കുറഞ്ഞകാലം കൊണ്ട് സിനിമയുടെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തിയാണ് ചെമ്പന്‍ വിനോദ് ജോസ്. നടനായി സിനിമയിലെത്തി പിന്നീട് തിരക്കഥാകൃത്തായും നിര്‍മ്മാതാവായും ഒരുപിടി നല്ല സിനിമകളുടെ ഭാഗമായ താരമാണ് അദ്ദേഹം.
ഇപ്പോള്‍ തന്റെ സിനിമാജീവിതത്തെ കുറിച്ച് തുറന്നുപറയുകയാണ് താരം. ജീവിതത്തില്‍ പലപ്പോഴും തനിക്ക് ഏറെ കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ടെങ്കിലും സിനിമയില്‍ ഒട്ടും തന്നെ സ്ട്രഗിള്‍ ചെയ്യേണ്ടി വന്നിട്ടില്ലെന്നാണ് ചെമ്പന്‍ വിനോദ് പറയുന്നത്.
അഭിനയവും തുടര്‍ന്നുണ്ടായ പല കാര്യങ്ങളും സ്വാഭാവികമായി സംഭവിച്ചതാണെന്നും ഒന്നും താന്‍ പ്ലാന്‍ ചെയ്തതല്ലെന്നും ചെമ്പന്‍ വിനോദ് പറഞ്ഞു.
‘ചെറുപ്പം മുതല്‍ ഞാന്‍ എന്ത് പ്ലാന്‍ ചെയ്താലും നടക്കാറില്ല. അതുകൊണ്ട് തന്നെ ഞാന്‍ അങ്ങനെ കാര്യമായി ഒന്നും പ്ലാന്‍ ചെയ്യാറില്ല. പിന്നെ ഇതൊന്നും ഞാന്‍ പ്ലാന്‍ ചെയ്ത് സംഭവിച്ചതല്ലല്ലോ.
സിനിമയില്‍ ഞാന്‍ സ്ട്രഗിള്‍ ചെയ്തിട്ടില്ല എന്നുതന്നെ പറയാം. അല്ലാതെ ഞാന്‍ ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. സിനിമയില്‍ അങ്ങനെ വേണ്ടിവന്നിട്ടില്ല,’ ചെമ്പന്‍ വിനോദ് ജോസ് പറഞ്ഞു.
സിനിമ തന്റെ ജീവിതത്തിലെ രണ്ടാം ഇന്നിംഗ്‌സാണെന്ന് തന്നെ പറയാമെന്നും അവതാരകയുടെ ചോദ്യത്തിന് മറുപടിയായി ചെമ്പന്‍ വിനോദ് പറഞ്ഞു. ഏഷ്യാവില്‍ മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2010ലിറങ്ങിയ നായകന്‍ എന്ന ചിത്രത്തിലൂടെയാണ് ചെമ്പന്‍ വിനോദ് സിനിമയിലെത്തുന്നത്. ആമേന്‍, ടമാര്‍ പടാര്‍, സപ്തമശ്രീ തസ്‌കര, ഇയോബിന്റെ പുസ്തകം, കൊഹിനൂര്‍, ഒരു സെക്കന്റ് ക്ലാസ് എന്നീ ചിത്രങ്ങളിലൂടെ നടനമികവ് തെളിയിച്ച ചെമ്പന്‍ വിനോദ് ഈ.മ.യൗവിലൂടെ മികച്ച നടനുള്ള നിരവധി പുരസ്‌കാരങ്ങള്‍ നേടി.
2017ലിറങ്ങിയ അങ്കമാലി ഡയറീസിലൂടെയാണ് തിരക്കഥയെഴുത്തിലേക്ക് ചെമ്പനെത്തുന്നത്. അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഭീമന്റെ വഴിക്കാണ് അദ്ദേഹം ഇപ്പോള്‍ തിരക്കഥയൊരുക്കുന്നത്. ഈ ചിത്രത്തിന്റെ നിര്‍മ്മാണത്തിലും ചെമ്പന്‍ വിനോദ് പങ്കാളിയാണ്.
സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, തമാശ, ജല്ലിക്കെട്ട്, ചുരുളി എന്നീ ചിത്രങ്ങള്‍ ചെമ്പന്‍ വിനോദ് നിര്‍മ്മിച്ചിരുന്നു.