|

അക്ഷയ് കുമാര്‍ മത്സരിക്കുന്നത് എന്റെ മകനോട്: താരത്തെ വേദിയിലിരുത്തി ചിരഞ്ജീവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അക്ഷയ് കുമാര്‍ തന്റെ സുഹൃത്താണെന്നും, എന്നാല്‍ അദ്ദേഹം ഇപ്പോള്‍ മത്സരിക്കുന്നത് തന്റെ മകന്‍ രാം ചരണിനോടാണെന്നും നടന്‍ ചിരഞ്ജീവി. അതുവഴി തെളിയുന്നത് അദ്ദേഹത്തിന്റെ ശക്തിയും കരുത്തുമാണെന്നും ചിരഞ്ജീവി പറഞ്ഞു. ഇന്‌റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയുടെ വേദിയില്‍വെച്ചാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘എന്റെ സുഹൃത്ത് അക്ഷയ് കുമാര്‍ ഇപ്പോള്‍ ഇവിടെയുണ്ട്. അടുത്തിടെ എന്റെ മകന്‍ രാം ചരണും, അക്ഷയ് കുമാറും ഒരേ വേദിയില്‍ നൃത്തം ചെയ്തിരുന്നു. ശരിക്കും ഇദ്ദേഹം എന്റെ സുഹൃത്താണ്, എന്നിട്ട് ഇപ്പോള്‍ മത്സരിക്കുന്നത് എന്റെ മകനുമായിട്ടാണ്. ഇത് തന്നെയാണ് അദ്ദേഹത്തിന്റെ ശക്തിയും കരുത്തും,’ ചിരഞ്ജീവി പറഞ്ഞു.

ചിരഞ്ജീവിയുടെ ഈ വാക്കുകള്‍ സന്തോഷത്തോടെയാണ് അക്ഷയ് കുമാര്‍ അതേ സദസിലിരുന്ന് കേട്ടത്. അടുത്തിടെ നടന്ന ഒരു മീഡിയ കോണ്‍ക്ലേവില്‍ രാം ചരണും, അക്ഷയ് കുമാറും പങ്കെടുത്തിരുന്നു. ആ പരിപാടിയില്‍ ഇരുവരും തങ്ങളുടെ മനസിലുള്ള സിനിമയെ കുറിച്ചും സംസാരിച്ചിരുന്നു. തുടര്‍ന്ന് ‘തു ചീസ് ബഡി ഹേ മസ്ത് മസ്ത്’ എന്ന ഗാനത്തിന് ചുവട് വെക്കുകയും ചെയ്തു. ആ നൃത്ത വീഡിയോ അതിവേഗം വൈറലാവുകയും ചെയ്തു.

ലൂസിഫറിന്റെ തെലുങ്ക് റീമേക്കായ ഗോഡ്ഫാദറാണ് ചിരഞ്ജീവി അഭിനയിച്ച അവസാന സിനിമ. ആ സിനിമയുടെ പേരില്‍ നിരവധി ട്രോളുകളും വന്നിരുന്നു. എന്നാല്‍ സിനിമയുടെ മലയാളം വേര്‍ഷന്‍ അത്ര പോരായെന്നാണ് ചിരഞ്ജീവി പക്ഷം. ‘വേദാന്ത് മറാത്തേ വീര്‍ ദൗദ്‌ലെ സാത്ത്’ ആണ് അക്ഷയ് കുമാറിന്റെ വരാന്‍ പോകുന്ന സിനിമ. ഛത്രപതി ശിവജി മഹാരാജയായാണ് താരം സിനിമയിലെത്തുന്നത്.

എന്നാല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോല്‍ തന്നെ അതിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി ആളുകള്‍ രംഗത്തുവന്നിരുന്നു. പരാജയങ്ങളില്‍ നിന്ന് മോചനം നേടാന്‍ കഴിയുമെന്ന പ്രതീക്ഷയുമായിട്ടാണ് അക്ഷയ് കുമാര്‍ വരുന്നത്. സുററൈ പോട്രിന്റെ ഹിന്ദി റിമേക്ക് അടക്കം നിരവധി സിനിമകളാണ് അക്ഷയ് കുമാറിന്റേതായി ഇനി പുറത്തുവരാനുള്ളത്.

content highlight: actor chiranjeevi talks about akshay kumar and ram charan