| Tuesday, 4th April 2023, 9:18 pm

ഞാന്‍ ഇവരെ ഏ.ഡിസ് എന്നാണ് വിളിക്കാറുള്ളത്, അല്ലാതെ പെണ്‍കുട്ടികളെ കേറി എടിയെന്നൊന്നും വിളിക്കാറില്ല: ബിനു പപ്പു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സ്ത്രീകള്‍ ഫിലിം ഇന്‍ഡസ്ട്രിയില്‍ സേഫ് അല്ലെന്ന് തോന്നിയിട്ടുണ്ടോയെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നടന്‍ ബിനു പപ്പു. കഴിവുള്ള പെണ്‍കുട്ടികളെ അംഗീകരിക്കാന്‍ സമൂഹത്തിന് ബുദ്ധിമുട്ടാണെന്നും സിനിമയിലേക്ക് അസിസ്റ്റന്റ് ഡയറക്ടറായി പെണ്‍കുട്ടികളെ തെരഞ്ഞെടുക്കാതിരിക്കാന്‍ പലരും നിരവധി കാരണങ്ങള്‍ പറയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡബ്ലൂ.സി.സി പോലെയുള്ള ഓര്‍ഗനൈസേഷന്‍ വളരെ നല്ലതാണെന്നും അവര്‍ ഇനിയും ഒരുപാട് കാര്യങ്ങളിലേക്ക് ഇറങ്ങി ചെല്ലേണ്ടതായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ധന്യവര്‍മയുമൊത്തുള്ള അഭിമുഖത്തിലാണ് ബിനു പപ്പു ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഇതിനുള്ള ഉത്തരം വളരെ സിമ്പിളായിട്ട് പറയാം. നമ്മുടെ നാട്ടില്‍ ആളുകളെ അഭിനന്ദിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. ഒരാള്‍ വളരെ നല്ലൊരു കാര്യം ചെയ്താല്‍ മനസ് തുറന്ന് അഭിനന്ദിക്കാന്‍ മടിക്കുന്ന ഒരു നാടാണ് നമ്മുടേത്.

അവിടെ ഫേമസായിട്ടുള്ള ഒരു കാര്യം ചെയ്തിട്ട് അഭിനന്ദിക്കുകയെന്നത് അതിനേക്കാള്‍ ബുദ്ധിമുട്ടുള്ള കാര്യമാണ്. നല്ല എഫിഷന്റായ പെണ്‍കുട്ടികള്‍ മുന്നോട്ട് വരുമ്പോള്‍ അവരെ അംഗീകരിക്കണം. അവരെ അംഗീകരിക്കുകയെന്നത് ഇവിടെയുള്ളവര്‍ക്ക് ബുദ്ധിമുട്ടാണ്.

ആണുങ്ങള്‍ക്ക് മാത്രമുള്ള ഒരു ഏരിയ അല്ല സിനിമ. എല്ലാവര്‍ക്കും വളരെ എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുന്ന ഒന്നാണ് സിനിമ. കൃത്യമായി പറഞ്ഞാല്‍ ഓരോരുത്തരുടെയും വീക്ഷണമനുസരിച്ച് ഇരിക്കും. എന്റെ താഴെ ഒരുപാട് പെണ്‍കുട്ടികളും ആണ്‍കുട്ടികളും വര്‍ക്ക് ചെയ്തിട്ടുണ്ട്.

ഞാന്‍ ഇവരെ ഏ.ഡിസ് (അസിസ്റ്റന്റ് ഡയറക്ടര്‍) എന്നാണ് വിളിക്കാറുള്ളത്. അതല്ലാതെ പെണ്‍കുട്ടികളെ കേറി എടിയെന്നൊന്നും വിളിക്കാറില്ല. അങ്ങനെ ഡയറക്ട് വിളിച്ചില്ലെങ്കിലും അതുപോലെ ട്രീറ്റ് ചെയ്യുന്നവരുണ്ട്.

പെണ്‍കട്ടികളെ ഏ.ഡി ആയിട്ട് വെക്കുമ്പോള്‍ പലരും ഒരുപാട് തലവേദനകളെക്കുറിച്ചാണ് പറയുക. ഒന്ന് സെറ്റില്‍ ഉണ്ടാകുന്ന പ്രേമങ്ങള്‍, രണ്ട് കുറേ ബ്രേദേഴ്‌സ് ആന്റ് സിസ്റ്റേര്‍സ് ഉണ്ടാകും. പിന്നെ ലേറ്റായിട്ട് കഴിയുമ്പോള്‍ അവരെ റൂമിലെത്തിച്ച് കൊടുക്കുക തുടങ്ങി ഒരുപാട് കാര്യങ്ങളാണ് പറയുക. പക്ഷെ ഇപ്പോള്‍ ഇതിന്റെയൊരു പകുതി പ്രശ്‌നങ്ങള്‍ പോലും ഇല്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

ഡബ്ലൂ.സി.സി പോലുള്ള ഓര്‍ഗനൈസേഷന്‍ വളരെ നല്ലതാണ്. പക്ഷെ അത് മാത്രം പോരാ. ഇനിയും ഒരുപാട് കാര്യങ്ങളിലേക്ക് ഇറങ്ങി ചെല്ലണം. ഫേസ്ബുക്കിലൂടെ സമരം ചെയ്യാന്‍ എളുപ്പമാണ്. റോഡില്‍ ഇറങ്ങി സമരം ചെയ്യാനാണ് ബുദ്ധിമുട്ട്,” ബിനു പപ്പു പറഞ്ഞു.

content highlight: Actor binu pappu about wcc

We use cookies to give you the best possible experience. Learn more