| Friday, 14th May 2021, 3:22 pm

മമ്മൂക്കയുടെയും ലാലേട്ടന്റെയും അടുത്ത് സംസാരിക്കുമ്പോള്‍ അവര്‍ക്ക് എന്നോട് വാത്സല്യമാണ്; അച്ഛനോടുള്ള സ്‌നേഹമാണ് അത്: ബിനു പപ്പു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: സിനിമയില്‍ ഉള്ളവര്‍ തന്നെ പപ്പു എന്നാണ് വിളിക്കുന്നതെന്നും ആ വിളി കേള്‍ക്കുന്നത് സന്തോഷമാണെന്നും പറയുകയാണ് അന്തരിച്ച നടന്‍ പപ്പുവിന്റെ മകന്‍ ബിനു പപ്പു. മമ്മൂക്കയുടെയും ലാലേട്ടന്റെയും അടുത്തുപോയി സംസാരിക്കുമ്പോള്‍ അവര്‍ക്ക് തന്നോട് വാത്സല്യമാണെന്നും ആ വാത്സല്യം അച്ഛനോടുള്ള സ്‌നേഹമാണെന്ന് അറിയാമെന്നും ബിനു പപ്പു ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

അച്ഛന്‍ അസാധ്യ നടനാണ്. സിനിമയില്‍ മാറ്റങ്ങള്‍ സംഭവിക്കാന്‍ തുടങ്ങിയ സമയത്താണ് അച്ഛന്റെ മരണം. അങ്ങാടി സിനിമയില്‍ അച്ഛന്‍ പാടിയ പാട്ടാണ് എല്ലാവരും ആദ്യം ഓര്‍ക്കുക. ക്ലൈമാക്‌സില്‍ അഭിനയതലം വരെ മാറുന്നു.

‘വാര്‍ത്ത’യില്‍ ലാലേട്ടനൊപ്പമാണ് മുഴുനീള ഹ്യൂമര്‍ കഥാപാത്രം ചെയ്തത്. ഏറെ വൈകാരികത നിറഞ്ഞ പാട്ട് സീന്‍. ഒടുവില്‍ ദാരുണ അന്ത്യം. ചിരിപ്പിച്ചവര്‍ കരയുമ്പോള്‍ പ്രേക്ഷകരുടെ മനസ് വേദനിക്കും.

അച്ഛന്റെ സിനിമകളില്‍ ആളുകള്‍ക്ക് ഇഷ്ടം ദി കിംഗാണെന്നും എന്നാല്‍ തനിക്ക് ഇഷ്ടം ആള്‍ക്കൂട്ടത്തില്‍ തനിയേ, തടാകം എന്നീ സിനിമകളാണെന്നും ബിനു പപ്പു പറയുന്നു. പിന്നെയും പിന്നെയും കാണാന്‍ ഇഷ്ടപ്പെടുന്ന സിനിമകളാണ് ധീം തരികിടതോം, പൂച്ചയ്‌ക്കൊരു മൂക്കുത്തി, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു തുടങ്ങിയ സിനിമകള്‍. പിന്നെ അച്ഛന്റെ താമരശേരി ചുരവും ചെറിയ സ്പാന്നറും തുടങ്ങിയ ഡയലോഗുകളും ഇഷ്ടമാണ്. ദികിംഗിന്റെ ക്ലൈമാക്‌സില്‍ അച്ഛന്റെ അഭിനയം കണ്ട് കരഞ്ഞുപോയിട്ടുണ്ടെന്നും ബിനു പപ്പു പറഞ്ഞു.

പണ്ടൊക്കെ അച്ഛന്‍ വീട്ടില്‍ വരുമ്പോള്‍ രണ്ട് അടി കിട്ടാന്‍ ഞാന്‍ കാത്തിരിക്കുമായിരുന്നു. എന്നാലേ ഷര്‍ട്ടും സൈക്കിളും വരൂ. ഞാന്‍ നല്ല കുസൃതിക്കാരനായിരുന്നു. ചേച്ചിയെ എടീ എന്നല്ലാതെ അച്ഛന്‍ വിളിച്ചിട്ടില്ല. അത് സ്‌നേഹ വിളിയാണ്.

സിനിമയിലെ അച്ഛനല്ല ജീവിതത്തില്‍. തനിനാടന്‍. കൈലിമുണ്ടുമടക്കി കുത്തി ഷര്‍ട്ട് ഇടാതെ തലയില്‍ തോര്‍ത്തുകെട്ടി കുതിരവട്ടം ജംഗ്ഷനില്‍ മീന്‍ വാങ്ങാന്‍ പോവും. അച്ഛന്‍ മരിച്ചിട്ട് ഇരുപത്തിയൊന്ന് വര്‍ഷം തികഞ്ഞു. സിനിമയില്‍ അച്ഛന്‍ മരിക്കുന്നത് എനിക്ക് ഇഷ്ടമല്ലായിരുന്നു. അച്ഛനെ മിസ് ചെയ്യുന്നില്ല. കാരണം ഇപ്പോഴും ടി.വിയില്‍ അച്ഛനുണ്ട്.

കുട്ടിക്കാലത്ത് രാത്രി വൈകി എത്തുകയും പുലര്‍ച്ചെ ഞാന്‍ എഴുന്നേല്‍ക്കും മുമ്പ് പോവുകയും ചെയ്യുമായിരുന്നു അച്ഛന്‍. ആ സമയത്ത് അച്ഛന് മാത്രമല്ല, എല്ലാ സിനിമാതാരങ്ങള്‍ക്കും തിരക്കാണ്. വീട്ടില്‍നിന്ന് ലൊക്കേഷനില്‍ പോയാല്‍ ഹോട്ടല്‍ മുറിയില്‍ എത്തിയാല്‍ മാത്രമേ ഫോണ്‍ ചെയ്യാന്‍ കഴിയൂ. ഷൊര്‍ണൂരില്‍നിന്ന് കോഴിക്കോട് വഴി കണ്ണൂരേക്ക് പോകുമ്പോഴും വീട്ടില്‍ കയറാന്‍ കഴിയില്ല. ഏഴുമാസം വരെ അച്ഛനെ കാണാതിരുന്നിട്ടുണ്ട്, ബിനു പപ്പു പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Binu Pappu Remember father Kuthiravattam Pappu

Latest Stories

We use cookies to give you the best possible experience. Learn more