തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് സൗദി വെള്ളക്ക. ചിത്രത്തിലെ പ്രധാന കഥാപാത്രമാണ് ആയിഷ റാവുത്തര്‍. ദേവി വര്‍മയാണ് ആയിഷ റാവുത്തറായി ചിത്രത്തിലെത്തിയത്. അഭിനയത്തില്‍ യാതൊരു മുന്‍ പരിചയവുമില്ലാതെയാണ് ദേവി വര്‍മ സൗദി വെള്ളക്കയില്‍ മികച്ച പ്രകടനം നടത്തി പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയത്.
ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് ദേവി വര്‍മ പെട്ടെന്ന് തല ചുറ്റി വീണ് ഗുരുതരാവസ്ഥയിലായതിനെക്കുറിച്ച് പറയുകയാണ് ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടറും അഭിനേതാവുമായ ബിനു പപ്പു.
കോടതിയില്‍ തലചുറ്റി വീഴുന്ന സീന്‍ എടുക്കുമ്പോള്‍ അതില്‍ ദേവി വര്‍മക്ക് ശരിക്കും തലചുറ്റിയിരുന്നുവെന്നും ഒരു ദിവസം കാരവനില്‍ കിടന്ന അവര്‍ വിളിച്ചിട്ട് മിണ്ടിയില്ലെന്നും പെട്ടെന്ന് ഹോസ്പിറ്റലില്‍ എത്തിച്ചത് കൊണ്ടുമാത്രമാണ് രക്ഷിക്കാനായതെന്നും ബിനു പപ്പു പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് ബിനു ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”ഒരു ദിവസം അമ്മ ഞങ്ങളെ നന്നായി പേടിപ്പിച്ചു. കോടതിയില്‍ തല ചുറ്റി വീഴുന്ന സീന്‍ എടുക്കുമ്പോഴാണ് പേടിച്ചു പോയത്. ക്യാമറയൊക്കെ സെറ്റാക്കിയപ്പോള്‍ ഞാന്‍ അമ്മയോട് പറഞ്ഞു സാരിയെടുത്തു മുഖം തുടച്ചോളൂയെന്ന്.
സാരി എടുത്ത് മുഖം തുടച്ച ശേഷം കണ്ണ് ചിമ്മുന്നത് പോലെ ചെയ്തു. രണ്ടാമതും അമ്മ വല്ലാതെ അങ്ങനെ ചെയ്യുന്നത് കണ്ടപ്പോള്‍ എനിക്ക് ഭയങ്കര നാച്ചുറലായി തോന്നി. അത് കഴിഞ്ഞ് കട്ട് വിളിച്ചു. തരുണ്‍ മോണിറ്ററില്‍ ഷോട്ട് നോക്കി കൊണ്ടിരിക്കുമ്പോള്‍ കസേരയില്‍ അമ്മ ഇരിക്കുകയായിരുന്നു. ശരിക്കും തല ചുറ്റിയൊ എന്ന് ഞാന്‍ ചോദിച്ചു. അപ്പോഴാണ് എന്നോട് ശരിക്കും ചുറ്റിയതാണെന്ന് പറഞ്ഞത്.
എന്താണ് പറയാത്തത് എന്ന് ചോദിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ബുദ്ധിമുട്ടാകുമെന്ന് വിചാരിച്ചിട്ടാണെന്ന് പറഞ്ഞു. അതുപോലെ ഒരു ദിവസം കാരവനില്‍ ബോധം കെട്ട് വീണു. അമ്മയെ നോക്കുന്ന ഒരു പെണ്‍കുട്ടി ഉണ്ട്. അവര്‍ ഓടി വന്ന് പറഞ്ഞത് അമ്മ വിളിച്ചിട്ട് എഴുന്നേല്‍ക്കുന്നില്ലെന്നാണ്.
ഞങ്ങള്‍ ആകെ നിന്ന നില്‍പ്പില്‍ ഇല്ലാണ്ടായി എന്ന് പറയാം. ഞങ്ങള്‍ ഓടി ചെന്നപ്പോള്‍ അമ്മ മിണ്ടുന്നില്ല. പൊന്നുപോലെ നോക്കാമെന്ന് പറഞ്ഞിട്ടാണ് സിനിമക്ക് വേണ്ടി അമ്മയെ വിട്ട് തന്നത്.
കാരവനില്‍ നിന്നും കാറില്‍ കയറ്റി അമ്മയെ ഹോസ്പിറ്റലില്‍ കൊണ്ടുപോയി. പോകുന്ന വഴി റോഡ് ബ്ലോക്കായി. ഞങ്ങള്‍ ഒരുപാട് കഷ്ടപ്പെട്ട് റോഡിലിറങ്ങി ബ്ലോക്ക് മാറ്റി ഹോസ്പിറ്റലില്‍ എത്തിച്ചപ്പോള്‍ ഡോക്ടര്‍ പറഞ്ഞത് കുറച്ച് സമയം കൂടെ വൈകിയിരുന്നെങ്കില്‍ സ്ഥിതി ഗുരുതരമാവുമായിരുന്നുവെന്നാണ്,” ബിനു പപ്പു പറഞ്ഞു.
ഡിസംബര്‍ രണ്ടിനാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. നില്‍ജ, ലുക്മാന്‍, സുജിത്ത് ശങ്കര്‍, ഗോകുലന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ട്. മികച്ച പ്രതികരണമാണ് സൗദി വെള്ളക്കക്ക് ലഭിക്കുന്നത്.
content highlight: actor binu pappu about devi varma and saudi vellakka