തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സൗദി വെള്ളക്കയില്‍ സത്താര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുജിത്ത് ശങ്കറിനെക്കുറിച്ച് പറയുകയാണ് ബിനു പപ്പു. സുജിത്തിനെ സൗദി വെള്ളക്കയിലേക്ക് ഏറ്റവും അവസാനമാണ് കാസ്റ്റ് ചെയ്തതെന്നും ആദ്യം ആ കഥാപാത്രത്തിനായി സമീപിച്ചത് സുധി കോപ്പയെയായിരുന്നെന്നും ബിനു പപ്പു പറഞ്ഞു.
മൂത്തോനിലെ സുജിത്തിന്റെ അഭിനയം കണ്ടിട്ടാണ് സൗദി വെള്ളക്കയിലേക്ക് തെരഞ്ഞെടുത്തതെന്നും
ബിനു പപ്പു കൂട്ടിച്ചേര്‍ത്തു. ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തിലാണ് ബിനു പപ്പു ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”സുജിത്ത് ശങ്കറിനെ സൗദി വെള്ളക്കയിലേക്ക് കാസ്റ്റ് ചെയ്തത് ലാസ്റ്റ് നിമിഷമാണ്. സൗദി വെള്ളക്കയില്‍ ഉമ്മയുടെ മകനായി ആദ്യം വിചാരിച്ചത് സുധി കോപ്പയെയാണ്. എന്നാല്‍ ആ സമയത്ത് ഇല വീഴാപൂഞ്ചിറയുടെ ഷൂട്ട് തീര്‍ന്നില്ല. മഴയും ന്യൂനമര്‍ദ്ദവുമായി ഷൂട്ട് പിന്നെയും നീണ്ടുപോയി.
അവിടെ നിന്നും ഇതില്‍ അഭിനയിക്കാന്‍ സുധിക്ക് വരാന്‍ പറ്റാത്ത അവസ്ഥയായി. ഇവിടെയാണെങ്കില്‍ ഡേറ്റ് മാറ്റാനും പറ്റിയില്ല. ഒടുവില്‍ സുധി അതില്‍ നിന്നും മാറാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. അങ്ങനെ നിന്നപ്പോള്‍ മൂന്ന് ദിവസത്തിനുള്ളില്‍ ഞങ്ങള്‍ക്ക് ഒരു നടനെ വേണ്ടി വന്നു.
ലാസ്റ്റ് നിമിഷം ഒരു ആക്ടറിനെ വിളിക്കുന്നതില്‍ ഒരുപാട് പ്രശ്നങ്ങളുണ്ട്. ചിലര്‍ക്ക് ഈഗോ പ്രശ്നങ്ങള്‍ ഉണ്ടാകും. അങ്ങനെ പലരെയും വിളിച്ചു. ചിലര്‍ ഫോണ്‍ എടുക്കാത്ത അവസ്ഥ വരെ ഉണ്ടായി. മൂത്തോനില്‍ എനിക്ക് സുജിത്താണ് ഭയങ്കരമായി വര്‍ക്ക് ആയൊരു ക്യാരക്ടര്‍. ഉമ്മയെ കൊണ്ടുവിട്ട് സുജിത്ത് കരയുന്ന ഒരു സീന്‍ സൗദി വെള്ളക്കയില്‍ ഉണ്ട്. സുജിത്ത് അതേപോലെ മൂത്തോനിലും കരയുന്നുണ്ട്.
പെട്ടെന്ന് ആ സീന്‍ ഓര്‍മ വന്നു. സുജിത്തിനെ ഇതുപോലൊരു ക്യാരക്ടര്‍ ചെയ്ത് മലയാള സിനിമയില്‍ നമ്മള്‍ കണ്ടിട്ടുമില്ല. അങ്ങനെ സുജിത്തിനെ തെരഞ്ഞെടുത്തു. ഞാനും തരുണും ഒരേ പോലെ സുജിത്തിനെ സത്താറായി കണ്ടിരുന്നു.
പിന്നെ ആ പടം കണ്ടിറങ്ങിയവരുടെയെല്ലാം മനസില്‍ സത്താര്‍ തങ്ങിനില്‍ക്കുന്നുണ്ട്. സത്താര്‍ എന്ന കഥാപാത്രം മനോഹരമായാണ് സുജിത്ത് ചെയ്തതും. സൗദി വെള്ളക്ക കണ്ടിറങ്ങുന്നവരുടെ മനസില്‍ സിനിമയെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ആദ്യം വരുക ചിലപ്പോള്‍ സത്താറാകും,” ബിനു പപ്പു പറഞ്ഞു.
content highlight: actor binu pappu about sujith shankar