Film News
വെറുതെ അടികൊണ്ടൊന്നും വരില്ല, എന്തേലും ഒരു സിഗ്നേച്ചര്‍ അവിടെ കൊടുത്തിട്ടേ വരൂ; കമല്‍ഹാസന്‍ ചിത്രത്തിലെ വേഷത്തെ കുറിച്ച് ചെമ്പന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Dec 10, 05:12 am
Friday, 10th December 2021, 10:42 am

കൊച്ചി: മാസ്റ്റര്‍ എന്ന ചിത്രത്തിന് ശേഷം കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ‘വിക്ര’ത്തില്‍ വില്ലന്‍ വേഷത്തിലാണ് മലയാളിയുടെ പ്രിയനടന്‍ ചെമ്പന്‍ വിനോദ് എത്തുന്നത്. ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച് പറയുകയാണ് ചെമ്പന്‍ വിനോദ് ഇപ്പോള്‍.

പുതിയ ചിത്രം ‘ഭീമന്റെ വഴി’യുടെ പ്രമോഷനിടെയായിരുന്നു ‘വിക്ര’ത്തിലെ വില്ലന്‍ വേഷത്തെ കുറിച്ചുള്ള ചോദ്യത്തിന് താരം മറുപടി നല്‍കിയത്.

ചിത്രത്തിലേത് ഒരു വില്ലന്‍ വേഷമാണെന്നും അത്രയേ തനിക്ക് ഇപ്പോള്‍ പറയാന്‍ സാധിക്കുകയുള്ളൂവെന്നും സംവിധായകന്‍ അതിന് മാത്രമേ അനുവദിച്ചിട്ടുള്ളൂ എന്നുമായിരുന്നു ചെമ്പന്‍ വിനോദ് പറഞ്ഞത്.

തല്ലു കൊള്ളുന്ന വില്ലന്‍ വേഷമാണോ എന്ന ചോദ്യത്തിന് ‘ഏയ്, അങ്ങനെ തല്ലു കൊള്ളുന്ന വില്ലന്‍ വേഷത്തില്‍ ഒന്നും നമ്മള്‍ പോയി തല വയ്ക്കില്ലെന്നായിരുന്നു ചെമ്പന്റെ മറുപടി.

‘ഇത്രനാള് കാത്തിരുന്നു കിട്ടിയതല്ലേ, ഇവിടെ നിന്ന് അവിടെ വരെ പോയി, വെറുതെ അടികൊണ്ടൊന്നും വരില്ല. എന്തേലും ഒരു സിഗ്നേച്ചര്‍ അവിടെ കൊടുത്തിട്ടേ വരൂ. അടിയില്ല, എന്നെ എന്തോ വെടിവച്ചാണ് കൊല്ലുന്നത്. ‘എന്നായിരുന്നു ചെമ്പന്റെ മറുപടി.

അതേസമയം കുഞ്ചാക്കോ ബോബനെ നായകനാക്കി അഷ്റഫ് ഹംസ സംവിധാനം ചെയ്ത ‘ഭീമന്റെ വഴി’ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ചെമ്പന്‍ വിനോദ് ജോസിന്റേത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. ഒരു പ്രധാന കഥാപാത്രത്തെയും ചെമ്പന്‍ അവതരിപ്പിച്ചിട്ടുണ്ട്.

‘തമാശ’ എന്ന വിജയചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ അഷ്റഫിന്റെ രണ്ടാമത്തെ ചിത്രമാണിത്. ചിന്നു ചാന്ദ്നിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ജിനു ജോസഫ്, വിന്‍സി അലോഷ്യസ്, നിര്‍മ്മല്‍ പാലാഴി എന്നിവരും ചിത്രത്തിലുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Chemban Vinod on Kamal Hassan Movie Vikram