നവാഗതനായ ഇര്‍ഷാദ് പെരാരി സംവിധാനം ചെയ്യുന്ന ചിത്രമാണ് അയല്‍വാശി. കോമഡി ഴോണറില്‍ കഥ പറയുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ബിനു പപ്പു, നിഖില വിമല്‍, ലിജോ മോള്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ബിനു പപ്പു.
ചിത്രത്തിലെ തന്റെ കഥാപാത്രമായ ബെന്നിയെ കുറിച്ചും പ്രേക്ഷകര്‍ വിചാരിക്കുന്നത് പോലെയുള്ള ഒരു കഥയല്ല അയള്‍വാശിയുടേതെന്നും അദ്ദേഹം പറഞ്ഞു. പ്രണയവും അവിഹിതവുമൊന്നുമല്ല സിനിമയുടെ വിഷയമെന്നും ഇതുവരെ സിനിമയിലൊന്നും വരാത്ത പുതിയ പ്രശ്‌നത്തെയാണ് അയല്‍വാശിയില്‍ അവതരിപ്പിക്കുന്നതെന്നും കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ബിനു പപ്പു പറഞ്ഞു.
‘സിനിമയിലെ എന്റെ കഥാപാത്രത്തിന്റെ പേര് ബെന്നി എന്നാണ്. നിങ്ങള്‍ വിചാരിക്കുന്നത് പോലെയുള്ള കഥയൊന്നുമല്ല സിനിമയുടേത്. അയല്‍വാശിയെന്ന് കേള്‍ക്കുമ്പോള്‍ എല്ലാവരും കരുതും അതിര്‍ത്തി തര്‍ക്കമൊക്കെയായിരിക്കും കഥയെന്ന്. എന്നാല്‍ അതൊന്നുമല്ല കഥ. അതൊന്നുമല്ലാത്ത ഒരു കാര്യമാണ്. അതായത് പ്രണയം, അവിഹിതം അങ്ങനെ ഒന്നുമല്ല.
അത് എന്താണെന്ന് നിങ്ങള്‍ തിയേറ്ററില്‍ തന്നെ പോയിട്ട് കണ്ടുപിടിക്കണം. ഇതിന് മുമ്പ് സിനിമയിലൊന്നും ഇങ്ങനത്തെ ഒരു പ്രശ്‌നം വന്നിട്ടില്ല. ശരിക്കും സിനിമയില്‍ ഇതൊരു പുതിയ പ്രശ്‌നമാണ്. അതിന്റെ ആഴവും പരപ്പുമൊക്കെ നമുക്ക് തിയേറ്ററില്‍ നിന്നും കിട്ടും. ട്രെയ്‌ലറൊക്കെ കണ്ടപ്പോള്‍ മനസിലായി കാണുമായിരിക്കുമല്ലോ.
എന്നോട് ഒരാള്‍ ചോദിച്ചിരുന്നു ഇത് നടക്കുന്നത് മലബാറില്‍ അല്ലേ എന്ന്. അപ്പോള്‍ ഞാന്‍ ചോദിച്ചു, ചൂയിങ്കം എന്ന പാട്ട് കണ്ടിട്ടില്ലേ എന്ന്. കാരണം ഈരാറ്റുപേട്ടയിലുള്ള എല്ലാ സ്ഥലത്തിന്റെ പേരും ആ പാട്ടില്‍ പറയുന്നുണ്ട്,’ ബിനു പപ്പു പറഞ്ഞു.
content highlight: actor binu pappu about ayavaashi movie