| Wednesday, 12th April 2023, 5:22 pm

നടക്കാന്‍ പോലും വയ്യാത്ത അച്ഛനെ മമ്മൂക്ക സ്വന്തം വണ്ടിയില്‍ വന്ന് ആ സിനിമക്ക് വേണ്ടി കൂട്ടികൊണ്ടുപോയി: ബിനു പപ്പു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുതിരവട്ടം പപ്പുവിന് മരിക്കുന്നത് വരെ അഭിനയത്തോടുള്ള ഇഷ്ടവും ആഗ്രഹവും പോയിട്ടില്ലായിരുന്നുവെന്ന് ബിനു പപ്പു. ഒരാള്‍ നൂറുശതമാനം ഡെഡിക്കേറ്റഡ് ആവുകയെന്നതിന് ഉദാഹരണമായിരുന്നു തന്റെ അച്ഛനെന്നും ബിനു പപ്പു പറഞ്ഞു.

അദ്ദേഹം അവസാന നാളുകളില്‍ അഭിനയിച്ച പല്ലാവൂര്‍ ദേവനാരായണന്‍ എന്ന ചിത്രത്തിന് വേണ്ടി സെറ്റിലേക്ക് സ്വന്തം വണ്ടിയില്‍ എത്തി മമ്മൂട്ടി തന്നെയായിരുന്നു കുതിരവട്ടം പപ്പുവിനെ കൊണ്ടുപോയിരുന്നതും തിരികെ കൊണ്ടുവന്നിരുന്നതെന്നും ബിനു പപ്പു പറഞ്ഞു. പോപ്പര്‍സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”അച്ഛന്റെ ജീവിതം സിനിമയും നാടകവുമായിരുന്നു. മരിക്കുന്നതുവരെ അഭിനയിക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. അതിനപ്പുറത്തേക്ക് ഒന്നുമുണ്ടായിരുന്നില്ല. നാടകം കഴിഞ്ഞതിന് ശേഷം പിന്നെ സിനിമയായിരുന്നു അച്ഛന്റെ ജീവിതം.

എങ്ങനെയാണ് ഒരാള്‍ നൂറുശതമാനം ഡെഡിക്കേറ്റഡ് ആവുകയെന്നതിന് ഉദാഹരണമായിരുന്നു അച്ഛന്‍. ഞാന്‍ സിനിമയിലെത്തണമെന്നൊന്നും അച്ഛന്‍ ആഗ്രഹിച്ചിട്ടില്ല. കാരണം ഞങ്ങള്‍ പഠിക്കുക, ജോലി കണ്ടെത്തുക അതായിരുന്നു അച്ഛന് താല്‍പര്യം.

ഏത് മേഖലയാണോ ഞങ്ങള്‍ക്കിഷ്ടം ആ മേഖലയിലേക്ക് പോവുകയെന്നതായിരുന്നു അച്ഛന്റെയും ഇഷ്ടം. അല്ലാതെ ഞങ്ങള്‍ സിനിമയിലേക്ക് വരണം എന്ന ആഗ്രഹമൊന്നും അദ്ദേഹത്തിനില്ലായിരുന്നു.

മരിക്കുന്നത് വരെ അച്ഛന് അഭിനയിച്ച് മതിയായിട്ടില്ലായിരുന്നു. സുഖമില്ലാതെ കിടന്നിരുന്ന സമയത്ത് പല സിനിമകളിലേക്കും വന്ന ഓഫര്‍ കോളുകള്‍ ഞങ്ങള്‍ അച്ഛന്‍ കേള്‍ക്കാതെ കട്ട് ചെയ്യുമായിരുന്നു. അച്ഛന് നടക്കാന്‍ പോലും വയ്യാത്ത സമയത്തും അച്ഛന് അഭിനയിക്കാനുള്ള ആഗ്രഹമായിരുന്നു.

അങ്ങനെയാണ് പല്ലാവൂര്‍ ദേവനാരായണന്‍, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, ചന്ദ്രനുദിക്കുന്ന ദിക്കില്‍ പോലുള്ള സിനിമകളില്‍ അദ്ദേഹം അഭിനയിച്ചത്. പല്ലാവൂര്‍ ദേവനാരായണനില്‍ അഭിനയിക്കുന്ന സമയത്ത് മമ്മൂക്ക സ്വന്തം വണ്ടിയില്‍ വന്ന് അച്ഛനെ സെറ്റിലേക്ക് കൂട്ടികൊണ്ടുപോകും. പുള്ളിയാണ് അച്ഛനെ ഹോട്ടലില്‍ തിരികെ കൊണ്ടുപോയി ആക്കിയിരുന്നതും,” ബിനു പപ്പു പറഞ്ഞു.

content highlight: actor binu pappu about hid father kuthiravattam

Latest Stories

We use cookies to give you the best possible experience. Learn more