ഋഷഭായി മാറാന്‍ എറണാകുളത്തെ ഒരു എസ്.പിയെ നേരില്‍ പോയി കണ്ടിരുന്നു; മാലികിലെ പൊലീസുകാരന്‍ പറയുന്നു
Film News
ഋഷഭായി മാറാന്‍ എറണാകുളത്തെ ഒരു എസ്.പിയെ നേരില്‍ പോയി കണ്ടിരുന്നു; മാലികിലെ പൊലീസുകാരന്‍ പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 30th July 2021, 3:34 pm

കൊച്ചി: അടുത്തിടെ പുറത്തിറങ്ങിയ സിനിമകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് ഫഹദ് ഫാസില്‍- മഹേഷ് നാരായണന്‍ ടീമിന്റെ മാലിക്. അഭിനേതാക്കളുടെ പ്രകടനത്തോടൊപ്പം ബീമാപള്ളി വെടിവെപ്പും സിനിമ ഇറങ്ങിയപ്പോള്‍ ചര്‍ച്ചയായിരുന്നു.

മാലികില്‍ എസ്.പി ഋഷഭ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചന്ദുനാഥാണ് ഋഷഭ് എന്ന കഥാപാത്രമായി എത്തിയത്.

പതിനെട്ടാം പടി എന്ന ചിത്രത്തില്‍ ജോയ് എന്ന അധ്യാപക കഥാപാത്രത്തെ അവതരിപ്പിച്ച് കഴിഞ്ഞതിന് ശേഷമാണ് മഹേഷ് നാരായണന്‍ മാലികിലേക്ക് ചന്ദുവിനെ വിളിക്കുന്നത്. എന്നാല്‍ പതിനെട്ടാം പടിയിലെയും മാലികിലെയും കഥാപാത്രങ്ങളുടെ മീറ്റര്‍ വ്യത്യസ്തമായതുകൊണ്ട് തനിക്ക് ചെയ്യാനാകുമോ എന്നൊരു സംശയം ആദ്യം ഉള്ളിലുണ്ടായിരുന്നുവെന്ന് പറയുകയാണ് ചന്ദുനാഥ്.

ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ചന്ദുനാഥിന്റെ പരാമര്‍ശം.

സ്‌ക്രീന്‍ ടെസ്റ്റിന്റെ സമയത്ത് സ്‌ക്രിപ്റ്റ് അറിയാത്തതുകൊണ്ട് ഋഷഭ് എന്ന കഥാപാത്രത്തിന്റെ മീറ്റര്‍ എനിക്ക് കൃത്യമായി അറിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ ചെയ്യാന്‍ കുറച്ച് ബുദ്ധിമുട്ടി. ഈ കഥാപാത്രത്തിലേക്ക് മറ്റൊരാളെ നോക്കുന്നുവോ എന്ന് മഹേഷേട്ടനോട് ചോദിച്ചിരുന്നു.

നിനക്കുതന്നെ ഈ കഥാപാത്രം ചെയ്യാന്‍ സാധിക്കുമെന്നായിരുന്നു മഹേഷേട്ടന്റെ മറുപടിയെന്ന് ചന്ദുനാഥ് പറയുന്നു.

മുടിയും താടിയും നീട്ടിവളര്‍ത്തിയ രൂപമായിരുന്നു പതിനെട്ടാം പടിയിലെ കഥാപാത്രത്തിന്. അതില്‍ നിന്ന് തികച്ചും വ്യത്യസ്തമായി മാലികിന് വേണ്ടി മറ്റൊരു രൂപത്തിലേക്ക് മാറുന്നതിനൊപ്പം തന്നെ കഥാപാത്രത്തെ ഉള്‍ക്കൊള്ളാനും ശ്രമം നടത്തിയിരുന്നു.

അതിന്റെ ഭാഗമായി എറണാകുളത്തുള്ള ഒരു എസ്.പിയെ നേരില്‍ പോയി കാണുകയും അവരുടെ രീതികളെക്കുറിച്ച് ചോദിച്ച് മനസ്സിലാക്കുകയും ചെയ്തിരുന്നു.

ചെറിയ ഒരു കഥാപാത്രമാണ് ചെയ്യുന്നതെങ്കില്‍ പോലും അത്തരത്തിലുള്ള നിരീക്ഷണങ്ങള്‍ ഗുണം ചെയ്യുമെന്ന് തോന്നിയിരുന്നുവെന്നും ചന്ദുനാഥ് കൂട്ടിച്ചേര്‍ത്തു.

ജൂലൈ 15നാണ് മാലിക് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. നിമിഷ സജയന്‍, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍, ജലജ, ദിവ്യ പ്രഭ, മീനാക്ഷി, സനല്‍ അമന്‍, ജോജു ജോര്‍ജ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.