വിഷയം മനസിലാക്കാതെ വിഡ്ഢിത്തം എഴുതരുത്; ക്യാന്‍സര്‍ വാര്‍ത്തകളോട് പ്രതികരിച്ച് ചിരഞ്ജീവി
Entertainment news
വിഷയം മനസിലാക്കാതെ വിഡ്ഢിത്തം എഴുതരുത്; ക്യാന്‍സര്‍ വാര്‍ത്തകളോട് പ്രതികരിച്ച് ചിരഞ്ജീവി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 6th June 2023, 8:19 am

ക്യാന്‍സര്‍ രോഗ ബാധിതനാണെന്ന മാധ്യമവാര്‍ത്തകള്‍ക്കെതിരെ പ്രതികരണവുമായി നടന്‍ ചിരഞ്ജീവി. കുറച്ച് നാളുകള്‍ക്ക് മുമ്പ് ഒരു ക്യാന്‍സര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യുന്നതിനിടയില്‍ ക്യാന്‍സറിനെ പറ്റി അവബോധം വളര്‍ത്തുന്നതിനെ പറ്റി താന്‍ സംസാരിക്കുകയും വന്‍കുടലില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നുവെന്നും ചിരഞ്ജീവി പറഞ്ഞു.

പരിശോധനയില്‍ കണ്ടെത്തിയ ക്യാന്‍സറില്ലാത്ത പോളിപ്പുകള്‍ (അനാവശ്യമായി വളരുന്ന കലകള്‍) നീക്കം ചെയ്തുവെന്നും പരിശോധന നടത്തിയില്ലായിരുന്നുവെങ്കില്‍ അത് ക്യാന്‍സറായി വളരുമായിരുന്നുവെന്നും താന്‍ പറഞ്ഞിരുന്നുവെന്നും എന്നാല്‍ വാക്കുകള്‍ മനസിലാക്കാതെ മാധ്യമങ്ങള്‍ താന്‍ ക്യാന്‍സര്‍ ബാധിതനാണെന്ന് വാര്‍ത്ത കൊടുത്തുവെന്നും ചിരഞ്ജീവി പറഞ്ഞു. സത്യം മനസിലാക്കാതെ വിഡ്ഢിത്തം എഴുതരുതെന്നും താരം ട്വീറ്റ് ചെയ്തു.

ചിരഞ്ജീവിയുടെ ട്വീറ്റിന്റെ പൂര്‍ണ രൂപം

കുറച്ചുനാള്‍ മുമ്പ് ഒരു ക്യാന്‍സര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെ ക്യാന്‍സറിനെക്കുറിച്ച് അവബോധം വളര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഞാന്‍ സംസാരിച്ചിരുന്നു. പതിവായി മെഡിക്കല്‍ പരിശോധനകള്‍ക്ക് വിധേയമാകുകയാണെങ്കില്‍ ക്യാന്‍സര്‍ തടയാന്‍ കഴിയുമെന്ന് ഞാന്‍ പറഞ്ഞു.

അതിനൊപ്പം ഒരു കോളോന്‍ സ്‌കോപ്പ് ടെസ്റ്റ് (വന്‍കുടലില്‍ നടത്തുന്ന പരിശോന) നടത്തുകയും ചെയ്തു. ക്യാന്‍സറില്ലാത്ത പോളിപ്പുകള്‍ കണ്ടെത്തി നീക്കം ചെയ്തുവെന്ന് ഞാന്‍ പറഞ്ഞു. ‘ഈ പരിശോധന നടത്തിയില്ലായിരുന്നുവെങ്കില്‍, അത് ക്യാന്‍സറായി മാറുമായിരുന്നു’ എന്ന് മാത്രമാണ് അന്ന് ഞാന്‍ പറഞ്ഞത്. അതുകൊണ്ടാണ് എല്ലാവരും മുന്‍കരുതലുകള്‍ എടുക്കുകയും മെഡിക്കല്‍ ടെസ്റ്റുകള്‍ / സ്‌ക്രീനിംഗ് നടത്തുകയും ചെയ്യേണ്ടത്’, എന്നും പറഞ്ഞിരുന്നു.

എന്നാല്‍ ചില മാധ്യമ സ്ഥാപനങ്ങള്‍ ഇത് ശരിയായി മനസിലാക്കാതെ ‘എനിക്ക് ക്യാന്‍സര്‍ വന്നു’, ‘ചികിത്സ മൂലമാണ് ഞാന്‍ അതിജീവിച്ചത്’ എന്ന് സ്‌ക്രോളുകള്‍ കൊടുക്കുകയും ലേഖനങ്ങള്‍ എഴുതുകയും ചെയ്യാന്‍ തുടങ്ങി. ഇത് അനാവശ്യമായ ആശയക്കുഴപ്പത്തിന് കാരണമായി.

നിരവധി അഭ്യുദയകാംക്ഷികള്‍ എന്റെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ച് സന്ദേശങ്ങള്‍ അയക്കാന്‍ തുടങ്ങി. ഈ വിശദീകരണം അവര്‍ക്ക് വേണ്ടിയാണ്. അതുപോലെ അത്തരത്തിലുള്ള ചില മാധ്യമപ്രവര്‍ത്തകരോടും ഒരു അഭ്യര്‍ത്ഥന. വിഷയം മനസിലാക്കാതെ വിഡ്ഢിത്തം എഴുതരുത്. ഇക്കാരണത്താല്‍, പലരും ഭയപ്പെടുകയും വേദനിക്കുകയും ചെയ്യുന്നു.

Content Highlight: Actor Chiranjeevi reacts to media reports that he is suffering from cancer