| Thursday, 20th May 2021, 4:37 pm

ഒന്ന് അഭിനയിച്ച് കുളമായാല്‍ എനിക്ക് ഇത് പറ്റിയ പണിയല്ലെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താമല്ലോ എന്ന ചിന്തയായിരുന്നു; ബിനു പപ്പു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന മേഖലയാണ് സിനിമയെന്ന് കുട്ടിക്കാലത്ത് തിരിച്ചറിഞ്ഞിരുന്നന്നും അതിനാല്‍ തന്നെ സിനിമയില്‍ വരാന്‍ ഒരിക്കല്‍ പോലും ആഗ്രഹിച്ചിരുന്നില്ലെന്നും പറയുകയാണ് നടന്‍ ബിനു പപ്പു. എന്നാല്‍ സിനിമക്കാരേയും സിനിമ കാണുന്നതും എല്ലാം ഇഷ്ടമായിരുന്നെന്നും ബിനു പപ്പു പറയുന്നു.

പ്രീഡിഗ്രി ഒന്നാം വര്‍ഷം പഠിക്കുമ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. ഡിഗ്രി പഠനം കഴിഞ്ഞ് ബെംഗളൂരുവില്‍ അനിമേഷന്‍ കോഴ്‌സിന് ചേര്‍ന്നു. 17 വര്‍ഷം അനിമേറ്റര്‍.

അച്ഛന്‍ മരിച്ച് പതിമൂന്നു വര്‍ഷം കഴിഞ്ഞാണ് സിനിമയില്‍ അഭിനയിക്കുന്നത്. എന്നാല്‍ അച്ഛന്റെ മകനായാണ് സിനിമയില്‍ ആദ്യം അഭിനയിക്കുന്നത്. കൗശലം സിനിമയുടെ ലൊക്കേഷനില്‍ അച്ഛന്‍ കൊണ്ടുപോയതാണ്. അഭിനയിക്കേണ്ട കുട്ടി വന്നില്ല. അച്ഛന്‍ കയറിവരുമ്പോള്‍ ടി.വികാണുന്ന കുട്ടിയുടെ വേഷം അവതരിപ്പിച്ചു.

ഏയ് ഓട്ടോയില്‍ സംവിധാനം വേണു നാഗവള്ളി എന്ന പേര് തെളിയുമ്പോള്‍ ലാലേട്ടന്റെ ഓട്ടോറിക്ഷയില്‍ നിന്ന് ആദ്യം ഇറങ്ങുന്ന കുട്ടി ഞാനാണ്. ‘ഏകലവ്യനില്‍ ഹോട്ടല്‍ സാഗരയുടെ മുന്നില്‍ കരഞ്ഞു നില്‍ക്കുന്ന കുട്ടിയും ഞാനാണ്.

അച്ഛന്റെ അക്ഷര തിയേറ്റേഴ്‌സിന്റെ നാടകത്തില്‍ കോളേജ് അവധിക്കാലത്ത് അഭിനയിക്കാന്‍ പോവുമായിരുന്നു. അനിമേറ്ററുടെ ജോലി മെച്ചപ്പെടുത്താന്‍ സിനിമയുടെ ഫ്രെയിം അറിയുന്നത് നല്ലതാണെന്ന് അറിഞ്ഞപ്പോള്‍ സഹസംവിധായകനാകാന്‍ ആഗ്രഹം തോന്നി. താരങ്ങളുടെ മക്കളെല്ലാം സിനിമയില്‍, നീ എന്താ അഭിനയിക്കാത്തതെന്ന് ആ സമയത്ത് കൂടുതലായി കേട്ടു.

ഒന്ന് അഭിനയിച്ച് കുളമായാല്‍ എനിക്ക് ഇത് പറ്റിയ പണിയല്ലെന്ന് മറ്റുള്ളവര്‍ക്ക് ബോദ്ധ്യപ്പെടുമ്പോള്‍ ആ ചോദ്യം പിന്നെ ഉണ്ടാവില്ല, ആ ധാരണയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചു. ഒരുപാട് താരങ്ങളുടെ മക്കള്‍ അഭിനയിച്ച ഗുണ്ട ആണ് ആദ്യ സിനിമ. അപ്രതീക്ഷിതമായി ആഷിഖ് അബുവിന്റെ ഗ്യാങ്സ്റ്ററില്‍ അവസരം ലഭിച്ചു.

ഷൂട്ട് കഴിഞ്ഞ് ഇറങ്ങുമ്പോള്‍ വിളിക്കാമെന്ന് ആഷിഖേട്ടന്‍. ഒരു വര്‍ഷം കഴിഞ്ഞ് റാണി പത്മിനിയില്‍ അഭിനയിക്കാന്‍ വിളിച്ചു. അടുത്ത സിനിമയി ല്‍ അസിസ്റ്റ് ചെയ്‌തോട്ടെയെന്ന് പാക്കപ്പ് ദിവസം ചോദിച്ചു. മായാനദിയില്‍ ആഷിഖേട്ടന്റെ ശിഷ്യന്‍. ഗപ്പി, അമ്പിളി, വൈറസ്, ഹലാല്‍ ലൗവ്‌സ്റ്റോറി, വണ്‍ എന്നീ സിനിമകളില്‍ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു.

സിനിമയില്‍ എത്തി രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ ജോലി ഉപേക്ഷിച്ചു. ആഷിഖേട്ടന്റെ നാരദനില്‍ പ്രീ പ്രൊഡക്ഷന്‍ ചെയ്യുമ്പോഴാണ് ഭീമന്റെ വഴിയില്‍ അഭിനയിക്കാന്‍ വിളിക്കുന്നത്. കോമഡി ചെയ്തു ഗംഭീരമാക്കിയ ആളാണ് അച്ഛന്‍. ഇപ്പോഴാണ് എനിക്ക് വിളി വരുന്നത്. ഇനി പൂര്‍ണമായി അഭിനയ രംഗത്ത് തുടരാണ് തീരുമാനം. അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച വര്‍ഷമാണിത്, ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ബിനു പപ്പു പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Binu Pappu About his Cinema Career

We use cookies to give you the best possible experience. Learn more