാ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയാണ് വിക്രമിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ചിയാന്‍ 61 എന്ന് താല്‍കാലികമായി പേരിട്ടിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് കെ.ഇ ജ്ഞാനവേല്‍രാജയാണ്.

19-ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ജി വി പ്രകാശ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.

കിഷോര്‍ കുമാര്‍ ഛായാഗ്രഹണവും സെല്‍വ ആര്‍ കെ ചിത്രസംയോജനവും നിര്‍വ്വഹിക്കുന്നു. എസ് എസ് മൂര്‍ത്തി ആണ് കലാ സംവിധായകന്‍. കെജിഎഫ്, കമലഹാസന്‍ ചിത്രം വിക്രം എന്നിവയ്ക്ക് സംഘട്ടന രംഗങ്ങള്‍ ഒരുക്കിയ അന്‍പ് അറിവ് ആണ് ആക്ഷന്‍ കൊറിയോഗ്രഫി.

കോബ്രയാണ് നടന്റേതായി റിലീസിന് ഒരുങ്ങുന്ന സിനിമ. ഈ മാസം 31നാണ് ചിത്രം റിലീസ് ചെയ്യുക. തമിഴിന് പുറമെ തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

ആര്‍ അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡിമോന്റി കോളനി, ‘ഇമൈക്ക നൊടികള്‍’ എന്നീ സിനിമകള്‍ക്ക് ശേഷം അദ്ദേഹം ഒരുക്കുന്ന ചിത്രമാണ് കോബ്ര. കെജിഎഫിലൂടെ ശ്രദ്ധേയായ നടി ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് താരമായ ഇര്‍ഫാന്‍ പത്താനും സിനിമയിലൊരു സുപ്രധാന വേഷത്തില്‍
എത്തുന്നുണ്ട്.

മലയാളി താരങ്ങളായ റോഷന്‍ മാത്യു, സര്‍ജാനോ ഖാലിദ്, മിയ ജോര്‍ജ്, കനിഹ, പദ്മപ്രിയ, മാമുക്കോയ, ബാബു ആന്റ്‌റണി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Content Highlight: Actor Chiyan Vikram Joined on Twitter

We use cookies to give you the best possible experience. Learn more