കൊച്ചി: പതിനെട്ടാംപടി, മാലിക് തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടനാണ് ചന്തുനാഥ്. മമ്മൂട്ടിയോടൊപ്പം അഭിനയിച്ചപ്പോഴുണ്ടായ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് ചന്തുനാഥ്. മാസ്റ്റര്‍ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ചന്തു മനസ്സുതുറന്നത്.
‘പതിനെട്ടാം പടിയില്‍ മമ്മൂക്ക അഭിനയിക്കുന്നുണ്ടെന്ന് കാര്യം ആദ്യം എനിക്ക് അറിയില്ലായിരുന്നു. ചിത്രം പകുതിയായപ്പോഴാണ് മമ്മൂക്കയും പടത്തില്‍ ഉണ്ടെന്ന് എനിക്ക് സൂചന ലഭിച്ചത്.
ഒരുദിവസം ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് മമ്മൂക്ക ചിത്രത്തില്‍ ഉണ്ടെന്നും എന്റെ ചേട്ടന്റെ കഥാപാത്രമാണെന്നും ശങ്കര്‍ സര്‍ വിളിച്ച് പറയുന്നത്. എക്‌സൈറ്റ്‌മെന്റിന്റെ അങ്ങേയറ്റത്തായി ഞാന്‍.
സെറ്റില്‍ വെച്ചാണ് ഞാന്‍ മമ്മൂക്കയെ ആദ്യമായി കാണുന്നത്. അപ്പോള്‍ എന്നോട് സംസാരിച്ചിരുന്നു. പിന്നീട് പതിനെട്ടാം പടി ഇറങ്ങിയതിന് ശേഷം പലരോടും മമ്മൂക്ക എന്നെപ്പറ്റി ചോദിക്കുമായിരുന്നു.
പതിനെട്ടാം പടിയില്‍ എന്റെ അനിയനായി അഭിനയിച്ച ആ താടിവെച്ച പയ്യന്‍ എവിടെയാണ് എന്നൊക്കെ മമ്മൂക്ക ചോദിച്ചതായി എന്റെ പല സുഹൃത്തുക്കളും പറഞ്ഞിരുന്നു. കൂടെ അഭിനയിക്കുന്നവരെ വളരെയധികം അഭിനന്ദിക്കുന്നയാളാണ് മമ്മൂക്ക.
അത് എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. കൂടെ അഭിനയിക്കുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ വരെ അദ്ദേഹം കോംപ്ലിമെന്റ് ചെയ്യാറുണ്ട്. ഇങ്ങനെ ചെയ്യണം, അങ്ങനെ ചെയ്താല്‍ നന്നാകും എന്നൊക്കെ അദ്ദേഹം പറയാറുണ്ട്.
പതിനെട്ടാം പടിയില്‍ മേക്കപ്പ് ഒക്കെ കഴിഞ്ഞ് മമ്മൂക്കയുമൊത്തുള്ള കോമ്പിനേഷന്‍ സീനിനായി കാത്തു നിന്നയാളാണ് ഞാന്‍. എന്നാല്‍ അന്ന് എടുക്കാന്‍ കഴിഞ്ഞില്ല. ഷൂട്ട് കഴിഞ്ഞപ്പോള്‍ ലേറ്റ് ആയി.
അങ്ങനെ മമ്മൂക്കയ്ക്ക് പോകേണ്ടി വന്നു. അന്ന് കരഞ്ഞുകൊണ്ടാണ് ഞാന്‍ വീട്ടിലേക്ക് പോയത്. അതുപോലെ തന്നെ മമ്മൂക്ക പൊട്ടിച്ചിരിക്കുന്നതും ഒറ്റസെക്കന്റില്‍ ദേഷ്യപ്പെടുന്നതും ഞാന്‍ കണ്ടിട്ടുണ്ട്.
സെക്കന്റുകള്‍ക്കുള്ളില്‍ മൂഡ് മാറുന്ന വ്യക്തിയാണ് മമ്മൂക്ക. അദ്ദേഹത്തിന്റെ പിണക്കങ്ങള്‍ക്ക് സെക്കന്റുകളുടെ ആയുസ്സേയുള്ളു. ആ ദേഷ്യം കഴിഞ്ഞുള്ള സോഫ്റ്റ്‌നെസ്സ് ആണ് മമ്മൂക്ക,’ ചന്തുനാഥ് പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Actor Chandunath About Mammootty