| Friday, 31st March 2023, 9:56 am

സിനിമയെല്ലാം വിട്ടിട്ട് പോവാന്‍ തീരുമാനിച്ചു, ഇതില്‍ നിന്നും ഒരു കരകയറ്റം ബുദ്ധിമുട്ടായിരിക്കും: ബിനു പപ്പു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമ അഭിനയം നിര്‍ത്തിപ്പോവാന്‍ തോന്നിയിട്ടുണ്ടെന്ന് നടന്‍ ബിനു പപ്പു. തുടര്‍ച്ചയായി പൊലീസ് വേഷങ്ങള്‍ മാത്രം കിട്ടിതുടങ്ങിയപ്പോഴാണ് അത്തരത്തില്‍ ചിന്തിച്ചതെന്നും ബിനു പപ്പു പറഞ്ഞു.

ജോലി ഉപേക്ഷിച്ച് സിനിമയിലേക്ക് പൂര്‍ണമായും കേന്ദ്രീകരിച്ചപ്പോഴാണ് തന്റെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്നും ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് അതില്‍ നിന്നും ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തിലാണ് ബിനു പപ്പു ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”അഭിനയം തീരെ എളുപ്പമുള്ള പണിയല്ല. സിനിമ എല്ലാം ഇട്ടിട്ട് പോവണമെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. എ.ഡി പണി (അസിസ്റ്റന്റ് ഡയറക്ടര്‍) എനിക്ക് ഭയങ്കര ഇഷ്ടമുള്ള വര്‍ക്കാണ്. അത് ഉപേക്ഷിച്ച് പോവാന്‍ തോന്നിയിട്ടില്ല.

പിന്നെയും കുറേക്കാലം പൊലീസ് വേഷങ്ങള്‍ മാത്രം കിട്ടി തുടര്‍ന്നപ്പോള്‍ ഇതില്‍ നിന്നും ഒരു കരകയറ്റം ബുദ്ധിമുട്ടായിരിക്കുമെന്ന് ഞാന്‍ ചിന്തിച്ചു. കാരണം ആരെങ്കിലും മാറി വിളിക്കണ്ടെ. മാറി വിളിക്കാതെ ഇതില്‍ നിന്നും ഒരു കരകയറ്റം ഉണ്ടാവില്ലാല്ലോ.

2019 -2020 ല്‍ സിനിമ അഭിനയം നിര്‍ത്തിയാലോയെന്ന് ഞാന്‍ ചിന്തിച്ചു. ആഷിഖേട്ടന്‍, മുഹ്‌സിന്‍ തുടങ്ങിയവരോടൊക്കെ ഇതിനെക്കുറിച്ച് ഞാന്‍ ഡിസ്‌കസും ചെയ്തു. അതിന് ശേഷമാണ് ഞാന്‍ എ.ഡി പണി നിര്‍ത്തിയത്. ഞാന്‍ ഇപ്പോള്‍ അത് ചെയ്യാറില്ല. ഏതെങ്കിലും ഒന്നിലേക്ക് പോകണം. ഇല്ലാതെ ഇത് ശരിയാവില്ലെന്ന് തോന്നി.

കല്യാണം കഴിഞ്ഞ സമയത്താണ് ഫസ്റ്റ് സിനിമയിലേക്ക് എന്നെ വിളിക്കുന്നത്. ആദ്യം തന്നെ സിനിമയിലേക്കില്ലെന്നാണ് ഞാന്‍ പറഞ്ഞത്. അപ്പോള്‍ എനിക്ക് നല്ല ജോലിയുണ്ടായിരുന്നു. ശമ്പളമുണ്ട്, എന്നും വീട്ടില്‍ വരും, സിനിമ നടന്‍ എന്ന ഫേയിം പോലുമില്ല.

പിന്നെയും സിനിമയിലേക്ക് അവര്‍ വിളിച്ചോണ്ടിരുന്നു. പാര്‍ട്ണര്‍ ബാക്കി സുഹൃത്തുക്കളും എല്ലാവരും എന്നോട് പറഞ്ഞു ഒന്ന് അഭിനയിച്ചു നോക്കൂയെന്ന്. അങ്ങനെയാണ് പോയി അഭിനയിക്കുന്നത്. പിന്നെ സിനിമയിലേക്ക് അറ്റാച്ച്ഡായി.

ജോലി ഉപേക്ഷിച്ച് പൂര്‍ണമായും ശ്രദ്ധകേന്ദ്രീകരിച്ചു. അവിടെ നിന്നാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. എല്ലാ മാസം അവസാനവും അതുവരെ എന്റെ ബാങ്കില്‍ പണം ഉണ്ടാകുമായിരുന്നു. എന്നാല്‍ ജോലി ഉപേക്ഷിച്ചപ്പോള്‍ ഇനി അങ്ങോട്ടേക്ക് എന്ത് എന്ന ചോദ്യമായി. അവിടെ നിന്നാണ് ഇന്നത്തെ നിലയിലേക്ക് എത്തി നില്‍ക്കുന്നത്,” ബിനു പപ്പു പറഞ്ഞു.

content highlight: actor binu  pappu about film

We use cookies to give you the best possible experience. Learn more