ഞങ്ങള് കേറിയാല്‍ 50 രൂപയാക്കുമെന്ന് പറഞ്ഞു, ഇപ്പോള്‍ 100 രൂപയായി; ബി.ജെ.പിക്ക് വോട്ട് ചോദിച്ചെത്തിയ നടന്‍ വിവേക് ഗോപനോട് വോട്ടര്‍മാര്‍
Kerala
ഞങ്ങള് കേറിയാല്‍ 50 രൂപയാക്കുമെന്ന് പറഞ്ഞു, ഇപ്പോള്‍ 100 രൂപയായി; ബി.ജെ.പിക്ക് വോട്ട് ചോദിച്ചെത്തിയ നടന്‍ വിവേക് ഗോപനോട് വോട്ടര്‍മാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th March 2021, 2:12 pm

കൊല്ലം: കൊല്ലം ചവറയില്‍ വോട്ട് തേടിയിറങ്ങിയ ബി.ജെ.പി സ്ഥാനാര്‍ത്ഥിയും നടനുമായ വിവേക് ഗോപനോട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പെട്രോള്‍ വിലയിലെ പഴയ പ്രഖ്യാപനത്തെ കുറിച്ച് ഓര്‍മ്മിപ്പിച്ച് സ്ത്രീകള്‍.

വോട്ടു ചോദിച്ചിറങ്ങിയ വിവേക് ഗോപനോട് ഇന്ധനവിലയെ പറ്റി ഒരു സ്ത്രീ സംസാരിക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്. പെട്രോള്‍, ഡീസല്‍, ഗ്യാസ്, തൊഴിലുറപ്പ് എന്നീ നാല് വിഷയങ്ങളാണ് സ്ത്രീ വിവേക് ഗോപന് മുന്നില്‍ വെച്ചത്.

പെട്രോള്‍, ഡീസല്‍, ഗ്യാസ്, തൊഴിലുറപ്പ് ഈ നാല് കാര്യങ്ങളില്‍ പരിഹാരം ഉണ്ടാവണം എന്നായിരുന്നു സ്ത്രീ പറഞ്ഞത്. നാലു കാര്യങ്ങളിലും പരിഹാരമുണ്ടാവുമെന്ന് വിവേക് ഗോപന്‍ മറുപടിയും നല്‍കി. ഇതിന് സ്ത്രീ നല്‍കിയ മറുപടിയാണ് വൈറലായത്.

‘ഉണ്ടാവണം, നമ്മുടെ മോദിയച്ചന്‍ പറഞ്ഞത് പെട്രോള്‍ വില അമ്പത് രൂപയാണെന്നാണ്. പക്ഷെ ഇപ്പോള്‍ നൂറ് രൂപയായി,’ എന്നായിരുന്നു ഇവര്‍ പറഞ്ഞത്. ഇത് കേട്ട് കൂടെയുള്ള സ്ത്രീകളൊക്കെ പൊട്ടിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം.

ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് വിവേക് ഗോപന്‍ ആവശ്യപ്പെട്ടപ്പോഴാണ് മോദി ജീ അധികാരത്തിലെത്തിയാല്‍ 50 രൂപയാക്കുമെന്ന് പറഞ്ഞ പെട്രോളിന് ഇപ്പോള്‍ 100 രൂപയായെന്ന കാര്യം ഇവര്‍ ഓര്‍മ്മിപ്പിച്ചത്.

വോട്ട് ചോദിച്ച് എത്തുന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ ഗ്യാസ്-പെട്രോള്‍ല-ഡീസല്‍ വിലയില്‍ ഉണ്ടാകുന്ന വന്‍ വര്‍ധനവിനെ കുറിച്ചുള്ള വോട്ടര്‍ാരുടെ ചോദ്യത്തിന് മുന്‍പില്‍ പതറുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ വന്നിരുന്നു.

ഗ്യാസിന്റെ സിലിണ്ടര്‍ പടിവാതിലില്‍ കാണുമ്പോള്‍ തന്നെ ബി.ജെ.പി സ്ഥാനാര്‍ത്ഥിമാര്‍ വോട്ട് ചോദിക്കാതെ മടങ്ങുകയാണെന്ന തരത്തിലും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ എഴുതിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor BJP candidate Vivek Gopan election campaign video viral