| Wednesday, 26th October 2022, 10:23 pm

ഭീമന്റെ വഴിയേക്കാള്‍ വൈറസിലെ ചാക്കോച്ചനെയാണ് ഭയങ്കര ഇഷ്ടം, ഡയലോഗ് എഴുതിയ പേപ്പര്‍ എല്ലാം ചുരുട്ടി അദ്ദേഹം അന്ന് അതാണ് ചോദിച്ചത്: ബിനു പപ്പു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വൈറസ് എന്ന സിനിമയില്‍ കുഞ്ചാക്കോ ബോബനോടൊപ്പം വര്‍ക്ക് ചെയ്ത അനുഭവം പങ്കുവെക്കുകയാണ് നടന്‍ ബിനു പപ്പു. ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടര്‍ ആയതുകൊണ്ട് മുഹ്‌സിന്‍ പരാരി തരുന്ന ഡയലോഗുകള്‍ കൂഞ്ചാക്കോ ബോബന് കൊടുത്തിരുന്നത് താനായിരുന്നെന്ന് ബിനു പറഞ്ഞു. ഭീമന്റെ വഴി എന്ന സിനിമയേക്കാള്‍ വൈറസിലാണ് എനിക്ക് അദ്ദേഹത്തെ ഇഷ്ടമെന്ന് നടന്‍ പറഞ്ഞു.

കാരവാനില്‍ ഇരുന്ന് അദ്ദേഹം എല്ലാം പഠിച്ച് സെറ്റാക്കി കൊണ്ട് നില്‍ക്കുമ്പോള്‍ താന്‍ വീണ്ടും ഒരു പേപ്പറും കൊണ്ട് ചെല്ലുമെന്നും അദ്ദേഹം പഠിച്ചതെല്ലാം മാറ്റി പുതിയത് പഠിക്കേണ്ടി വരുമെന്നും മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിനോട് പറഞ്ഞു.

”ചാക്കോച്ചന്‍ വളരെ ഡെഡിക്കേറ്റഡായിട്ടുള്ള ആളാണ്. ഭീമന്റെ വഴി എന്ന സിനിമയേക്കാള്‍ വൈറസിലാണ് എനിക്ക് ചാക്കോച്ചനെ ഭയങ്കര ഇഷ്ടം. കാരണം മാലപ്പടക്കം പോലെയുള്ള ഡയലോഗ്‌സ് എഴുതിവെച്ചിട്ട് എല്ലാം പറയേണ്ടി വരിക അദ്ദേഹമാണ്. കാരണം അതിലെ ഉറവിടം കണ്ടുപിടിക്കേണ്ട ഡോക്ടര്‍ അദ്ദേഹമാണ്.

മുഹ്‌സിന്‍ പരാരി രാത്രി രണ്ട് മണിക്കാണ് ഡയലോഗ് അയക്കുക. അപ്പോഴാണ് എന്റെ കയ്യില്‍ ഡയലോഗ് എത്തുകയുള്ളു. ഞാന്‍ ഇത് പ്രിന്റ് എടുത്ത് എല്ലാവര്‍ക്കും വാട്‌സ്ആപ്പ് ചെയ്യണം. കാരണം സിങ്ക് സൗണ്ടായിരുന്നു സിനിമ. അതുകൊണ്ട് ഡയലോഗ് പഠിച്ചിട്ട് വരണമായിരുന്നു.

അങ്ങനെ കാരവാനില്‍ ഇരുന്ന് അദ്ദേഹം എല്ലാം പഠിച്ച് സെറ്റാക്കി കൊണ്ട് നില്‍ക്കുമ്പോള്‍ ഞാന്‍ ഒരു പേപ്പറും കൊണ്ട് ചെല്ലും. ഡയലോഗ് ചെറുതായിട്ട് ഒന്ന് മാറ്റിയിട്ടുണ്ട് ചാക്കോച്ചാ എന്ന് പറയുമ്പോള്‍ എന്നെ ഒന്ന് നോക്കും എന്നിട്ട് ഇരുന്ന് വീണ്ടും പഠിക്കും. അതും പഠിച്ച് സെറ്റായി വരുമ്പോള്‍ ഞാന്‍ വീണ്ടും കൊണ്ടു കൊടുക്കും.

മൂന്നാമത്തെ തവണ ചെന്നപ്പോള്‍ എന്നെ ഒരു നോട്ടം നോക്കി. ഞാന്‍ പറഞ്ഞു പേടിക്കേണ്ട ഇത് അതിലേക്കുള്ള ആഡ് ഓണ്‍ ആണെന്ന്. അവസാനം ഇതെല്ലാം ചുരുട്ടി അദ്ദേഹം ഒരു വരുത്ത് വന്നിരുന്നു.

എന്നിട്ട് മുഹ്‌സിനെ നോക്കിട്ട് തനിക്ക് എന്നോടെന്തെങ്കിലും ദേഷ്യമുണ്ടോ എന്ന് ചോദിച്ചു. ചാക്കോച്ചന്‍ ഭയങ്കര ഫണ്‍ ലെവല്‍ പേഴ്‌സണാണ്. ഇപ്പോഴും ചുള്ളനായ അദ്ദേഹം അടിപൊളിയാണ്,” ബിനു പപ്പു പറഞ്ഞു.

content highlight: actor binu pappu about kunchakko boban

Latest Stories

We use cookies to give you the best possible experience. Learn more