ലോക്ക്ഡൗണിന് ശേഷം ആദ്യം തിയേറ്ററുകളില്‍ എത്തിയ ഓപ്പറേഷന്‍ ജാവയിലെ ജോയ് എന്ന സൈബര്‍ സെല്‍ ഉദ്യോഗസ്ഥനായി എത്തി തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ് ബിനു പപ്പു.
യൂണിഫോമില്ലാതെ മുഴുനീള പൊലീസ് വേഷത്തില്‍ അഭിനയിക്കുന്ന ബിനു പപ്പുവിന്റെ ആദ്യ സിനിമ കൂടിയാണ് ഓപ്പറേഷന്‍ ജാവ. ബിനു പപ്പുവിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ വിജയ സിനിമയെന്ന് ഓപ്പറേഷന്‍ ജാവയെ പറയാം. ഇതിനൊപ്പം ഏറെ വൈകാരിക തലമുള്ള ഒരു കഥാപാത്രത്തെ തികഞ്ഞ കയ്യടക്കത്തോടെ അവതരിപ്പിക്കാനും ബിനു പപ്പുവിന് സാധിച്ചിട്ടുണ്ട്.
എന്നാല്‍ ഓപ്പറേഷന്‍ ജാവയില്‍ പൊലീസ് വേഷം ചെയ്യാന്‍ വിളിച്ചപ്പോള്‍ വേണ്ട എന്നായിരുന്നു തന്റെ തീരുമാനമെന്ന് പറയുകയാണ് ബിനു പപ്പു.
എട്ടു സിനിമയില്‍ പൊലീസ് വേഷത്തില്‍ അഭിനയിച്ചെന്നും സ്ഥിരം പൊലീസ് വേഷമാണല്ലോ എന്ന് കേട്ടുതുടങ്ങിയപ്പോള്‍ ക്ലീഷേയാകുമോയെന്ന് സ്വയം തോന്നിയെന്നും ബിനു പപ്പു പറയുന്നു. എന്നാല്‍ ഓപ്പറേഷന്‍ ജാവയില്‍ തനിക്ക് യൂണിഫോമില്ലെന്ന് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി പറയുകയായിരുന്നെന്നും ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ബിനു പപ്പു പറയുന്നു.
‘സഖാവിലാണ് ആദ്യമായി മുഴുനീള വേഷത്തില്‍ അഭിനയിക്കുന്നത്. ഫ്‌ളാഷ് ബാക്കില്‍ പൊലീസ് യൂണിഫോമില്‍ വരുന്നു. അമ്പിളിയില്‍ സൗബിന്റെ അച്ഛന്‍ ഗണപതി. ആള് പട്ടാളക്കാരന്‍. മമ്മൂട്ടിയുടെ പരോളില്‍ കാക്കി വേഷം. കഥാപാത്രം ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍. പുത്തന്‍ പണം, ഹെലന്‍, കല വിപ്ലവം പ്രണയം എന്നീ സിനിമയിലും പൊലീസ്. ലൂസിഫറില്‍ പൃഥ്വിരാജ് വിളിച്ചു. വകുപ്പ് മാറി. ജയിലറുടെ കാക്കിവേഷം.
എട്ടു സിനിമയില്‍ പൊലീസ് വേഷത്തില്‍ അഭിനയിച്ചു. സ്ഥിരം പൊലീസ് വേഷമാണല്ലോ എന്ന് കേട്ടുതുടങ്ങിയപ്പോള്‍ ക്ലീഷേയാകുമോയെന്ന് സ്വയം തോന്നി. എന്നാല്‍ തന്നെ തിരഞ്ഞു വിളിക്കുന്നതിന് കാരണം ഉണ്ടാകുമെന്ന് ഉറപ്പിച്ചു,’ ബിനു പപ്പു പറയുന്നു.
