Entertainment news
സത്താറിനെയും ആയിഷുമ്മയേയും പരിചയം കാണില്ല, പക്ഷെ ഈ ബ്രിട്ടോയെ നിങ്ങളറിയും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Dec 07, 11:10 am
Wednesday, 7th December 2022, 4:40 pm

സ്‌പോയിലര്‍ അലര്‍ട്ട്…

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സൗദി വെള്ളക്കയിലെ സത്താറിനെയും ആയിഷ റാവുത്തറിനെയും പലര്‍ക്കും പരിയചയം കാണില്ല. എന്നാല്‍ ബിനു പപ്പു അവതരിപ്പിച്ച സത്താറിന്റെ ഉറ്റ ചങ്ങാതി ബ്രിട്ടോനെ എല്ലാവര്‍ക്കും പരിചയം കാണും.

ബ്രിട്ടോ നമുക്കിടയില്‍ തന്നെയുണ്ട്. ഏത് നാട്ടിലും കാണും ബ്രിട്ടോയെ പോലെ ഒരാള്‍. ഏത് നട്ടപ്പാതിരക്കും എത്ര വലിയ പ്രശ്‌നമാണെങ്കിലും ഉറ്റവരുടെ കൂടെ നില്‍ക്കുന്ന ഒരു രാഷ്ട്രീയക്കാരന്‍. ബിനു പപ്പു ആ കഥാപാത്രത്തെ വളരെ നന്നായി പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തു.

ഏത് വിഷമത്തിലും ഓടിച്ചെല്ലാന്‍ സത്താറിന് ബ്രിട്ടോ മാത്രമാണ് ഉള്ളത്. സിനിമയില്‍ ഉടനീളവും സംവിധായകന്‍ ആ കഥാപാത്രത്തിന് കൃത്യമായൊരിടവും നല്‍കുന്നുണ്ട്. മകന്‍ പോലും തനിച്ചാക്കി പോയ ഉമ്മയെ ഇടക്കിടക്ക് വന്ന് നോക്കാനും അവര്‍ക്ക് വേണ്ടി സംസാരിക്കാനും ബ്രിട്ടോ മാത്രമെ ഉള്ളു.

കൂട്ടുകാരന്റെ ഉമ്മ അയാള്‍ക്ക് സ്വന്തം ഉമ്മയാണ്. കൂട്ടുകാരന്റെ ഭാര്യയുടെ കഷ്ടപ്പാട് കണ്ട് അവര്‍ പോലും അറിയാതെ സത്താറിന്റെ മരണ സര്‍ട്ടിഫിക്കറ്റിന് വേണ്ടി പരിശ്രമിക്കുന്ന ബ്രിട്ടോ വളരെ ആഴത്തിലാണ് പ്രേക്ഷകരില്‍ നിറയുന്നത്.

സത്താര്‍ തിരിച്ച് വരാതിരിക്കുമ്പോഴും അയാളുടെ കുടുംബത്തിന് തന്നെ കൊണ്ട് പറ്റുന്ന സഹായങ്ങളെല്ലാം ബ്രിട്ടോ ചെയ്യുന്നുണ്ട്. ഒരു വിളിപ്പാടകലെ ബ്രിട്ടോ അവര്‍ക്ക് അടുത്ത് തന്നെയുണ്ടാവുന്നുമുണ്ട്.

ബ്രിട്ടോ ഗള്‍ഫിലേക്ക് പോകാന്‍ ഇറങ്ങുമ്പോള്‍ സത്താറിനോട് അവസാനമായി സംസാരിക്കുന്നത് ദേഷ്യപ്പെട്ടാണ്. ഉമ്മയെ കൊണ്ട് പോയി കളഞ്ഞവനെന്ന് തന്റെ ഉറ്റ ചങ്ങാതിയും വിളിച്ചപ്പോള്‍ സത്താര്‍ തകര്‍ന്ന് പോകുന്നത് ചിത്രത്തില്‍ കാണാം.

ഒരുപക്ഷെ ബ്രിട്ടോ വിദേശത്തേക്ക് പോയില്ലായിരുന്നെങ്കില്‍ സത്താര്‍ എങ്ങോട്ടും പോവില്ലായിരുന്നു. കാരണം അത്രമാത്രം താങ്ങും കരുത്തുമായിരുന്നു സത്താറിന് ബ്രിട്ടോ. ഇത്തരത്തില്‍ ബ്രിട്ടോയെപ്പോലെ ഒരുപാട് ആളുകള്‍ നമുക്ക് ചുറ്റിലും ഉണ്ട്.

ബിനു പപ്പുവിന്റെ കരിയറിലെ തന്നെ ബെസ്റ്റ് പെര്‍ഫോമന്‍സാണ് ബ്രിട്ടോയെന്ന് സിനിമ കണ്ട പലരും അഭിപ്രായപ്പെടുന്നുണ്ട്. തരുണിന്റെ തന്നെ ആദ്യ ചിത്രമായ ഒാപ്പറേഷന്‍ ജാവയില്‍ ബിനു പൊലീസ് ഓഫീസറായിട്ടായിരുന്നു അഭിനയിച്ചത്. രണ്ടാമത്തെ ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടറും ബിനു പപ്പു തന്നെയാണ്.

ഡിസംബര്‍ രണ്ടിന് പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ച സൃ്ടികളാണ്. ലുക്മാന്‍, ശ്രീജിത്ത് ശങ്കര്‍, ദേവി വര്‍മ, വിന്‍സി അലോഷ്യസ്, ഗോകുലന്‍ തുടങ്ങി നിരവധി കഥാപാത്രങ്ങള്‍ ചിത്രത്തിലുണ്ട്.

content highlight: actor binu pappu in the movie saudi vellakka