| Thursday, 2nd December 2021, 10:04 pm

'മിര്‍സാപുര്‍' താരം ബ്രഹ്‌മ മിശ്രയെ മുംബൈയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് മരിച്ച് മൂന്ന് ദിവസത്തിന് ശേഷം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുംബൈ: ത്രില്ലര്‍ വെബ്‌സീരീസ് മിര്‍സാപുരില്‍ അഭിനയത്തിലൂടെ ശ്രദ്ധേയനായ നടന്‍ ബ്രഹ്‌മ മിശ്രയെ മുംബൈയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ വെര്‍സോവയിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മൃതദേഹം കണ്ടെത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

36 വയസായിരുന്നു. വീട്ടിലെ ബാത്‌റൂമിന്റെ നിലത്തായിട്ടാണ് മൃതദേഹം കണ്ടെത്തിയത്. മിശ്ര വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്.

മരിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് മൃതദേഹം പൊലീസ് കണ്ടെത്തിയത്. അടുത്ത അപ്പാര്‍ട്ട്‌മെന്റുകളില്‍ താമസിക്കുന്നവര്‍ മിശ്രയുടെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. അപ്പാര്‍ട്ട്‌മെന്റ് പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

നെഞ്ചുവേദന കാരണം നവംബര്‍ 29ന് മിശ്ര ചികിത്സ തേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പൊലീസ് നിഗമനം.

ആമസോണില്‍ റിലീസ് ചെയ്ത മിര്‍സാപുര്‍ വെബ്‌സീരിസില്‍ ലളിത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ബ്രഹ്‌മസ്വരൂപ് മിശ്ര എന്ന ബ്രഹ്‌മ മിശ്ര ശ്രദ്ധിക്കപ്പെടുന്നത്. സീരീസും വലിയ വിജയമായിരുന്നു.

ബ്രഹ്‌മ മിശ്രയുടെ മരണത്തില്‍ ആമസോണ്‍ പ്രൈം വീഡിയോ പ്ലാറ്റ്‌ഫോം ട്വിറ്ററിലൂടെ അനുശോചനം രേഖപ്പെടുത്തി. ”ബ്രഹ്‌മ മിശ്ര, നമ്മളുടെ ലളിത്. ഞങ്ങളെ ചിരിപ്പിച്ചതിനും കരയിപ്പിച്ചതിനും നന്ദി.

ഒരു സൗഹൃദത്തില്‍ ഉണ്ടായിരിക്കേണ്ട സ്‌നേഹവും വിശ്വാസ്യതയും ഞങ്ങളെ എപ്പോഴും ഓര്‍മിപ്പിച്ചതിന് നന്ദി. എന്നും ഞങ്ങളുടെ ഹൃദയത്തില്‍,” ആമസോണ്‍ ട്വീറ്റ് ചെയ്തു.

ദംഗല്‍, ബദ്രിനാഥ് കി ദുല്‍ഹനിയ, ഹവായ്‌സാദ, ഹലോ ചാര്‍ലി തുടങ്ങി ബോളിവുഡ് ചിത്രങ്ങളിലും മിശ്ര വേഷമിട്ടിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actor Brahma Mishra, best known for the role in series Mirzapur was found dead

We use cookies to give you the best possible experience. Learn more