സുരാജ് വെഞ്ഞാറമൂടിന്റെയും ധ്യാന്‍ ശ്രീനിവാസന്റെയും ഹിഗ്വിറ്റ’യില്‍ സി.ഐ.ടി.യുനേതാവിന്റെ വേഷത്തിലാണ് ബിനു പപ്പു എത്തുന്നത്. ഐസ് ഒരതിയില്‍ റേഷന്‍ കടക്കാരനായാണ് എത്തുന്നത്.
ഇതിനൊപ്പം കുഞ്ചാക്കോ ബോബന്റെ ഭീമന്റെ വഴിയിലൂടെ എന്ന ചിത്രത്തില്‍ ആദ്യമായി കോമഡി കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ബിനു പപ്പു.
അച്ഛന്റെ അഡ്രസില്‍ ഇന്നേവരെ എവിടേയും കയറിപ്പറ്റാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും വരൂ, ഒന്നഭിനയിച്ചിട്ട് പോകൂ, പപ്പുവിന്റെ മകനല്ലേ എന്ന സ്‌നേഹത്തോടെയാണ് എല്ലാവരും വിളിക്കുന്നത് എന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും നേരത്തെ ബിനു പപ്പു പറഞ്ഞിരുന്നു. ഒരു സംവിധായകന്‍, തിരക്കഥാകൃത്ത് നമുക്കായൊരു വേഷം നീക്കിവെക്കുന്നുണ്ടെങ്കില്‍ അതിന് വ്യക്തമായ ഒരു ന്യായവും ഉള്‍ക്കാഴ്ചയും അവര്‍ക്കുണ്ടാകുമെന്നും ബിനു പറഞ്ഞിരുന്നു.
അച്ഛന്റെ കൂടെ പ്രവര്‍ത്തിച്ചവരെ കാണുമ്പോള്‍ അവര്‍ സ്നേഹത്തോടെ പെരുമാറാറുണ്ട്. മമ്മൂക്കയൊക്കെ ആ സ്നേഹം പ്രകടിപ്പിച്ചത് അനുഭവിച്ചപ്പോള്‍ സന്തോഷം തോന്നിയിട്ടുണ്ട്. അച്ഛന്റെ കാലത്തുള്ളവര്‍ പപ്പുച്ചേട്ടന്റെ മകന്‍ എന്ന് പറഞ്ഞ് ചേര്‍ത്തുനിര്‍ത്തുമ്പോള്‍ അദ്ദേഹത്തിനോടൊപ്പം അഭിനയിച്ചവരുടെ മക്കള്‍ പപ്പുവിന്റെ മകന്‍ എന്ന നിലയില്‍ നല്ല സൗഹൃദവും തരാറുണ്ട്.
എന്നാല്‍ അച്ഛന്റെ മകനല്ലേ ഇരിക്കട്ടെ എന്ന് പരിഗണിച്ചല്ല ആരും വേഷം തരുന്നത്. അങ്ങനെയുള്ള വേഷത്തില്‍ എനിക്കൊട്ട് താത്പര്യവുമില്ല. കാരണം എല്ലാ മേഖലയും പോലെയല്ല സിനിമ. നമ്മള്‍ ആ അഡ്രസില്‍ കയറിപ്പറ്റാന്‍ ശ്രമിച്ചാല്‍ ഒന്നോ രണ്ടോ തവണ ആളുകള്‍ ക്ഷമിക്കും. പിന്നെ പണിയറിയാത്തവനേയും കൊണ്ടുള്ള അധിക ബാധ്യത സ്വയം ഏറ്റെടുത്തതുപോലെയാവും.
അത് അച്ഛന്റെ ക്രഡിബിലിറ്റിയെയാണ് ബാധിക്കുക. അദ്ദേഹത്തിന്റെ
പേരിന് ഒരു കോട്ടവും തട്ടാന്‍ പാടില്ല. അതുകൊണ്ട് എന്റെ അഭിനയവും സിനിമയോടുള്ള ആത്മാര്‍ത്ഥതയും ബോധ്യപ്പെടുന്നവര്‍ വിളിക്കും. അവരോട് ഞാന്‍ സഹകരിക്കും’, എന്നായിരുന്നു ബിനു പപ്പു പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Actor Binu Pappu About Movie Operation Java