മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിനെ പറ്റിയും മലയാള സിനിമയെ പറ്റിയും പറയുകയാണ് നടന്‍ ചാര്‍ളി. മമ്മൂട്ടിയുടെ തമിഴ് ഡയലോഗ് ഡെലിവറി കണ്ട് താന്‍ അന്തംവിട്ട് നിന്നിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ അഭിനയവും തമിഴ് ഡയലോഗും കഥാപാത്രത്തെ അത്രയും ആഴത്തില്‍ ഉള്‍ക്കൊണ്ടിട്ടുണ്ട് എന്നതിന്റെ അടയാളം തന്നെയാണെന്നും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ചാര്‍ളി പറഞ്ഞു.
‘മലയാളത്തിന്റെ സൂപ്പര്‍ താരം മമ്മൂട്ടിക്കൊപ്പം തമിഴില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയിട്ടുണ്ട്. മലയാളത്തില്‍ നിന്നുമെത്തിയ മമ്മൂട്ടി തമിഴില്‍ ഡയലോഗ് ഡെലിവറി ചെയ്യുന്നത് കണ്ട് ഞാന്‍ അന്തംവിട്ടു നിന്നിട്ടുണ്ട്. ഭാഷയ്ക്കപ്പുറം ഒരു നടന്‍ തന്റെ കഥാപാത്രത്തെ അത്രമേല്‍ ആഴത്തില്‍ ഉള്‍ക്കൊള്ളുമ്പോള്‍ അവിടെയാണ് ഡയലോഗ് അയാളുടെ ഹൃദയത്തില്‍ നിന്നും പിറക്കുന്നത്. മമ്മൂട്ടിയുടെ അഭിനയവും തമിഴ് ഡയലോഗും അതിന്റെ അടയാളം തന്നെയാണ്.
ഫാസില്‍, പ്രിയദര്‍ശന്‍ തുടങ്ങിയ മലയാളത്തിന്റെ അതുല്യ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതും എനിക്ക് അഭിനയരംഗത്ത് വലിയ പാഠങ്ങളാണ് സമ്മാനിച്ചത്.
മലയാളം എനിക്ക് ഒരുപാട് ഇഷ്ടമുള്ള സിനിമാ രംഗമാണ്. ക്യാമറക്ക് മുന്നിലും പിന്നിലും അപാരമായ കഴിവുള്ള കലാകാരന്മാരുള്ള മലയാളത്തില്‍ നിന്നും എത്രയോ നല്ല ചിത്രങ്ങളാണ് പിറക്കുന്നത്.
പൃഥ്വിരാജ് ബ്രോ ഡാഡിയിലേക്ക് ക്ഷണിച്ചപ്പോള്‍ സന്തോഷത്തോടുകൂടി തന്നെയാണ് സ്വീകരിച്ചത്. ചെറിയ കള്ളനും വലിയ പൊലീസും എന്ന മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്. അവസരം ലഭിച്ചാല്‍ ഇനിയും മലയാളത്തിലേക്ക് തന്നെ വരണമെന്നാണ് ആഗ്രഹം. മലയാളത്തില്‍ നിന്നും ഒരു വിളി കാതോര്‍ത്തിരിക്കുകയാണ് ഞാന്‍,’ ചാര്‍ളി പറഞ്ഞു.
തമിഴ് സിനിമയിലെ പ്രഗത്ഭര്‍ക്കൊപ്പം അഭിനയിച്ച അനുഭവവും ചാര്‍ളി പങ്കുവെച്ചു. ‘കമല്‍ഹാസനും രജിനികാന്തുമൊക്കെ ഇതിഹാസ താരങ്ങളാണ്. അവര്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ അവരില്‍ നിന്നും കിട്ടുന്ന ഊര്‍ജവും പ്രോത്സാഹനവുമൊക്കെ സഹതാരങ്ങളേയും ജ്വലിപ്പിക്കും. ഞാന്‍ അത് അനുഭവിച്ച് അറിഞ്ഞ ആളാണ് ഞാന്‍.
ഗൗണ്ടമണി, സെന്തില്‍, വടിവേലു, വിവേക് തുടങ്ങിയ ഹാസ്യതാരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതും എന്നിലെ അഭിനേതാവിനെ സഹായിച്ചിട്ടുണ്ട്. വിജയ്, അജിത്ത് എന്നിവരുടെ കൂടെയുള്ള അഭിനയവും അവിസ്മരണീയങ്ങളായ കുറെ നിമിഷങ്ങളും പാഠങ്ങളും എനിക്ക് സമ്മാനിച്ചിട്ടുണ്ട്,’ ചാര്‍ളി പറഞ്ഞു.
Content Highlight: actor charley about mammootty’s dialogue delivery