തന്റെ അച്ഛനായ കുതിരവട്ടം പപ്പുവിനെ സിനിമകളിലൂടെയാണ് കൂടുതല്‍ കണ്ടിട്ടുള്ളതെന്ന് നടന്‍ ബിനു പപ്പു. അദ്ദേഹം വീട്ടില്‍ വരാറുള്ളത് കുറവായിരുന്നുവെന്നും പല ഇടത്തും അച്ഛന്റെ കൈ പിടിച്ച് പോകാന്‍ തനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നുവെന്നും ബിനു പപ്പു പറഞ്ഞു.
ഇന്ന് തനിക്ക് അച്ഛനെ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നും ജീവിതത്തില്‍ സക്‌സസ് ആയത് അദ്ദേഹത്തെ കാണിക്കാന്‍ കഴിഞ്ഞില്ലെന്നും ബിനു പപ്പു പറഞ്ഞു. ധന്യ വര്‍മയുമായുള്ള അഭിമുഖത്തിലാണ് ബിനു പപ്പു ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”അച്ഛന്‍ എന്ന വ്യക്തി എനിക്ക് സിനിമകളില്‍ മാത്രമാണ്. അദ്ദേഹം വീട്ടിലില്ല. പാരന്റ്‌സ് മീറ്റിങ്ങിന് അമ്മ, ചേച്ചി, ചേട്ടന്‍, ഇവരില്‍ ആരെങ്കിലുമാണ് വരിക. അച്ഛന്‍ വരില്ല, അദ്ദേഹം വരണമെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. അതെന്റെ മാത്രമല്ല, ചേട്ടനും ചേച്ചിക്കും ഇതേ പ്രശ്‌നമുണ്ടായിരുന്നു.
അച്ഛനെ പ്രസന്റ് ചെയ്യണമെന്ന് നമ്മള്‍ വിചാരിക്കുന്ന സ്ഥലത്തൊന്നും അദ്ദേഹത്തെ പ്രസന്റ് ചെയ്യാന്‍ പറ്റുന്നില്ല. അത്രയും ഫേമസായ ഒരാളെ കൊണ്ടുപോയി എല്ലാ ഇടത്തും പ്രസന്റ് ചെയ്യാനും പറ്റില്ലായിരുന്നു.
പക്ഷെ അദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെടുന്നതുകൊണ്ട് നമുക്കെല്ലായിടത്തും പ്രധാന്യമുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ കൈ പിടിച്ച് നമുക്ക് എവിടെയും ചെല്ലാന്‍ പറ്റുന്നില്ല.
അച്ഛനെ ഭയങ്കരമായിട്ട് മിസ് ചെയ്തിട്ടുണ്ട്. സിനിമ ഹിറ്റാവുമ്പോള്‍ വലിയ നടന്മാര്‍ വരെ എന്നെ വിളിച്ച് അഭിനന്ദിച്ചിരുന്നു. ഞാന്‍ അതെന്റെ റിലേറ്റീവ്‌സിനോടും ഫ്രണ്ട്‌സിനോടും ഷെയര്‍ ചെയ്യും. എന്നാല്‍ അച്ഛന്‍ എന്നൊരു പോയിന്റുണ്ട്.
ഞാന്‍ സക്‌സസില്‍ എത്തി നില്‍ക്കുന്നത് അദ്ദേഹത്തെ എനിക്ക് കാണിക്കാന്‍ കഴിയുന്നില്ലല്ലോ. ആ വിഷമം എന്റെ കൂടെ എപ്പോഴുമുണ്ട്. ഇപ്പോള്‍ അദ്ദേഹത്തെ ഒരുപാട് മിസ് ചെയ്യുന്നു,” ബിനു പപ്പു പറഞ്ഞു.
content highlight: actor binu pappu about his father kuthiravattam pappu