| Saturday, 15th October 2022, 5:29 pm

കുതിരവട്ടം പപ്പുവിന്റെ മോനായതുകൊണ്ട് പിടിച്ച് കസേരയില്‍ ഇരുത്താമെന്നുള്ള രീതിയില്‍ ആരും പെരുമാറിയിട്ടില്ല; അച്ഛന്റെ പേര് ഞാന്‍ അവസരങ്ങള്‍ക്കായി ഉപയോഗിച്ചിട്ടില്ല: ബിനു പപ്പു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ നടനാണ് ബിനു പപ്പു. തന്റെ ചെറുപ്പകാലത്തെക്കുറിച്ചും അച്ഛന്‍ കുതിരവട്ടം പപ്പുവിനെക്കുറിച്ചുള്ള ഓര്‍മകളും പങ്കുവെക്കുകയാണ് ബിനു. സിനിമയില്‍ ഇതുവരെ അച്ഛന്റെ പേരില്‍ അവസരം ചോദിച്ചിട്ടില്ലെന്നും അച്ഛനോടുള്ള സ്‌നേഹംമാണ് പല നടന്മാര്‍ക്കും തന്നോടുമുള്ളതെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ അനുഭവങ്ങള്‍ ബിനു പപ്പു പങ്കുവെച്ചത്.

”സെലിബ്രിറ്റി സ്റ്റാറ്റസ്, സ്റ്റാര്‍ കിഡിന്റെ മോനാണ് എന്ന ജീവിതമൊന്നും എനിക്ക് ഇല്ലായിരുന്നു. ഞാന്‍ കോഴിക്കോട് തന്നെയുള്ളതാണ്. നിങ്ങള്‍ക്ക് എന്റെ സുഹൃത്തുക്കളോട് ചോദിക്കാം എന്റെ ജീവിതമെങ്ങനെയാണെന്ന്.

എവിടെ എങ്കിലും പോയാല്‍ ഞാന്‍ എന്റെ പേര് പറയുമ്പോള്‍ വേറെ ആരെങ്കിലുമാണ് പറയുക ഇത് പപ്പുവിന്റെ മോനാണെന്ന്. അപ്പോള്‍ അവര്‍ അധികവും ചോദിക്കുക അച്ഛന്‍ എവിടെ ഉണ്ടെന്നാണ്. അച്ഛന്‍ ഷൂട്ടിങിലാണെന്ന് ഞാന്‍ പറയും പിന്നെ അവരൊന്നും ചോദിക്കില്ല.

അച്ഛന്‍ കോഴിക്കോട് ജനിച്ചു വളര്‍ന്ന ആളാണ്. ഒരു വിധം എല്ലാവര്‍ക്കും അച്ഛനെ നന്നായി അറിയാം. അല്ലാതെ ഇത് പപ്പുവിന്റെ മോനാണ് അതുകൊണ്ട് ഇവനെ പിടിച്ച് കസേരയില്‍ ഇരുത്ത് എന്നൊന്നുമില്ല. അച്ഛന്‍ ഉള്ളപ്പോള്‍ എല്ലാം നോര്‍മലായിരുന്നു.

ഇപ്പോഴാണ് അച്ഛനോടുള്ള സ്‌നേഹം എനിക്ക് കിട്ടുന്നത്. എവിടെയെങ്കിലും പോയാല്‍ ഇത് ആരാണെന്ന് അറിയുമോ കുതിരവട്ടം പപ്പുവിന്റെ മോനാണ് എന്ന് പറഞ്ഞതിന് ശേഷമാണ് പലരും ബിനു പപ്പു എന്ന എന്റെ പേര് പറയുകയുള്ളു. ചെറുപ്പത്തില്‍ അങ്ങനെയല്ലായിരുന്നു.

കുതിരവട്ടം പപ്പുവിന്റെ മോനായതു കൊണ്ട് എവിടെ ചെന്നാലും പരിചയമുള്ള കുറേ പേരുണ്ടാകും. എനിക്ക് അറിയുന്ന ആളുകളേക്കാള്‍ എന്നെ അറിയുന്നവരാണ് കൂടുതല്‍ ഉള്ളത്. ഞാന്‍ ഇപ്പോള്‍ അടുത്ത് ചെയ്ത മൂവിയില്‍ സായ് കുമാര്‍ച്ചേട്ടനുണ്ടായിരുന്നു. സായിയേട്ടന്‍ എന്നെ വിളിച്ചത് പപ്പുവിന്റെ മോനെ ഇങ്ങോട്ട് വാ എന്നാണ്. അദ്ദേഹമെന്നെ ചെറുപ്പം തൊട്ടേ കാണുന്നുണ്ട്. ഞാന്‍ അദ്ദേഹത്തെ കണ്ടതെല്ലാം ടി.വിയിലാണ്. അച്ഛനെ കാണാന്‍ വരുമ്പോള്‍ എന്നെ എപ്പോഴും കാണും, അങ്ങനെ നല്ല ഓര്‍മ ഉണ്ടായിരിക്കാം.

ലാലേട്ടനായാലും മമ്മൂക്കയായാലും എല്ലാവര്‍ക്കും അച്ഛനോട് എന്ത് അടുപ്പമാണോ അതില്‍ നിന്നുകൊണ്ടാണ് അവര്‍ എന്നോടും പെരുമാറുന്നത്. അച്ഛനോടുള്ള ആളുകളുടെ ഇഷ്ടവും ബഹുമാനവുമാണ് എനിക്ക് കിട്ടുന്നത്.

സിനിമയിലേക്കുള്ള ചാന്‍സിനോ സിനിമയില്‍ കേറാനോ ഞാന്‍ ഒരിക്കലും അച്ഛന്റെ പേര് ഉപയോഗിച്ചിട്ടില്ല. ഒരിക്കലും അദ്ദേഹത്തിന്റെ പേരിനെ ഞാന്‍ ചൂഷണം ചെയ്തിട്ടില്ല. പക്ഷേ ആദ്യം എന്നെ സിനിമയിലേക്ക് വിളിച്ചത് അച്ഛന്റെ മോനായതുകൊണ്ടാണ്. കാരണം ആദ്യത്തെ സിനിമയില്‍ അഭിനയിച്ചവരെല്ലാം നടന്മാരുടെ മക്കളായിരുന്നു. പക്ഷേ പിന്നീട് സിനിമയില്‍ സജീവമാകണം എന്ന് ഞാന്‍ വിചാരിച്ചിരുന്നില്ലായിരുന്നു. എന്റെ ജോലിയുമായി ഞാന്‍ ബെംഗളൂരിവിലേക്ക് പോയി. പിന്നെ കിട്ടിയതെല്ലാം സിനിമയിലെ എന്റെ അഭിനയം കണ്ടതുവെച്ചിട്ടാണ്,” ബിനു പപ്പു പറഞ്ഞു.

Content Highlight: Actor Binu Pappu also shares his memories of his father Kuthiravattam Pappu

We use cookies to give you the best possible experience. Learn more