'ഞാന്‍ മേനോനല്ല, ഞാനും ഒരു മനുഷ്യനാണ്'; നടന്‍ ബിനീഷ് ബാസ്റ്റിന്റെ പ്രസംഗത്തിന്റെ പൂര്‍ണരൂപം
പാലക്കാട്: മൂന്നാംകിട നടനൊപ്പം വേദി പങ്കിടില്ലെന്നു പറഞ്ഞ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്റെ അധിക്ഷേപത്തിനെതിരെ നടന്‍ ബിനീഷ് ബാസ്റ്റിന്‍ പ്രതിഷേധിച്ചത് ഏറെ ചര്‍ച്ചയായിരിക്കുകയാണ്. സ്റ്റേജില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചതിനു ശേഷം അല്‍പ്പനേരം സംസാരിച്ച് പരിപാടിക്ക് ആശംസകള്‍ നേര്‍ന്നാണ് ബിനീഷ് അവിടം വിട്ടത്. ബിനീഷിന്റെ വാക്കുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ആയിരങ്ങളാണ് ഏറ്റെടുത്തിരിക്കുന്നത്.
സംഭവം നടന്ന പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കോളേജ് ഡേ പരിപാടിയുടെ സ്റ്റേജില്‍ ബിനീഷ് ബാസ്റ്റിന്‍ നടത്തിയ പ്രസംഗം ഇങ്ങനെയാണ്:
‘എന്നെ ഇഷ്ടപ്പെടുന്ന സുഹൃത്തുക്കളാണ് ഇവിടെയുള്ളതെന്ന് എനിക്കറിയാം. എന്റെ ജീവിതത്തിലെ ഏറ്റവും വലിയൊരു ഇന്‍സള്‍ട്ട് നടന്നൊരു ദിവസമാണിത്. ഗസ്റ്റായിട്ട് വിളിച്ചിട്ട് ഞാന്‍ എന്റെ സ്വന്തം കാശുകൊണ്ടു വന്നതാ.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഒരുമണിക്കൂര്‍ മുന്‍പ് നിങ്ങളുടെ ചെയര്‍മാന്‍ എന്റെ റൂമില്‍ വന്നിട്ടുപറഞ്ഞു, അനിലേട്ടനാണ് ഗസ്റ്റായിട്ടുള്ളതെന്ന്. അനിലേട്ടന് ഈ സാധാരണക്കാരനായിട്ടുള്ള എന്നെ ഗസ്റ്റായിട്ട് വിളിച്ചതുകൊണ്ട് ഈ സ്റ്റേജിലോട്ട് കയറില്ല. അവനോട് ഇവിടെ വരരുത്, അവനെന്റെ പടത്തില്‍ ചാന്‍സ് ചോദിച്ചയാളാണെന്ന്.
ഞാന്‍ മേനോനല്ല. ഞാന്‍ നാഷണല്‍ അവാര്‍ഡ് മേടിക്കാത്ത ഒരാളാണ്. ശരിക്കും എനിക്കു ഭയങ്കര സങ്കടമുണ്ട്. എന്റെ ലൈഫില്‍ത്തന്നെ ഏറ്റവും സങ്കടമുള്ള ദിവസമാണിത്. ഇങ്ങനെയൊക്കെ ഒരു വ്യക്തിയോടും കാണിക്കാന്‍ പാടില്ല.
ശരിക്കും ഞാന്‍ ടൈല്‍സിന്റെ പണിയെടുത്തു ജീവിച്ച് 10-12 വര്‍ഷക്കാലം എല്ലാ നടന്മാരുടെയും ഇടിയും കൊണ്ട് എണ്‍പതോളം പടങ്ങള്‍ ചെയ്ത് വിജയ് സാറിന്റെ തെരി എന്ന സിനിമയിലൂടെ ചെറിയൊരു സ്ഥാനക്കയറ്റം കിട്ടിയ ആളാണ്.
ഞാന്‍ ആദ്യമായിട്ടല്ല കോളേജില്‍ പോകുന്നത്. 120-ഓളം കോളേജുകളില്‍ ഗസ്റ്റായിട്ടു പോയിട്ടുണ്ട്. എന്റെ ലൈഫില്‍ ആദ്യമായിട്ടാണ് ഇങ്ങനെയൊരു ഇന്‍സിഡെന്റ് ഞാന്‍ കാണുന്നത്. എന്റെ ജീവിതത്തിലെ മറക്കാന്‍ പറ്റാത്തൊരു ഇന്‍സള്‍ട്ടിങ്ങാണ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഞാനൊരു കാര്യം എഴുതിക്കൊണ്ടു വന്നിട്ടുണ്ട്. എനിക്കു വിദ്യാഭ്യാസം ഇല്ലാത്തതുകൊണ്ടാണ് എഴുതിക്കൊണ്ടുവന്നിരിക്കുന്നത്. മതമല്ല, മതമല്ല പ്രശ്നം. എരിയുന്ന വയറിന്റെ തീയാണ് പ്രശ്നം. ഏത് മതക്കാരനെന്നല്ല പ്രശ്നം. എങ്ങനെ ജീവിക്കും എന്നതാണു പ്രശ്നം. ഞാനും ജീവിക്കാന്‍ വേണ്ടി നടക്കുന്നവനാണ്. ഞാനും ഒരു മനുഷ്യനാണ്.’
ഞാന്‍ പോകുകയാണ് കേട്ടോ. ക്ഷമിക്കണം നിങ്ങള്‍. ഞാന്‍ വിദ്യാഭ്യാസം ഇല്ലാത്തയാളാണ്. എന്റെ ലൈഫില്‍ ഏറ്റവും ഇന്‍സള്‍ട്ട് നടന്ന ദിവസമാണിന്ന്. എന്താ പറയേണ്ടത് എന്നെനിക്കറിയില്ല. താങ്ക്യൂ. നന്നായിട്ടു വരട്ടെ. നിങ്ങളുടെ പരിപാടി അടിപൊളിയായിട്ടു വരട്ടെ. എല്ലാവിധ ആശംസകളും ഞാന്‍ നേരുന്നു. താങ്ക്യൂ.’
ഇത്രയും പറഞ്ഞശേഷം വിതുമ്പിക്കൊണ്ടാണ് അദ്ദേഹം സ്റ്റേജ് വിട്ടത്. പോകാന്‍ നേരം വിദ്യാര്‍ഥികള്‍ കൈയ്യടിച്ചാണ് അദ്ദേഹത്തെ യാത്രയാക്കിയത്.