| Wednesday, 6th January 2021, 5:27 pm

ഷൂട്ടിങ് കഴിഞ്ഞ് നല്ല വസ്ത്രവും കൂളിങ് ഗ്ലാസും ധരിച്ച് നല്ല ഭക്ഷണം കഴിച്ച് സുഖമായി ഉറങ്ങലല്ല ലക്ഷ്യം: ചെമ്പന്‍ വിനോദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടനായും തിരക്കഥാകൃത്തായും തിളങ്ങുന്ന ചെമ്പന്‍ വിനോദ് മലയാള സിനിമയിലെ ഒഴിച്ചുകൂടാനാവാത്ത ഒരു താരമായി മാറിക്കഴിഞ്ഞു. ചെമ്പന്‍ വിനോദിന്റെ മുഖം സ്‌ക്രീനില്‍ കാണുമ്പോള്‍ ആരാധകര്‍ക്ക് ഉണ്ടാവുന്ന ആവേശവും ആഘോഷവും ഒന്ന് വേറെ തന്നെയാണ്.

ലോകസിനിമയില്‍ എന്ത് സംഭവിക്കുന്നുവെന്ന് കാണുകയും മനസിലാക്കുകയും ചെയ്യുന്ന ആളാണ് താനെന്നും അത് നല്ലതാണെന്നും പറയുകയാണ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ ചെമ്പന്‍ വിനോദ്.

നമ്മളുടെ തൊഴില്‍ സിനിമയാണ്. അതുകൊണ്ട് ലോകസിനിമയെ കുറിച്ച് അറിയുന്നതും മനസിലാക്കുന്നതും നല്ലതാണെന്നാണ് ചെമ്പന്റെ അഭിപ്രായം. അല്ലാതെ ഷൂട്ടിങ് കഴിഞ്ഞ് നല്ല വസ്ത്രവും കൂളിങ് ഗ്ലാസും വെച്ചുനടന്ന് പിന്നെ വീട്ടില്‍ വന്ന് നല്ല ഭക്ഷണവും കഴിച്ച് സുഖമായി ഉറങ്ങലല്ലല്ലോ ലക്ഷ്യമെന്നും ചെമ്പന്‍ വിനോദ് പറയുന്നു. ‘ വെള്ളിത്തിരയിലെന്തു സംഭവിക്കുന്നുവെന്നതിനെ പറ്റി ഐഡിയ വേണം. കാരണം ഇതെല്ലാം നമ്മുടെ ഇഷ്ടമുള്ള കാര്യങ്ങളാണല്ലോ. ഒരു പുതിയ സിനിമ നെറ്റ്ഫ്‌ളിക്‌സില്‍ ഇറങ്ങിയോ, ആമസോണിലിറങ്ങിയോ എന്നിങ്ങനെ സിനിമ ഇഷ്ടമുള്ളവരുടെ കൂട്ടുകെട്ടില്‍ നിന്നറിയാം. ‘ ചെമ്പന്‍ പറയുന്നു.

ഏത് സിനിമകളാണ് കാണാറെന്നും ഇഷ്ടമുള്ള സിനിമകള്‍ ഏതൊക്കെയാണെന്നുമുള്ള ചോദ്യത്തിന് അതേക്കുറിച്ചൊക്കെ ഞാന്‍ പറഞ്ഞാല്‍ നമ്മള്‍ വലിയ വായില്‍ പറേണതാണെന്നല്ലേ പറയുക എന്ന് പറഞ്ഞായിരുന്നു ചെമ്പന്‍ മറുപടി തുടങ്ങിയത്.

‘ എനിക്ക് ഇഷ്ടമുള്ള ഒരുപാട് സിനിമകളൊക്കെയുണ്ട്. മെക്‌സിക്കന്‍ തിരക്കഥാകൃത്തും സംവിധായകനുമൊക്കെയായ ഗുല്ലേര്‍മോ അറിയാഗ എന്നയാളുടെ റൈറ്റിങ് പാറ്റേണ്‍ എനിക്ക് വലിയ ഇഷ്ടമുള്ള ഒന്നാണ്. അദ്ദേഹത്തിന് 21 ഗ്രാംസ് , അലക്‌സാണ്ടര്‍ ഗൊണ്‍സാലസ് ഇനാറിറ്റുവിന്റെ അമോറസ് പെറോസ് അടക്കമുള്ള മിക്ക ഫിലിംസിനും അറിയാഗ എഴുതിയ തിരക്കഥകള്‍, ദി ത്രീ ബമെല്‍ക്വിയാസ് എസ്ട്രാഡ, ബാബേല്‍ എന്നീ സിനിമകള്‍, തിരക്കഥാരചനയില്‍ ഈ നോണ്‍ ലിനിയര്‍ കഥ പറച്ചിലിന്റെ രീതി കൊണ്ടുവന്നിരിക്കുന്നത് ഗുല്ലാര്‍ മോ അറിയാഗയാണ്.

ടാറന്റിനോയുടെ ഫിലിം മേക്കിങ്, മാര്‍ട്ടിന്‍ സ്‌കോര്‍സസ്, ഗുഡ്‌ഫെല്ലാസ് പോലെയുള്ള ഫിലിംസ്, ഗ്വീസപ്പ് ടൊര്‍ണാടോറിന്റെ സിനിമാ പാരാഡിസോ, അങ്ങനേയും സിനിമകള്‍ നിര്‍മ്മിക്കപ്പെടുന്നുണ്ടെന്നത് ഭയങ്കര അത്ഭുതത്തോടെയും കൗതുകത്തോടുമാണ് ഞാന്‍ അറിഞ്ഞത്. നമ്മള്‍ ഇടപെടുന്നതും കാണുന്നതും എപ്പോഴും ഒരു ആവറേജ് ആയിരിക്കുമല്ലോ മജീദി മജീദിയുടെ സിനിമകളും എനിക്കിഷ്ടമാണ്’, ചെമ്പന്‍ വിനോദ് പറഞ്ഞു.

സിനിമയില്‍ ഒരുപാട് സുഹൃത്തുക്കളുണ്ടെങ്കിലും അധികം ക്ലോസ് ഫ്രണ്ട്‌സില്ലെന്നും താരം പറയുന്നു. ലിജോ ആണ് ക്ലോസ് ഫ്രണ്ട്. അത് നമ്മള്‍ ചെറുപ്പത്തിലേ ഫ്രണ്ട്‌സ് ആയതിന്റെ ഒരു ഇതാണ്. ഒന്നോ രണ്ടോ പേര്‍ മതി ജീവിതത്തില്‍ ക്ലോസ് ഫ്രണ്ടായിട്ട്. ക്ലോസ് ഫ്രണ്ട് അധികമായാല്‍ അതൊരു ശാപമാണ്’, ചെമ്പന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Chemban Vinod About His Cinema Life

We use cookies to give you the best possible experience. Learn more