തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങളിലും പ്രധാന കഥാപാത്രങ്ങളുടെ റോളുകളില്‍ എത്തിയ താരങ്ങളാണ് ബിനു പപ്പുവും ലുക്മാന്‍ അവറാനും. ഓപ്പറേഷന്‍ ജാവയില്‍ ജോയും വിനയ ദാസനുമാണെങ്കില്‍ സൗദി വെള്ളക്കയില്‍ ബ്രിട്ടോയും കുഞ്ഞുമോനുമായാണ് ഇരുവരുമെത്തിയത്.
സൗദി വെള്ളക്കയില്‍ ഏറ്റവും വലിയ ടാസ്‌ക്ക് ഉള്ളത് തനിക്കും ലുക്മാനുമായിരുന്നുവെന്ന് ബിനു പപ്പു ഡൂള്‍ ന്യൂസിനോട് പറഞ്ഞു. ഒരിക്കലും ഓപ്പറേഷന്‍ ജാവയിലെ കഥാപാത്രങ്ങളുമായി സാമ്യത തോന്നരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നുവെന്നും ബിനു പപ്പു പറഞ്ഞു. സീന്‍ എടുത്ത് കഴിഞ്ഞാല്‍ മോണിറ്റര്‍ പരിശോധിച്ച് ഉറപ്പ് വരുത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
”സൗദി വെള്ളക്കയില്‍ ഏറ്റവും വലിയ ടാസ്‌ക്ക് ഉള്ളത് എനിക്കും ലുക്മാനുമാണ്. കാരണം ഞങ്ങളൊരിക്കലും ജാവയിലുള്ള ജോയും വിനയ ദാസനുമാവരുതായിരുന്നു. കുറച്ച് ഇമോഷണല്‍ കണക്ഷന്‍ സീനുകള്‍ ആ സിനിമയിലും ഇതിലും ഞങ്ങള്‍ക്കുണ്ട്.
കുഞ്ഞുമോനും ബ്രിട്ടോയുമാവാനാണ് ശ്രമിക്കേണ്ടത്. ഒരിക്കലും വിനയ ദാസനും ജോയി ആവരുത്. ആദ്യം അതിനെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലായിരുന്നു. പിന്നീട് തരുണ്‍ പറഞ്ഞപ്പോഴാണ് പേടി ആയത്.
ഇനി ലുക്കും അതുപോലെ ആകുമോയെന്നൊക്കെ ഞങ്ങള്‍ ഭയന്നു. അതുകൊണ്ട് സീന്‍ എടുത്ത് കഴിഞ്ഞാല്‍ ഞങ്ങള്‍ ഒന്നുകൂടി പോയി കണ്ടുനോക്കും. തരുണിനോട് ചോദിക്കുമ്പോള്‍ അവന്‍ ആദ്യം ഇല്ലെന്ന് പറയും പിന്നീട് ഞങ്ങളുടെ ടെന്‍ഷന്‍ കാണുമ്പോള്‍ അവനും സംശയമാവും.
വല്ലാത്തൊരു ചലഞ്ചായിരുന്നു ആ കാര്യത്തില്‍ അനുഭവപ്പെട്ടത്. കാരണം ഓപ്പറേഷന്‍ ജാവ എല്ലാവരും കണ്ടതാണ്. ആരും കണ്ടില്ലെങ്കില്‍ വലിയ കുഴപ്പമില്ലായിരുന്നു,” ബിനു പപ്പു പറഞ്ഞു.
content highlight: actor Binu pappu about saudi vellakka