എന്താ ഇവിടെ ചെയ്യുന്നത്, ഇതിന്റെ സൂത്രധാരന്‍ നീയല്ലേ, എന്ന് ലാലേട്ടന്‍ ചോദിച്ചു; ശരിക്കും ഇങ്ങനൊക്കെയുണ്ടെന്ന് പുള്ളി പറയുമ്പോള്‍ വിശ്വസിക്കണമല്ലോ: ചന്തുനാഥ്
Entertainment news
എന്താ ഇവിടെ ചെയ്യുന്നത്, ഇതിന്റെ സൂത്രധാരന്‍ നീയല്ലേ, എന്ന് ലാലേട്ടന്‍ ചോദിച്ചു; ശരിക്കും ഇങ്ങനൊക്കെയുണ്ടെന്ന് പുള്ളി പറയുമ്പോള്‍ വിശ്വസിക്കണമല്ലോ: ചന്തുനാഥ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 8th October 2022, 4:32 pm

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ജീത്തു ജോസഫ് അണിയിച്ചൊരുക്കിയ ത്രില്ലര്‍ ചിത്രമായിരുന്നു ട്വല്‍ത് മാന്‍.

സൈജു കുറുപ്പ്, ഉണ്ണി മുകുന്ദന്‍, ശിവദ, അനു സിത്താര, രാഹുല്‍ മാധവ്, അനുശ്രീ, ചന്തുനാഥ്, അതിഥി രവി, പ്രിയങ്ക നായര്‍, അനു മോഹന്‍, ലിയോണ ലിഷോയ് എന്നിങ്ങനെ വമ്പന്‍ താരനിര അണിനിരന്ന ചിത്രം ഒ.ടി.ടിയിലായിരുന്നു റിലീസ് ചെയ്തത്.

ട്വല്‍ത് മാനിന്റെ ഷൂട്ടിങ്ങ് സമയത്ത് ഒരുമിച്ച് താമസിച്ചതിനെ കുറിച്ചും സുഹൃത്തുക്കളായതിനെ കുറിച്ചും സംസാരിക്കുകയാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ അനു മോഹന്‍, അനുശ്രീ, അതിഥി രവി, ചന്തുനാഥ് എന്നിവര്‍.

ചന്തുവേട്ടന്‍ നന്നായി പ്രേതക്കഥ പറയും എന്ന നടി അതിഥി രവിയുടെ കമന്റിന് മറുപടിയായി ലൊക്കേഷനിലെ ‘ഓജോ ബോര്‍ഡ്’ കഥകളും ചന്തുനാഥ് അഭിമുഖത്തില്‍ പങ്കുവെക്കുന്നുണ്ട്.

”ഇവര് പേടിക്കുന്നത് കാണുമ്പോള്‍ എനിക്ക് വല്ലാത്തൊരു സന്തോഷമാണ്. നന്നായി പേടിച്ച് ഉറങ്ങിയിട്ടുണ്ട് ഇവര്‍.

ഓജോ ബോര്‍ഡ് കളിക്കുമായിരുന്നു. അത് വര്‍ക്ക്ഡായി എന്ന് ആളുകളെ വിശ്വസിപ്പിക്കുക എന്നതിലാണ് കാര്യം. ഞങ്ങള്‍ ആളുകളെയൊക്കെ സെറ്റ് ചെയ്ത് വെച്ചു, എല്ലാ ആമ്പിയന്‍സുമുണ്ടാക്കി.

ട്വല്‍ത് മാന്റെ ഷൂട്ടിങ് നടന്ന കോട്ടേജ് ഒരു ഹോണ്ടിങ് സ്ഥലം പോലെയാണ്. അതുകൊണ്ട് പ്രേതക്കഥക്കുള്ള ആമ്പിയന്‍സ് സെറ്റാണ്. പിന്നെ ഇത്രയും ഫ്രജൈലായ, പേടിക്കാന്‍ റെഡിയായി നില്‍ക്കുന്ന ഇവരെ പോലുള്ളവരുള്ളപ്പോള്‍… പിന്നെ എല്ലാം റെഡിയാണ്.

ഞാനും അനുവുമാണ് (അനു മോഹന്‍) ഇതിന്റെ മെയിന്‍. മെഴുകുതിരി ഊതിയണക്കുന്നതിലാണ് അനു മിടുക്കന്‍. ഇവന്‍ റൗണ്ടിലൊക്കെ ഊതും, കാറ്റ് കറങ്ങിത്തിരിഞ്ഞൊക്കെ വന്ന് മെഴുകുതിരി കെടുത്തും.

ലാലേട്ടന്‍ വന്നിട്ട് ചോദിച്ചു, ‘നീയെന്താ ആ കുട്ടികളെ ചെയ്തത്. നീയെന്താ ഇവിടെ കാണിക്കുന്നത്, ഇതിന്റെ സൂത്രധാരന്‍ നീയല്ലേ,’ എന്ന്. അല്ല ലാലേട്ടാ ഈ ഓജോ ബോര്‍ഡിന്റെ.., എന്ന് പറഞ്ഞപ്പോള്‍, ‘അങ്ങനെയൊക്കെ ഉണ്ട് കേട്ടോ, ശരിക്കും ഇങ്ങനത്തെ കാര്യങ്ങളുണ്ട്, ഇങ്ങനെയൊന്നും ചെയ്യണ്ട,’ എന്ന് പറയും. പുള്ളി പറയുമ്പോള്‍ വിശ്വസിക്കണമല്ലോ,” ചന്തുനാഥ് പറഞ്ഞു.

ട്വല്‍ത് മാനിലൂടെ തങ്ങളെല്ലാവരും യഥാര്‍ത്ഥത്തില്‍ വലിയ സുഹൃത്തുക്കളായി മാറിയെന്നും മൊബൈല്‍ ഫോണിന് റേഞ്ച് ഇല്ലാതിരുന്ന സ്ഥലമായതിനാലാണ് എല്ലാവര്‍ക്കും ഇത്ര ക്ലോസാകാന്‍ കഴിഞ്ഞതെന്നും ട്വല്‍ത് മാന്‍ താരങ്ങള്‍ പറഞ്ഞു.

Content Highlight: Actor Chandunath shares an experience with Mohanlal from the set of Twelfth Man movie