ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത 18ാം പടിയിലൂടെ സിനിമാരംഗത്തേക്കെത്തിയ നടനാണ് ചന്തുനാഥ്. ചുരുങ്ങിയ കാലം കൊണ്ട് മികച്ച സിനിമകളുടെ ഭാഗമാവാന്‍ താരത്തിന് കഴിഞ്ഞു. വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന അന്ധകാരയാണ് താരത്തിന്റെ പുതിയ ചിത്രം. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലുമായുള്ള ഷൂട്ടിങ് അനുഭവങ്ങള്‍ താരം പങ്കുവെച്ചു. മോഹന്‍ലാല്‍ ചിത്രം റാമില്‍ ചന്തുനാഥും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റാമിന്റെ റിലീസ് നീണ്ടുപോവുന്നതില്‍ ചന്തുവിന്റെ ആകുലതകള്‍ എന്തൊക്കെയാണ് എന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.
‘റാം എന്ന സിനിമ നീണ്ടു പോകുന്നതില്‍ ജിത്തു സാറിന് ആകുലതയുണ്ട്. അതിനെക്കാള്‍ ആകുലത എനിക്കുണ്ട്. കാരണം ഞാന്‍ ലാലേട്ടന്റെ കൂടെ അഭിനയിച്ച ആദ്യത്തെ സിനിമയാണത്. ആ സമയത്ത് റാം ഒറ്റ പാര്‍ട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതില്‍ ലാലേട്ടന്റെ കൂടെ ത്രൂ ഔട്ട് ഉള്ള കഥാപാത്രമാണ് എന്റേത്. പക്ഷേ രണ്ട് പാര്‍ട്ട് ആക്കിയപ്പോള്‍ എന്റെ കഥാപാത്രം സെക്കന്‍ഡ് പാര്‍ട്ടില്‍ മാത്രമായി. ഫസ്റ്റ് പാര്‍ട്ടില്‍ എന്തൊക്കെയാണ് ഉള്ളതെന്ന് എനിക്കറിയില്ല.
ലാലേട്ടനുമായി അഭിനയിച്ച ആദ്യ സിനിമ റിലീസാവുന്നതിന് മുന്നേ രണ്ടാമത്തെ സിനിമ റിലീസായി. ട്വല്‍ത്ത് മാനില്‍ ലാലേട്ടനുമായി കോമ്പിനേഷന്‍ സീനുകള്‍ കുറേയുണ്ട്. അത് നല്ലൊരു എക്‌സ്പീരിയന്‍സ് ആയിരുന്നു. പക്ഷേ ഞാന്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്നത് റാമിന് വേണ്ടിയാണ്. ലാലേട്ടന്റെ കൂടെ ആദ്യമായി അഭിനയിച്ച പടം, തൃഷാ മാമിന്റെ കൂടെ ആദ്യമായി അഭിനയിച്ച പടം, ഇന്ദ്രേട്ടന്റെ (ഇന്ദ്രജിത്) കൂടെ ആദ്യമായി അഭിനയിച്ച പടം, അങ്ങനെ കുറേ പ്രത്യേകതകളുള്ള സിനിമയാണ് അത് എനിക്ക്.
കരിയറിന്റെ തുടക്കകാലത്ത് കിട്ടിയ റോള്‍, അതും അത്രയും വലിയൊരു ക്രൂവിന്റെ കൂടെയുള്ള പടം. അതിനെപ്പറ്റി ആരെങ്കിലും ചോദിക്കുമ്പോള്‍ ഞാന്‍ പറയും, അത് വരുമെന്ന്. എല്ലാവരെയും പോലെ ഞാനും റാമിന് വേണ്ടി കാത്തിരിക്കുകയാണ്,’ ചന്തുനാഥ് പറഞ്ഞു.
Content Highlight: Actor Chandunath share about his character in Ram