| Thursday, 25th May 2023, 5:11 pm

പെപ്പെ എന്ന പേര് എന്റെ മകന് ഇടാന്‍ വെച്ചതായിരുന്നു, അത് സാധിച്ചില്ല, അങ്ങനെയാണ് അങ്കലമാലി ഡയറീസില്‍ ആ പേര് കൊണ്ടുവന്നത്: ചെമ്പന്‍ വിനോദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അങ്കമാലി ഡയറീസിലെ പെപ്പെ എന്ന പേര് തന്റെ മകന് ഇടാന്‍ വെച്ചിരുന്നതായിരുന്നെന്ന് നടന്‍ ചെമ്പന്‍ വിനോദ്. താന്‍ പേരുകളോട് ഭയങ്കര കൗതുകമുള്ള ആളാണെന്നും എന്നാല്‍ ആ പേര് തന്റെ മകന് ഇടാന്‍ സാധിച്ചില്ലെന്നും ചെമ്പന്‍ വിനോദ് റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അങ്കമാലി ഡയറീസിന് തിരക്കഥയൊരുക്കിയത് ചെമ്പന്‍ വിനോദായിരുന്നു.

‘പേരുകളോട് ഭയങ്കര കൗതുകം ഉള്ള ആളാണ് ഞാന്‍. അങ്കമാലി ഡയറീസിലെ പെപ്പെ എന്ന പേര് എന്റെ മകന് ഇടാന്‍ വെച്ചിരുന്ന പേരാണ്. ക്രിസ് പെപ്പെ എന്നാണ് ഞാന്‍ ഇടാന്‍ വെച്ചിരുന്നത്. അപ്പോള്‍ അന്ന് എന്റെ കസിന്‍സും ബന്ധുക്കളുമെല്ലാം പറഞ്ഞു പെപ്പെ എന്നൊക്കെ ഇട്ടു കഴിഞ്ഞാല്‍ സ്‌കൂളില്‍ പോയാല്‍ കുട്ടികള്‍ കളിയാക്കും എന്ന്.

എന്റെ മകന്റെ അമ്മ അതായത് എന്റെ മുന്‍ ഭാര്യക്ക് ജോണ്‍ എന്ന് ഇടണമെന്ന് വലിയ ആഗ്രഹമായിരുന്നു. ഞാന്‍ ആലോചിച്ചപ്പോള്‍ അത് ശരിയാണെന്ന് തോന്നി. കാരണം അവരാണ് പ്രസവിച്ച് അവനെ വളര്‍ത്തികൊണ്ടിരിക്കുന്നത്. അപ്പോള്‍ നമ്മള്‍ അതിനെ ആണല്ലോ റെസ്പക്റ്റ് ചെയ്യേണ്ടത്. ഇപ്പോള്‍ എന്റെ മകന്റെ പേര് ജോണ്‍ ക്രിസ് ചെമ്പന്‍ എന്നാണ്,’ ചെമ്പന്‍ വിനോദ് പറഞ്ഞു.

താന്‍ എഴുതിയ ചിത്രമല്ല ചുരുളി എന്നും പക്ഷെ താന്‍ ജനിച്ചു വളര്‍ന്ന നാട്ടിലെ ആളുകള്‍ തെറി വാക്കുകള്‍ ഉപയോഗിക്കാറുണ്ടെന്നും ചെമ്പന്‍ വിനോദ് പറഞ്ഞു. ഇംഗ്ലീഷില്‍ പല തെറികളും നമുക്ക് സ്റ്റാന്‍ഡേര്‍ഡ് ആണ് എന്നാല്‍ മലയാളത്തില്‍ മോശമാകുന്നത് എങ്ങനെയാണെന്നും നടന്‍ ചോദിച്ചു.

‘ഞാന്‍ എഴുതിയ സിനിമയല്ല ചുരുളി. ഞാന്‍ പ്രൊഡ്യൂസ് ചെയ്ത ചിത്രമാണ്. ഞാന്‍ ജനിച്ച് വളര്‍ന്ന നാട് അങ്കമാലി ആണ്. ലിജോ ജോസ് പെല്ലിശേരി ജനിച്ച് വളര്‍ന്നത് ചാലക്കുടിയും. ഈ പറഞ്ഞ തെറികളെല്ലാം ഉപയോഗിക്കാറുണ്ട്. ഞങ്ങള്‍ ചെറുപ്പം മുതല്‍ കേട്ടു വളര്‍ന്നിട്ടുള്ളതാണ്.

പിന്നെ ഇത് നമ്മള്‍ കണ്ടുപിടിച്ച ഒന്നല്ല. ഇതൊക്കെ കാലാകാലങ്ങളായി ഇവിടെ ഉള്ളതാണ്. പിന്നെ ഇതിനൊരു നിഘണ്ടു ഇല്ല. ശരിക്കും പറഞ്ഞാല്‍ ഈ സിനിമക്കെതിരെ ഒരു മേഡം ഹൈക്കോടതിയില്‍ കേസ് കൊടുത്തിരുന്നു.

പിന്നീട് ഞാന്‍ നോക്കുമ്പോള്‍ ഒരു കൂട്ടം പൊലീസുകാര്‍ ഇതിനെ വിലയിരുത്തുകയൊക്കെ ഉണ്ടായി. ഇംഗ്ലീഷില്‍ നമുക്ക് പല തെറികളും കേള്‍ക്കുമ്പോള്‍ സ്റ്റാന്‍ഡേര്‍ഡും മലയാളത്തില്‍ കേള്‍ക്കുമ്പോള്‍ മോശവും ആകുന്നത് എങ്ങനെയാണ്. നമ്മള്‍ ദേഷ്യം എക്സ്പ്രസ് ചെയ്യാനെല്ലാം തെറി വിളിക്കും. പക്ഷെ അത് ഒരു നല്ല കാര്യമാണ് എന്നൊന്നും ഞാന്‍ പറയില്ല. അത് ഒരു ചീത്ത സ്വഭവമാണ്, ചീത്ത കീഴ്വഴക്കമാണ്. എന്നാലും ആളുകള്‍ അത് പറയും.

നമ്മള്‍ നമ്മുടെ ഇമോഷന്‍ ആണ് അവിടെ പറയുന്നത്. അത് കഴിഞ്ഞാല്‍ ആ പ്രശ്നം അവിടെ തീര്‍ന്നു. പക്ഷെ ആളുകള്‍ പറയുന്നത് എന്താണ് അങ്ങനെ പറയാന്‍ പാടില്ല നീ ദേഷ്യം ഉള്ളില്‍ വെച്ചിട്ട് അവനോട് പിന്നെ ഒരു അവസരം കിട്ടുമ്പോള്‍ തിരിച്ച് പെരുമാറണം എന്നാണ്, അതാണ് സൊസൈറ്റി ആഗ്രഹിക്കുന്നത്’ ചെമ്പന്‍ വിനോദ് പറഞ്ഞു.

നല്ല നിലാവുള്ള രാത്രിയാണ് ചെമ്പന്‍ വിനോദിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. മര്‍ഫി ദേവസി സംവിധാനവും തിരക്കഥയുമെഴുതി സാന്ദ്ര തോമസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ബാബുരാജ്, ജിനു ജോസഫ്, ബിനു പാപ്പു എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

Content Highlight: Actor Chemban Vinod About Ankamali Diaries and The Name Peppe

We use cookies to give you the best possible experience. Learn more