വീട്ടില്‍ അപ്പച്ചനും അമ്മച്ചിയുമൊക്കെ സിനിമ കാണുന്നവരാണെങ്കിലും കുടുംബമായിട്ടു സിനിമയ്ക്ക് പോകുന്നതൊക്കെ അന്നും ഇന്നും കുറവാണെന്ന് നടന്‍ ചെമ്പന്‍ വിനോദ്. മാസത്തില്‍ ഒന്നോ രണ്ടോ സിനിമയൊക്കെ അപ്പച്ചനും അമ്മച്ചിയും കണ്ടാല്‍ ആയെന്നും എന്നാല്‍ കുട്ടിക്കാലത്തും മിക്കവാറും സിനിമകള്‍ താന്‍ കാണുമായിരുന്നെന്നും ചെമ്പന്‍ വിനോദ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
‘ഞാനൊരു ഏഴാം ക്ലാസുമുതല്‍ ഒറ്റയ്ക്കു സിനിമയ്ക്കു പോകുമായിരുന്നു. അങ്കമാലിയിലും ആലുവയിലും സിനിമ കാണാന്‍ പോവും. അങ്കമാലിയില്‍ സുഹൃത്തുക്കളുണ്ട്. പക്ഷേ അതിലുമധികം സുഹൃത്തുക്കള്‍ എനിക്ക് ബെംഗളൂരുവിലാണ്. പത്തിരുപത് കൊല്ലം ഞാന്‍ ബെംഗളൂരുവിലായിരുന്നു. പതിനേഴാമത്തെ വയസിലൊക്കെ ബെംഗളൂരുവില്‍ പോയിട്ട് പിന്നെ തിരിച്ചുവരുന്നതു പത്തിരുപത് വര്‍ഷം കഴിഞ്ഞാണ്. എന്റെയൊരു ക്യാരക്ടര്‍ ഫോര്‍മേഷനൊക്കെ അവിടുന്നായിരുന്നു, ചെമ്പന്‍ പറയുന്നു.
സിനിമക്കാരനാവുന്നതില്‍ വീട്ടുകാര്‍ പിന്തുണച്ചോ എന്ന ചോദ്യത്തിന് അങ്ങനെയൊന്നുമില്ലെന്നും എന്റെയമ്മയ്‌ക്കെന്തായാലും സിനിമേല്‍ വന്നിട്ട് ഞാന്‍ വഴിതെറ്റിപ്പോകുമെന്നൊന്നും പേടിയുണ്ടാവാന്‍ സാധ്യതയില്ലെന്നും കാരണം ഞാനതിന് കുറേക്കാലം മുന്‍പേ വഴിതെറ്റിയനായിരുന്നെന്നുമായിരുന്നു ചിരിച്ചുകൊണ്ടുള്ള ചെമ്പന്‍ വിനോദിന്റെ മറുപടി. അമ്മ എന്റെ എല്ലാ സിനിമയും കാണും. നന്നായിരുന്നു എന്നോ കുറച്ചുകൂടി കോമഡി വേണമായിരുന്നെടാ എന്നോ പറഞ്ഞെന്നിരിക്കും. ഇതുവരെ മോശമൊന്നും പറഞ്ഞിട്ടില്ല.