|

ഗംഭീരമായി ട്രോളുന്ന വ്യക്തിയാണ് അദ്ദേഹം, നമ്മളെ കേറി ഭരിക്കുന്ന ചേട്ടനല്ല മമ്മൂക്ക: ബിനു പപ്പു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമപ്രക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബിനു പപ്പു. മമ്മൂട്ടി തന്റെ സുഹൃത്തിനെപ്പോലെയുള്ള ചേട്ടനാണെന്ന് പറയുകയാണ് ബിനു പപ്പു. താന്‍ മമ്മൂക്കയെ കാണുന്നത് ഉത്തമനായ ആല്‍ഫ മെയിലായിട്ടാണെന്നും ഗംഭീരമായി അദ്ദേഹം ട്രോളുമെന്നും ബിനു പറഞ്ഞു. മൈല്‍ സ്റ്റോണ്‍ മേക്കേസിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടിയെക്കുറിച്ച് ബിനു പപ്പു പറഞ്ഞത്.

”മമ്മൂക്ക എനിക്കെന്റെ സ്വന്തം ചേട്ടനെപ്പോലെയാണ്. ചേട്ടന്‍ എന്നു പറയുമ്പോള്‍ നമ്മളെ കേറി ഭരിക്കുന്ന ചേട്ടനല്ല. സുഹൃത്തായി പെരുമാറുന്ന ചേട്ടനാണ് അദ്ദേഹം. എല്ലാവരോടും അങ്ങനെയാണെന്നാണ് ഞാന്‍ മനസിലാക്കിയത്.

ഒരുപാട് സിനിമകള്‍ ഞാന്‍ മമ്മൂക്കയുടെ കൂടെ ചെയ്തിട്ടുണ്ട്. വണ്ണില്‍ അദ്ദേഹത്തിന്റെ കൂടെ അസോസിയേറ്റായി വര്‍ക്ക് ചെയ്യാനും അതില്‍ അഭിനയിക്കാനും എനിക്ക് സാധിച്ചിട്ടുണ്ട്.

ഇടപെടുമ്പോള്‍ ആ ഒരു സ്വാതന്ത്ര്യമെല്ലാം അദ്ദേഹം നമുക്ക് തരുന്നുണ്ട്. എല്ലാവരും വിചാരിക്കുക ഭയങ്കര പേടിപ്പെടുത്തുന്ന ആളാണ് മമ്മൂക്കയെന്നാണ്. നമുക്ക് അദ്ദേഹത്തെ ട്രോളാം തമാശ പറയാം. മമ്മൂക്ക തിരിച്ച് ഗംഭീരമായി ട്രോളുകയും ചെയ്യും.

ഒരു വ്യക്തിയെന്ന നിലയില്‍ അദ്ദേഹം ഭയങ്കര അടിപൊളിയാണ്. ഞാന്‍ അദ്ദേഹത്തെ കാണുന്നത് പെര്‍ഫക്ട് ആല്‍ഫ മെയില്‍ എന്ന രീതിയിലാണ്. ദേഷ്യപ്പെടേണ്ട ഇടത്ത് ദേഷ്യപ്പെടുകയും തമാശ പറയേണ്ട ഇടത്ത് തമാശ പറയുകയും ചെയ്യുന്ന വ്യക്തിയാണ് മമ്മൂക്ക.

അങ്ങനെയാണ് മനുഷ്യന്‍മാര്‍ വേണ്ടത്. വെറുതെ നമ്മള്‍ എല്ലാവരോടും ചിരിച്ച് പറഞ്ഞിട്ട് കാര്യമില്ലല്ലോ. ഭയങ്കര രസമുള്ളൊരു മനുഷ്യനാണ് അദ്ദേഹം,” ബിനു പപ്പു പറഞ്ഞു.

നടനും സംവിധായകനുമായ സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന് ഭാരത സര്‍ക്കസാണ് ബിനു പപ്പുവിന്റെ പുതിയ ചിത്രം. ഷൈന്‍ ടോം ചാക്കോ, സംവിധായകന്‍ എം.എ. നിഷാദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും മുഹാദ് വെമ്പായത്തിന്റേതാണ്. സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, പ്രജോദ് കലാഭവന്‍, സുനില്‍ സുഖദ, ജയകൃഷ്ണന്‍, ഷാജു നവോദയ, ആരാധ്യ ആന്‍, മേഘാ തോമസ്, ആഭിജ, ദിവ്യാ നായര്‍, മീരാ നായര്‍, സരിത കുക്ക, അനു നായര്‍, ജോളി ചിറയത്ത്, ലാലി പി.എം. തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍.

content highlight: Actor binu pappu about mammootty